24 January 2026, Saturday

ആണവ സ്ഫോടനങ്ങളെ ചെറുക്കും: കൃത്രിമ ദ്വീപുമായി ചെെന

Janayugom Webdesk
ബെയ്ജിങ്
November 22, 2025 8:36 pm

ആണവ സ്ഫോടനങ്ങളെ ചെറുക്കാൻ ശേഷിയുള്ള കൃത്രിമ ദ്വീപ് നിർമ്മിക്കാനുള്ള നീക്കവുമായി ചെെന. എല്ലാ കാലാവസ്ഥയിലും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ നടത്തുന്നതിനുവേണ്ടിയാണ് കടലില്‍ ഒഴുകിനടക്കുന്ന കൃത്രിമ ദ്വീപ് നിര്‍മ്മിക്കുന്നത്. 78,000 ടണ്‍ ഭാരവും ഇരട്ട അടിത്തട്ടുമുള്ളതാണിത്. ലോകത്തിലെ ആദ്യത്തെ ചലിക്കുന്നതും സ്വയംപര്യാപ്തവുമായ കൃത്രിമ ദ്വീപായിരിക്കും ഇതെന്നാണ് ചൈന അവകാശപ്പെടുന്നത്. ചൈനയുടെ ഏറ്റവും പുതിയ ഫുജിയാന്‍ വിമാനവാഹിനി കപ്പലിനോളം വലുപ്പമുണ്ടാകും ദ്വീപിന്.

അവശ്യ വസ്തുക്കളൊന്നും പുതുതായി എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍പ്പോലും 238 ഗവേഷകര്‍ക്ക് നാല് മാസം ഇവിടെ തുടരാനാകും. 2028ല്‍ കൃത്രിമ ദ്വീപ് പ്രവര്‍ത്തനക്ഷമമാകുമെന്ന് ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. എല്ലാ കാലാവസ്ഥയിലും ഗവേഷകര്‍ക്ക് ദീര്‍ഘകാലം തങ്ങാന്‍ കഴിയുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഈ ആഴക്കടല്‍ ഗവേഷണ കേന്ദ്രമെന്ന് ഷാങ്ഹായ് ജിയാവോ ടോങ് സര്‍വകലാശാലയിലെ പ്രൊഫസര്‍ യാങ് ഡെക്കിംഗിന്റെ നേതൃത്വത്തിലുള്ള സംഘം പറയുന്നു. ഈ പ്ലാറ്റ്ഫോമിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഒരു ദശാബ്ദത്തിലേറെയായി നടക്കുകയാണെന്നും സംഘം കൂട്ടിച്ചേര്‍ത്തു.

ചെെന സ്റ്റേറ്റ് ഷിപ്പ് ബില്‍ഡിങ് കോര്‍പ്പറേഷനുമായി 2024 ഡിസംബറില്‍ ഒപ്പുവെച്ച ഡിസൈന്‍ കരാറുകള്‍ പ്രകാരം ഇതിന്റെ പ്ലാറ്റ്ഫോം 138 മീറ്റര്‍ നീളവും 85 മീറ്റര്‍ വീതിയും ഉള്ളതായിരിക്കും. ജലനിരപ്പില്‍ നിന്ന് 45 മീറ്റര്‍ ഉയരത്തിലായിരിക്കും പ്രധാന ഡെക്ക്. 6–9 മീറ്റര്‍ ഉയരമുള്ള തിരമാലകളെയും കാറ്റഗറി 17 വരെയുള്ള ചുഴലിക്കാറ്റുകളെയും അതിജീവിക്കാന്‍ കഴിയുംവിധമാണ് ഇരട്ട അടിത്തട്ടുള്ള സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മണിക്കൂറില്‍ 15 നോട്ട് വരെ വേഗതയില്‍ സഞ്ചരിക്കാനും മാസങ്ങളോളം കടലില്‍ തങ്ങാനുള്ള സംവിധാനങ്ങള്‍ ആഴക്കടല്‍ നിരീക്ഷണം, കടല്‍ത്തട്ടിലെ പര്യവേക്ഷണം എന്നിവയുള്‍പ്പെടെയുള്ള ദീര്‍ഘകാല ഗവേഷണ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.