ഐശ്വര്യത്തിന്റേയും കാർഷിക സമൃദ്ധിയുടെ ഓർമകൾ പുതുക്കി വിഷു ആഘോഷിക്കുന്നു . കണികണ്ടും, കൈനീട്ടം വാങ്ങിയും വിഷു ആഘോഷത്തിലാണ് ഓണം കഴിഞ്ഞാൽ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. മലയാള മാസം മേടം ഒന്നിനാണ് കാർഷിക ഉത്സവമായ വിഷു ആഘോഷിക്കുന്നത്.
അടുത്ത ഒരു കൊല്ലത്തെ കുറിച്ചാണ് വിഷുവിലൂടെ ജനങ്ങൾ ചിന്തിക്കുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ് വിശ്വാസം. കേരളത്തിൽ ശ്രീകൃഷ്ണൻ്റെ ആരാധനയുമായി ബന്ധപ്പെട്ട് വിഷുവിന് പ്രാധാന്യമുണ്ട്.കാർഷിക പാരമ്പര്യവുമായും വിശ്വാസവുമായും ബന്ധപ്പെട്ട് നിൽക്കുന്ന ആഘോഷമാണ് മേടവിഷു . വൈഷവം എന്ന വാക്കിൽ നിന്നാണ് വിഷു എന്ന പദമുണ്ടായത് . കേരളത്തിൽ തന്നെ വിഷു ആഘോഷങ്ങളിലും ആചാരങ്ങളിലും വ്യത്യാസമുണ്ട്
വിഷു എന്നാൽ തുല്യമായത് എന്നാണ് അർത്ഥം . രാത്രിയും പകലും തുല്യമായ ദിവസം . മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു.സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. എല്ലാവർഷവും മേടം ഒന്നാം തീയതിയാണ് നാം വിഷു ആഘോഷിക്കുന്നത്. എന്നാൽ ചില വർഷങ്ങളിൽ അത് രണ്ടാം തീയതി ആയിമാറുന്നു. പലർക്കും ഇത് എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് അറിയില്ല.
രാവും പകലും തുല്യമായി വരുന്ന ദിവസമാണ് വിഷുവായി ആചരിച്ചിരുന്നത്. അത് ഒരു കാർഷിക ഉത്സവം കൂടിയാണ്. എന്നാൽ മേടം ഒന്നിന് പുതുവർഷം വരുന്നത് കൊണ്ട് രണ്ടാഘോഷങ്ങളും കൂടി ഒന്നാക്കി. പുതുവർഷത്തിന് വിഷുവും കൂടി ആഘോഷിക്കുന്ന സമ്പ്രദായമാണ് ഇപ്പോൾ നിലനിൽക്കുന്നത്. അതുകൊണ്ട് വിഷുക്കണിയും മേടം ഒന്നിനാണ് ആചരിക്കുന്നത്. ചില വർഷങ്ങളിൽ ഉദയശേഷമാകും സൂര്യൻ മേടം രാശിയിലേക്ക് പ്രവേശിക്കുന്നത്. ഉദിക്കുന്ന സമയത്ത് സൂര്യൻ മീനത്തിലായിരിക്കും.അങ്ങനെ വരുന്ന വർഷങ്ങളിൽ ആണ് വിഷു ഒന്നിന് പകരം രണ്ടാം തിയതിയായി മാറുന്നത് ഇപ്പോൾ മീനത്തിൽ ആണ് രാവും പകലും തുല്യമായി വരുന്ന ദിവസം. അത് ഇനി കുറച്ചു കൂടി വർഷങ്ങൾക്ക് ശേഷം കുംഭത്തിലേക്ക് മാറുമെന്നാണ് കണക്കാക്കുന്നത്. മാർച്ച് 20 നു ആയിരുന്നു ഈ വർഷത്തെ യഥാർത്ഥ വിഷു. വിഷുഫലം പറയുന്ന രീതി പണ്ടുകാലത്ത് സാർവത്രികമായിരുന്നു.
