നമുക്ക് അമേരിക്കയിൽ നടക്കുന്ന കാര്യങ്ങൾ അപ്പോൾ തന്നെ കാണാൻ പറ്റുമോ? ആഫ്രിക്കയിലുള്ള ഒരാളോട് നമുക്ക് ഏതെങ്കിലും വിധേന സംസാരിക്കാൻ പറ്റുമോ? പക്ഷികൾ പറക്കുന്ന പോലെ ആകാശത്തുകൂടെ പറക്കാൻ പറ്റുമോ? ചന്ദ്രനെ തൊടാൻ പറ്റുമോ? തുടങ്ങി എത്രമാത്രം സംശയങ്ങളും ചോദ്യങ്ങളുമായിരിക്കും നൂറോ നൂറ്റമ്പതോ വർഷം മുമ്പത്തെ മനുഷ്യർ ചോദിച്ചിട്ടുണ്ടാവുക. അവരിൽ ഭൂരിപക്ഷവും ഇതൊന്നും ഒരിക്കലും നടക്കില്ല എന്ന് വിശ്വസിച്ചവരായിരിക്കും. എന്നാൽ അസാധ്യമായി ഒന്നുമില്ല എന്നതല്ലേ ഇന്ന് നമ്മുടെ ഏറ്റവും വലിയ അറിവ്! ഇതുവരെ ഒരു മനുഷ്യൻ പോലും കാലുകുത്തിയിട്ടില്ലാത്ത ചൊവ്വയിലേക്ക് ഒരൊറ്റ യാത്രയിൽ 100 പേരെ അയയ്ക്കുന്ന പദ്ധതി അവതരിപ്പിച്ചയാളാണ് ഇലോൺ മസ്ക്. അസാധ്യമെന്ന് തോന്നുന്ന ലക്ഷ്യങ്ങളെ പ്രഖ്യാപിക്കുക മാത്രമല്ല അത് യാഥാർത്ഥ്യമാക്കാൻ വേണ്ടി പണിയെടുക്കുകയും ചെയ്യുന്നുണ്ട് മസ്കും സംഘവും. സ്റ്റാർഷിപ്പ് എന്ന കൂറ്റൻ റോക്കറ്റാണ് മസ്കിന്റെ ചൊവ്വാ സ്വപ്നങ്ങളിലെ പ്രധാന താരം. 300 കോടി ഡോളർ (ഏകദേശം 24,500 കോടി രൂപ) ചെലവിട്ട് നിർമ്മിച്ച സ്റ്റാർഷിപ്പ് ഇപ്പോൾ ബഹിരാകാശ വിക്ഷേപണത്തിന് തൊട്ടു മുമ്പുള്ള അവസാനവട്ട പരീക്ഷണങ്ങളിലാണ്. 2030ഓടെ ചൊവ്വയിലേക്ക് ആദ്യസംഘം മനുഷ്യരെ അയയ്ക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മനുഷ്യരെ അയയ്ക്കുക മാത്രമല്ല ചൊവ്വയിൽ കോളനി തന്നെ സ്ഥാപിക്കുകയാണ് ഇലോൺ മസ്കിന്റെ സ്വപ്നം.
