24 January 2026, Saturday

Related news

January 24, 2026
January 24, 2026
January 24, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026

വന്യജീവി ആക്രമണം: ‘കൊല്ലുന്ന’ നടപടിക്രമങ്ങള്‍ക്ക് അന്ത്യമാകും

ആര്‍ സുമേഷ് 
തിരുവനന്തപുരം
September 13, 2025 8:56 pm

വാസസ്ഥലങ്ങളിലിറങ്ങുന്ന ഏതെങ്കിലും വന്യമൃഗം ജനങ്ങളെ ആക്രമിച്ച് പരിക്കേൽപ്പിച്ചാൽ ആ മൃഗത്തെ കൊല്ലുന്നതിനെക്കാള്‍ സങ്കീര്‍ണമാണ് 1972ലെ കേന്ദ്രനിയമത്തിലെ നടപടിക്രമങ്ങള്‍. ഈ മൃഗങ്ങളെ അടിയന്തരമായി കൊല്ലാൻ ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന കരട് ബില്ല് ഈ സങ്കീര്‍ണതകളെല്ലാം ലഘൂകരിക്കുന്നതാണ്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ഷെഡ്യൂളുകൾ ഒന്നും രണ്ടിലും ഉള്‍പ്പെടുന്ന വന്യമൃഗങ്ങളെ വേട്ടയാടുന്നതിന് കർശന വിലക്കുണ്ട്. എന്നാൽ ഈ നിയമത്തിലെ തന്നെ സെക്ഷൻ 11, സെക്ഷൻ 62, സെക്ഷൻ 12 എന്നിവ പ്രകാരം ഇളവും ഉണ്ട്.

സെക്ഷൻ 11ൽ പറയുന്നത് ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട വന്യമഗങ്ങളായ ആന, കടുവ, പുലി, മാൻ, കുരങ്ങ്, മയിൽ തുടങ്ങിയവയെ കൊല്ലണമെങ്കിൽ ഇവ മനുഷ്യജീവന് ഹാനികരമാണെന്നോ ഗുരുതര രോഗമുള്ളതാണെന്നോ അംഗവൈകല്യം ഉള്ളതാണെന്നോ സംസ്ഥാനത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡന് ബോധ്യപ്പെടണമെന്നാണ്. ഇവയെ പിടികൂടാനോ മറ്റിടങ്ങളിലേക്ക് മാറ്റിയോ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെടുത്തുകയും വേണം. ഇനി മൃഗങ്ങളെ പിടിച്ചാല്‍ തന്നെ തടവിൽ സൂക്ഷിക്കാനാവില്ല. കാട്ടിൽ പുനരധിവസിപ്പിക്കാനാകില്ലെന്ന് ബോധ്യപ്പെട്ടാലേ തടവിൽ സൂക്ഷിക്കാവൂ. ഇവയ്ക്കെല്ലാം വ്യക്തമായ തെളിവും ഹാജരാക്കിയ ശേഷമേ മൃഗത്തെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവിടാനാകൂ.

എന്നാല്‍ നാട്ടിലെത്തുന്ന വന്യമൃഗങ്ങളെ കൊല്ലുന്നത് അത്ര എളുപ്പമല്ല. കേന്ദ്ര സർക്കാരും നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയും പുറപ്പെടുവിച്ച, ജനവാസ മേഖലകളിൽ എത്തുന്ന കടുവകളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് വിശദീകരിക്കുന്ന സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീഡിയർ (എസ്ഒപി), കാട്ടാനകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിശദീകരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളും നിലവിലുണ്ട്. ഷെഡ്യൂൾ ഒന്നിലെ കടുവയോ പുലിയോ ആണ് നാട്ടിൽ ഇറങ്ങുന്നതെങ്കിൽ ‘ആറംഗ സമിതി’ രൂപീകരിക്കണം. കാമറകൾ സ്ഥാപിച്ച് അതിലെ ചിത്രങ്ങൾ പരിശോധിച്ചു ദേശീയ റിപ്പോസിറ്ററിയിലെ ഫോട്ടോകളുമായി താരതമ്യം ചെയ്ത് കടുവയാണോ പുലിയാണോ എന്നത് തിരിച്ചറിയണം. ഈ മൃഗങ്ങള്‍ കന്നുകാലികളെ ആക്രമിച്ചിട്ടുണ്ടോ, ഗുരുതരമായ ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ടോയെന്നതടക്കം ഡീറ്റെയിൽഡ് റിസർച്ച് വർക്ക് നടത്തണം. അതിനുശേഷം പിടികൂടാൻ കെണിവയ്ക്കലാണ്. കെണിയില്‍ വീണില്ലെങ്കിലാണ് മയക്കുവെടി വയ്ക്കേണ്ടത്. എന്നാല്‍ വെടിവയ്ക്കാൻ നിശ്ചയിക്കുന്ന സ്ഥലമായ കില്‍ സൈറ്റിന് സമീപത്ത് ഏത് മൃഗമാണെന്ന് കൃത്യമായി തിരിച്ചറിയാൻ കാമറാ ട്രാപ്പും സ്ഥാപിക്കണം.

കില്‍ സൈറ്റിൽ കടുവയുടെയോ പുലിയുടെയോ ദിവസേനയുള്ള ചലനങ്ങൾ പഠിക്കാൻ പ്രഷർ ഇംപ്രഷൻ പാഡുകൾ സ്ഥാപിക്കണം. തുടര്‍ന്ന് പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാൻ നിരോധനാജ്ഞ പ്രഖ്യാപിക്കണം. മയക്കുവെടിയേല്‍ക്കുന്ന കടുവയോ പുലിയോ ആരോഗ്യമുള്ളതാണെന്ന് ഒരു സമിതി പരിശോധിച്ച് ഉറപ്പുവരുത്തണം. ആരോഗ്യം ഉണ്ടെങ്കിൽ റേഡിയോ കോളർ ഘടിപ്പിച്ച് മൃഗത്തെ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിട്ടിയുടെ സാന്നിധ്യത്തില്‍ അറിയിച്ച് വനത്തില്‍ തുറന്നുവിടണം. പരിക്കുണ്ടെങ്കിൽ മൃഗശാലയിലേക്ക് മാറ്റണം. കടുവ അല്ലെങ്കിൽ പുലി സ്ഥിരമായി മനുഷ്യന്റെ മരണങ്ങൾക്ക് കാരണമാകുന്ന, മനുഷ്യനെ കൊല്ലുന്നത് സ്ഥിരം ശീലമാക്കിയ മൃഗമാകണം. അടിയന്തര സാഹചര്യങ്ങളിൽ കാട്ടാനകളെ നേരിടുന്നതിനും ഇപ്രകാരം മാർഗനിർദ്ദേശങ്ങളും എസ്ഒപിയും നിലവിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.