പണിക്കർ (കണിയാൻ) വീടുകളിൽ വന്ന് വിഷുഫലം ഗണിച്ച് പറയുന്നരീതിയാണിത്. ആ വർഷത്തെ മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള കണക്കാണത്. എത്ര പറ മഴ കിട്ടും, മഴ ഇടിമിന്നലോടു കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച് കേൾപ്പിക്കും. വിഷു സംക്രാന്തി നാളിലാണ് പണിക്കർ വരുന്നത്. അവർക്ക് ഇതിനായി ലഭിക്കുന്ന പ്രതിഫലത്തെ “യാവന” എന്നാണ് പറയുക.വിഷു ഫലം സൂര്യൻ മേട രാശിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു വർഷത്തെ ഗ്രഹങ്ങളുടെ ഗതിവിഗതികൾ അടിസ്ഥാനമാക്കി വിഷുഫലം പ്രവചിക്കുന്ന രീതി പുരാതന കാലം മുതൽ നില നിന്നിരുന്നു.വിഷു എന്ന ആഘോഷത്തെ ഓര്‍ക്കുമ്പോള്‍ മനസിലേക്ക് ആദ്യം എത്തുന്നത് വിഷുക്കണിയാണ്. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കാനും അത് കാണിക്കാനുമുള്ള ചുമതല. ഓട്ടുരുളയിലാണ് വിഷുക്കണി ഒരുക്കുന്നത്. അരി, നെല്ല് ‚അലക്കിയ മുണ്ട്, സ്വര്‍ണം, വാൽക്കണ്ണാടി,കണിവെള്ളരി,കണിക്കൊന്ന,വെറ്റില, അടക്ക,കണ്മഷി, ചാന്ത്, സിന്ദൂരം, നാരങ്ങ, മാമ്പഴം, പഴുത്ത ചക്ക, പഴം, കിഴക്കോട് തിരിയിട്ട് കത്തിച്ച നിലവിളക്ക്, നാളികേരപാതി,ശ്രീകൃഷ്ണൻ്റെ വിഗ്രഹം എന്നിവയാണ് കണിക്കായി ഒരുക്കുന്നത്.
കണി കണ്ടുണരുക എന്നത് വിഷു ദിനത്തിന്റെ പ്രത്യേകതയാണ്. ബ്രാഹ്മ മുഹൂർത്തത്തിലാണ് കണികാണാൻ . ഉദയത്തിന് മുൻപ് വിഷുക്കണി കാണണം . വീട്ടിൽ പൂജാ മുറിയിലോ തൂത്തു തളിച്ച് ശുദ്ധമായ സ്ഥലത്തോ കണി ഒരുക്കാം . ഒരു പീഠത്തിൽ മഞ്ഞ പട്ട് വിരിച്ച് അതിൽ ശ്രീകൃഷ്ണന്റെ വിഗ്രഹത്തിൽ മാല ചാർത്തി അലങ്കരിക്കണം . അതിന് മുന്നിൽ 5 തിരിയിട്ട വിളക്കുകൾ ഒരുക്കി കത്തിക്കണം . ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്,അലക്കിയ മുണ്ടും പൊന്നും വാൽക്കണ്ണാടിയും കണിവെള്ളരിയും കണിക്കൊന്നയും അടയ്ക്കയും വെറ്റിലയും പഴവർഗങ്ങളും ചക്ക,മാങ്ങ,നാളികേരം തുടങ്ങിയവ ഏറ്റവും മുകളിലായി മഹാലക്ഷ്മിയുടെ പ്രതീകമായി കൊന്നപ്പൂവും ഒരുക്കണം . കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങള്‍ക്ക് സമ്മാനമാണ് വിഷുകൈനീട്ടം കണി ഒരുക്കുന്നത് വീട്ടിലെ അമ്മമാരാണെങ്കിൽ കൈനീട്ടം നൽകുന്നത് ഗ്രഹനാഥനാണ്.
വര്‍ഷം മുഴുവൻ സമ്പൽ സമൃദ്ധി ഉണ്ടാകട്ടെ എന്ന അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നൽകുന്നത്. വിഷു ദിനത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന് വിഷു കൈനീട്ടം ആണ്. ഓരോരുത്തരുടെ സാമ്പത്തികസ്ഥിതി അനുസരിച്ചാണ് കൈനീട്ടം നൽകുന്നത്. കൊടുക്കുന്നവർക്ക് ധാരാളം കൊടുക്കാൻ ഉണ്ടാവും എന്നും കിട്ടുന്നവർക്ക് ധാരാളം പണം ലഭിക്കുമെന്നും ആണ് ഇതിന് പിന്നിലെ വിശ്വാസം.
കൈനീട്ടം കഴിഞ്ഞാൽ വിഷുക്കഞ്ഞി കഴിക്കും. അവിയലും ഇഞ്ചിക്കറിയും പപ്പടവും വിഭവങ്ങൾ.വിഷുസംക്രാന്തിയ്ക്കാണ് ചില സ്ഥലങ്ങളിൽ പാൽക്കഞ്ഞി. വിളക്കത്ത് ഗണപതിക്ക് ഇലവെച്ച് സദ്യ തുട ങ്ങും.ചക്കയുപ്പേരി, മാമ്പഴപുളിശ്ശേരി,അവിയൽ ‚എരിശ്ശേരി,കൂട്ടുകറിയും പരിപ്പുപായസമോ ചക്കപ്രഥമനോ ആകും പായസം. മത്താപ്പൂ കമ്പിത്തിരി ‚ഓലപ്പടക്കം ‚ചക്രം ഈർക്കിലി പടക്കം, മേശ പൂവ് തുടങ്ങിയവയൊക്കെ വിഷു ആഘോഷങ്ങളുടെ മാറ്റ് വർദ്ധിപ്പിക്കുന്നു.
എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ. കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ. പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ”
English Summary: With agricultural culture another poison vishu
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.