പേയ്‌പാൽ മുതൽ സോളാർ സിറ്റി വരെ, ലോകത്തെ മാറ്റിമറിച്ച, മാറ്റിമറിക്കാൻ ശേഷിയുള്ള ആശയങ്ങളെ വിജയകരമായി പ്രാവർത്തികമാക്കിയാണ് മസ്ക് ശ്രദ്ധേയനാകുന്നത്. 12-ാം വയസിൽ ആദ്യ കമ്പ്യൂട്ടർ ഗെയിം പ്രോഗ്രാം ചെയ്ത മസ്ക് ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേയ്‌പാൽ മുതൽ ബഹിരാകാശ ഏജൻസിയായ സ്പേസ് എക്സ് വരെയുള്ളവയുടെ സ്രഷ്ടാവാണ്. വിലകൂടിയ കാർ, വിമാനത്തെക്കാൾ വേഗമുള്ള ഹൈപ്പർ ലൂപ്, തിരിച്ചിറക്കാവുന്ന റോക്കറ്റ്, ചൊവ്വാ യാത്ര, കൃത്രിമബുദ്ധി ടെക്നോളജി ഇതൊക്കെ എലോൺ മസ്കിന്റെ ആശയങ്ങളാണ്. ദക്ഷിണാഫ്രിക്കൻ-അമേരിക്കൻ സൂപ്പർ മോഡലായിരുന്ന മായേ മസ്കിന്റെ മകനായി ദക്ഷിണാഫ്രിക്കയിൽ 1971ലാണ് ഇലോണിന്റെ ജനനം. 10-ാം വയസിൽ കമ്പ്യൂട്ടർ സ്വന്തമാക്കിയ ഇലോൺ 12-ാം വയസിൽ ബ്ലാസ്റ്റേഴ്സ് എന്ന സ്വന്തം കമ്പ്യൂട്ടർ ഗെയിം തന്നെ പ്രോഗ്രാം ചെയ്തെടുത്തു. കാനഡയിലെയും അമേരിക്കയിലെയും മൂന്ന് സർവകലാശാലകളിൽനിന്ന് സാമ്പത്തികശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലുമായി ഉപരിപഠനം. പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽനിന്നു ബിരുദം നേടിയ ഉടനെ 1990കളുടെ മധ്യത്തിൽ സഹോദരൻ കിമ്പാൽ മസ്കിനെ കൂട്ടുപിടിച്ച് ‘സിപ് 2’ എന്ന വെബ് സോഫ്റ്റ്‌വേർ കമ്പനി തുടങ്ങി. 1994ൽ പ്രമുഖ ഐടി കമ്പനിയായ കോംപാക് സിപ് 2 ഏറ്റെടുത്തു. പ്രതിഫലമായി ലഭിച്ച 22 ദശലക്ഷം ഡോളറാണ് 20-ാം വയസിൽത്തന്നെ കോടീശ്വരനാകാൻ ഇലോണിനെ സഹായിച്ചത്.
1999 മാർച്ചിൽ രണ്ടാം സംരംഭമായ ലോൺ എക്സ്.കോം എന്ന ഓൺലൈൻ ഫിനാൻഷ്യൽ സർവീസസ് കമ്പനി ആരംഭിച്ചു. ഒരു വർഷത്തിനുശേഷം കൺഫിനിറ്റി എന്ന കമ്പനി വാങ്ങി ‘പേയ്‌പാൽ’ എന്ന ആഗോള ഇ–പേയ്മെന്റ് പ്ലാറ്റ്ഫോമാക്കി മാറ്റി. ഇലോണിന്റെ മാർക്കറ്റിങ് തന്ത്രങ്ങളിലൂടെ പടർന്നുപന്തലിച്ച പേയ്‌പാലിനെ 2002ൽ ഇ–ബേ ഏറ്റെടുത്തു. പേയ്‌പാലിൽ 11.77 ശതമാനം ഓഹരി ഉണ്ടായിരുന്ന ഇലോണിന് ഈ വില്പനയിൽ കിട്ടിയത് 165 ദശലക്ഷം ഡോളർ. ഇതോടെ തന്റെ സംരംഭക സ്വപ്നങ്ങൾ ബഹിരാകാശത്തേക്കുകൂടി മസ്ക് വ്യാപിപ്പിച്ചു. അങ്ങനെ സ്പേസ് എക്സ്പ്ലൊറേഷൻ ടെക്നോളജീസ് എന്ന റോക്കറ്റ്സ്പേസ് ക്രാഫ്റ്റ് നിർമ്മാണ കേന്ദ്രം ആരംഭിക്കുകയും രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ഭൂമിയിൽനിന്ന് ചരക്കെത്തിക്കാൻ നാസയുടെ ലൈസൻസുള്ള കമ്പനിയായി മാറുകയും ചെയ്തു.
