
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്ഐആർ) മുഖ്യ ചർച്ചാവിഷയം. വിഷയത്തിൽ വിശദമായ ചർച്ച വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.
ബൂത്ത് ലെവൽ ഓഫിസര്‍മാർക്ക് (ബിഎൽഒ) അധികജോലി ഭാരം നൽകുന്നതിലുള്ള ആശങ്കയും അവരുടെ മരണങ്ങളെക്കുറിച്ചുള്ള വിഷയങ്ങളും പ്രതിപക്ഷം ഉന്നയിച്ചു. ഈ വിഷയം ചർച്ച ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ സഭാ നടപടികൾ തടസപ്പെടുത്തുമെന്നും വിവിധ പാർട്ടികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 36 പാർട്ടികളും 50 നേതാക്കളും പങ്കെടുത്തു.
പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു യോഗം പോസിറ്റീവും ക്രിയാത്മകവുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. പല പ്രതിപക്ഷ നേതാക്കളും എസ്ഐആർ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ടെങ്കിലും, പാർലമെന്റിന്റെ അജണ്ട തീരുമാനിക്കാൻ അധികാരം ബിസിനസ് ഉപദേശക സമിതിയ്ക്കാണെന്ന് മന്ത്രി പറഞ്ഞു. പ്രത്യേക വിഷയങ്ങളിൽ വിയോജിപ്പുണ്ടെങ്കിൽ പോലും പാർലമെന്റിന്റെ പ്രവർത്തനം തടസപ്പെടുത്തരുതെന്നും, പ്രതിപക്ഷവുമായി ചർച്ചകൾക്ക് സർക്കാർ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതാണ്ട് എല്ലാ പ്രതിപക്ഷ പാർട്ടികളും എസ്ഐആർ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ടതായി കോൺഗ്രസ് എംപി പ്രമോദ് തിവാരി പറഞ്ഞു. സമയപരിധി ഒരാഴ്ചകൂടി നീട്ടിയത് തെരഞ്ഞെടുപ്പ് കമ്മിഷന് ലക്ഷ്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്നതിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നടപടിക്രമം തിടുക്കത്തിൽ പൂർത്തിയാക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നെന്നും, പരിശോധനയിൽ നിന്ന് സർക്കാർ ഒളിച്ചോടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ശീതകാല സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കണമെന്നും തിവാരി ആവശ്യപ്പെട്ടു.
ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷാ വീഴ്ചയും, ഡൽഹിയിലെ വായു മലിനീകരണവും ചർച്ച ചെയ്യണമെന്നും പാർട്ടികൾ ആവശ്യപ്പെട്ടു. വിലക്കയറ്റം, തൊഴിലില്ലായ്മ, പുതിയ തൊഴിൽ നിയമങ്ങൾ, വിദേശനയം എന്നിവയും സഭയിൽ ഉന്നയിക്കപ്പെടും. കൂടാതെ, പ്രതിപക്ഷ ഭരണമുള്ള സംസ്ഥാനങ്ങളിലെ ബില്ലുകൾ ഗവർണർമാർ തടഞ്ഞുവയ്ക്കുന്നതും ഫണ്ടുകൾ തടയുന്നതും ഉൾപ്പെടെയുള്ള ഫെഡറൽ വിഷയങ്ങളും ചർച്ചയാകും.
ആണവരംഗം സ്വകാര്യവല്‍ക്കരിക്കുന്നതടക്കം 14 പുതിയ നിയമങ്ങൾ ശീതകാല സമ്മേളനത്തില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ പ്രതിപക്ഷം ഒരേസ്വരത്തില്‍ നില്‍ക്കുന്നത് സഭയിലെ ചര്‍ച്ചകളെ കൊടുങ്കാറ്റാക്കുമെന്ന് നിരീക്ഷകര്‍ കരുതുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.