20 December 2025, Saturday

Related news

December 16, 2025
December 15, 2025
December 14, 2025
December 14, 2025
December 13, 2025
November 24, 2025
November 20, 2025
October 31, 2025
October 29, 2025
October 27, 2025

ചരടുകളില്ലാത്ത മൂലധന നിക്ഷേപങ്ങൾ സ്വീകരിക്കും: സിപിഐ(എം)

സ്വന്തം ലേഖകന്‍
കൊല്ലം
March 7, 2025 11:27 pm

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് കാട്ടുന്ന കടുത്ത സാമ്പത്തിക അവഗണനകളെ മറികടക്കാന്‍ ചരടുകളില്ലാത്ത മൂലധന നിക്ഷേപങ്ങൾ സ്വീകരിക്കുമെന്നും ഇതാണ് സിപിഐ(എം) മുന്നോട്ടുവയ്ക്കുന്ന ബദലെന്നും സംസ്ഥാനത്തെയും ജനങ്ങളുടെയും താല്പര്യത്തിന് വിരുദ്ധമായ ഒന്നും ചെയ്യില്ലെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പൊതുമേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തെപ്പറ്റി വിശദമായ ചര്‍ച്ചകള്‍ക്കുശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കൊല്ലത്തു നടക്കുന്ന സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രവർത്തന റിപ്പോർട്ടിന്‍മേല്‍ നടന്ന ചർച്ചയുടെ വിവരങ്ങള്‍ വിശദമാക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍. 

തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വാർത്തകൾക്ക് മാധ്യമങ്ങൾ വന്‍ പ്രചരണം നല്‍കുന്നു. കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് കടുത്ത അവഗണനയാണ് കാട്ടുന്നത്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നികുതി, വായ്പാ, ഗ്രാന്റ് ഇനത്തില്‍ 39,800 കോടിയുടെ കുറവാണുണ്ടായത്. ഇത് മറികടക്കാൻ വിഭവസമാഹരണം നടത്തണം. ക്ഷേമ പ്രവർത്തനങ്ങളും പൊതു വികസനവും നടത്താൻ ഇത് ആവശ്യമാണ്. ഈ ശ്രമങ്ങളെ ജനങ്ങൾക്കെതിരായ പ്രവര്‍ത്തനം എന്ന തരത്തിലുള്ള പ്രചരണമാണ് ചില മാധ്യമങ്ങൾ നടത്തുന്നത്. ആഭ്യന്തര ധനസമാഹരണം നടത്തുക എന്നത് കേരളം മുന്നോട്ടുവയ്ക്കുന്ന ബദലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സഹകരണ പ്രസ്ഥാനത്തെയും ഇതിനായി ഉപയോഗിക്കുകയാണ് ചെയ്യേണ്ടത്. ഇതിൽ ജനവിരുദ്ധതയില്ല. പ്രവാസികളെയും ഇതിനായി ഉപയോഗിക്കും. 

സാമ്രാജ്യത്വ ശക്തികളുടെ കടന്നുവരവിനെ പ്രതിരോധിക്കാന്‍ വിശാല കമ്മ്യൂണിസ്റ്റ് ഐക്യം ശക്തിപ്പെടണമെന്ന നിര്‍ദേശം സമ്മേളനം മുന്നോട്ടു വച്ചതായി സംസ്ഥാന സെക്രട്ടറി പറഞ്ഞു. വിശാല കമ്മ്യൂണിസ്റ്റ് ഐക്യത്തിനുവേണ്ടി സാർവദേശീയ ബന്ധങ്ങളെയും ഇതര പ്ലാറ്റ്ഫോമുകളെയും ഉപയോഗിക്കണം. ലോകത്ത് കമ്മ്യൂണിസ്റ്റ് — ഇടതുപക്ഷ മുന്നേറ്റം മാധ്യമ വാര്‍ത്തകളില്‍ പ്രതിഫലിക്കുന്നില്ല. സാമ്രാജ്യത്വത്തിനെതിരെയുള്ള ഇടതുപക്ഷ ഇടപെടലുകൾ പ്രചരിപ്പിക്കാൻ പാര്‍ട്ടിക്ക് കഴിയണം. മുതലാളിത്തത്തിനെതിരെ സോഷ്യലിസ്റ്റ് ബദലാണ് വേണ്ടത്. ചരിത്രത്തിലും സംസ്കാരത്തിലും വിഷം കലർത്തുന്ന ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ തുറന്നുകാണിക്കാന്‍ കഴിയണം. ഇതിന് സംസ്കാരിക മേഖലയിൽ വിശാല മുന്നണി ഉണ്ടാകണം. വർഗീയ ആശയങ്ങൾക്കെതിരായി അക്കാദമിക്ക് മേഖലയിലുൾപ്പെടെ വിപുലമായ പ്രചരണം വേണം.

കേരളത്തില്‍ രാഷ്ട്രീയരംഗത്ത് വന്നുകൊണ്ടിരിക്കുന്ന യുഡിഎഫ്-ബിജെപി കൂട്ടുകെട്ടും തുറന്നുകാണിക്കാന്‍ കഴിയണം. സർക്കാരിനെതിരെ നടക്കുന്ന തെറ്റായ പ്രചരണങ്ങളെ പ്രതിരോധിക്കാന്‍ കഴിയേണ്ടതുണ്ട്. ജനകീയ വിദ്യാഭ്യാസം പ്രാധാന്യത്തോടെ ഏറ്റെടുക്കും. ജനങ്ങളുമായുള ബന്ധം ശക്തിപ്പെടുത്തണം. അടിസ്ഥാന വിഭാഗത്തിന്റെ പ്രശ്നങ്ങൾ മനസിലാക്കി ഇടപെടാന്‍ കഴിയണം. പുതിയ തലമുറയെ രാഷ്ട്രീയ ബോധമുള്ളവരായി രൂപപ്പെടുത്താനാവശ്യമായ പ്രവര്‍ത്തനങ്ങളുമായി പാര്‍ട്ടി മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.