ബഹിരാകാശ ദൗത്യം പൂർത്തിയാക്കി തിരിച്ച് ഭൂമിയിലിറക്കാവുന്ന റോക്കറ്റുകളും വാഹനങ്ങളും സ്പേസ് എക്സ് പരീക്ഷിച്ചു വിജയിച്ചു. സ്പേസ് എക്സിനൊപ്പം എബേർഹാർഡ് എന്ന അമേരിക്കൻ സംരംഭകനുമായി ചേർന്ന് 2010 ൽ ആരംഭിച്ച നാലാം സംരംഭമാണ് ടെസ്‌ല മോട്ടോഴ്സ്. കമ്പനിയുടെ പ്രധാന ഉല്പന്നം ഇലക്ട്രിക് കാറുകളാണ്. ആദ്യവർഷം തന്നെ 31 രാജ്യങ്ങളിലായി 2,500ഓളം ഇലക്ട്രിക് സ്പോര്‍ട്സ് കാറുകൾ വിറ്റഴിച്ചാണ് ടെസ്‌ല ശ്രദ്ധിക്കപ്പെടുന്നത്. ഇലക്ട്രിക് കാറുകൾക്ക് പുറമെ ഇലക്ട്രിക് പവർ ട്രെയിൻ സിസ്റ്റവും ടെസ്‌ലെ നിർമ്മിക്കുന്നു.
പ്രകൃതിസൗഹൃദ ഊർജത്തെ പ്രോത്സാഹിപ്പിക്കുയെന്ന ലക്ഷ്യത്തോടെ ഇലോണിന്റെ അഞ്ചാമത്തെ സംരംഭമാണ് സോളാർ സിറ്റി. വെറുമൊരു ബിസിനസ് സംരംഭത്തെക്കാൾ കൂടുതൽ മെച്ചപ്പെട്ട ലോകം സ്വപ്നം കണ്ടുള്ള പ്രവർത്തനങ്ങളാണ് ഇലോൺ മസ്കിനെ വ്യത്യസ്തനാക്കുന്നത്. ഇതുതന്നെയാണ് ബിൽ ഗേറ്റ്സിനെയും സുക്കർബർഗിനെയും പോലുള്ളവരെ ഇലോൺ മസ്കിനൊപ്പം ചേരാൻ പ്രേരിപ്പിക്കുന്നതും. ഏറ്റവും ഒടുവിൽ പുതിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രമുഖ ഉപദേശകനാക്കുന്നതും.
അമേരിക്കയുടെ നാസയെപ്പോലുമിപ്പോൾ നിയന്ത്രിക്കുന്നത് ഇലോൺ മസ്കാണെന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല. നാസയുടെ സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റെ ഇരട്ടി തള്ളൽ ശേഷിയുണ്ട് (70 മെഗാ ടൺ) സ്റ്റാർഷിപ്പിന്. മനുഷ്യൻ ഇന്നുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതും കരുത്തുറ്റതുമായ റോക്കറ്റാണിത്. ആകെ 394 അടിയാണ് ഉയരം. ഇന്ധനം നിറച്ചു കഴിയുമ്പോൾ ഈ റോക്കറ്റിന് ഏതാണ്ട് 50 ലക്ഷം കിലോഗ്രാം ഭാരം ഉണ്ടാവും. സാറ്റലൈറ്റുകളെ ബഹിരാകാശത്തെത്തിക്കുന്നതിനും ബഹിരാകാശ വിനോദ സഞ്ചാര യാത്രകൾക്കും സ്റ്റാർഷിപ്പ് റോക്കറ്റുകളെ ഉപയോഗിക്കാനാവും. ഇതിനൊക്കെപ്പുറമെ വീണ്ടും ഉപയോഗിക്കാനാവുമെന്നതാണ് സ്റ്റാർഷിപ്പ് റോക്കറ്റിന്റെ പ്രധാന സവിശേഷത. ഇലോൺ മസ്കും പുതുതലമുറയും ചൊവ്വാ ജീവിതം സ്വപ്നം കാണുമ്പോഴും ഒട്ടനവധി ആശങ്കകളാണ് നിലവിലുള്ളത്. സുനിത വില്യംസ് എന്ന ബഹിരാകാശ യാത്രിക സ്റ്റാർ ലൈനറിന് സാങ്കേതിക തകരാർ നേരിട്ടതിനാൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. അവരെ തിരിച്ചെത്തിക്കാൻ കഴിയാതെ ശാസ്ത്രം വഴിമുട്ടി നിൽക്കുന്നു. അതിന് ഉത്തരവാദി അമേരിക്കൻ മുൻ പ്രസിഡന്റായ ബൈഡനാണെന്ന് പറഞ്ഞ് ട്രംപും മസ്കും രാഷ്ട്രീയ യുദ്ധം നടത്തുന്നതാണിപ്പോൾ കാണുന്നത്. 1972ല്‍ ചന്ദ്രനില്‍ കാലുകുത്തലിനുശേഷം അര നൂറ്റാണ്ടായി ആർട്ടെമിസ് ദൗത്യം പാതിവഴിയിലാണ്. ഇത്തരം പരാജയങ്ങൾക്കിടയിലുള്ള ചൊവ്വാ ദൗത്യം ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നത് വസ്തുതയാണ്.
മസ്കിന്റെ നീക്കങ്ങളെ ഏറെ ജാഗ്രതയോടെയും സംശയത്തോടെയുമാണ് യൂറോപ്യൻ യൂണിയനടക്കമുള്ള പല രാജ്യങ്ങളും കാണുന്നത്. അതിനാൽ പല രാജ്യങ്ങളും മസ്കിന്റെ ‘എക്സി‘ന് നിരോധനമേർപ്പെടുത്തിക്കഴിഞ്ഞു. ഇത്തരം നീക്കങ്ങളുണ്ടായാൽ ഇലോണിന് എത്രമാത്രം വിജയിക്കാൻ കഴിയുമെന്നും കണ്ടറിയണം. അതോടൊപ്പം സാങ്കേതികവിദ്യയെ അതിവേഗത്തിൽ വളർത്തിയെടുക്കുന്നതിനായി മസ്ക് പിന്തുടരുന്ന രീതികളിൽ പലതും മനുഷ്യത്വ രഹിതമാണ്. കുറഞ്ഞ ജോലിക്കാരെ കൂടുതൽ ജോലിചെയ്യിപ്പിച്ച് പെട്ടെന്നുതന്നെ പിരിച്ചുവിടുന്ന രീതിയാണദ്ദേഹത്തിന്റേതെന്ന് റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ട് സാക്ഷ്യം വഹിക്കുന്നുണ്ട്. കാൾ സാഗൻ വികസിപ്പിച്ചെടുത്ത കോസ്മോസ് എന്ന ടിവി പരമ്പരയുടെ അവതാരകനായ നീൽ ഡി ഗ്രാസ് ടൈസണും അമേരിക്കൻ ടോക്ക് ഷോ അവതാരകനായ ബിൽ മഹറും തമ്മിൽ ഇലോൺ മസ്കിന്റെ ചൊവ്വാ ദൗത്യത്തെക്കുറിച്ചുള്ള രസകരമായ ഒരു സംഭാഷണമുണ്ട്. സ്പേസ് എക്സ് മേധാവിക്ക് “യഥാർത്ഥത്തിൽ ചൊവ്വയിലേക്ക് മനുഷ്യരെ അയയ്ക്കാൻ” എത്ര സമയമെടുക്കുമെന്ന് മഹർ, ടൈസനോട് ചോദിക്കുന്നുണ്ട്. “അത് സംഭവിക്കുന്നില്ല” എന്നാണതിനദ്ദേഹം മറുപടി പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.