
വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് താരലേലത്തിന് മുന്നോടിയായി ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഏകദിന ലോകകപ്പ് നേടിയതോടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് മൂല്യമേറി. പരമാവധി അഞ്ച് താരങ്ങളെയാണ് ഒരു ടീമിന് നിലനിര്‍ത്താനാകുക. ഹർമൻപ്രീത് കൗർ (മുംബൈ ഇന്ത്യൻസ്– 2.5 കോടി), സ്മൃതി മന്ദാന (റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു– 3.5 കോടി), റിച്ച ഘോഷ് (ബംഗളൂരു– 2.75 കോടി), ജമീമ റോഡ്രീഗ്സ് (ഡൽഹി ക്യാപിറ്റൽസ്– 2.2 കോടി), ഷെഫാലി വർമ്മ (ഡൽഹി– 2.2 കോടി) എന്നിവരെ അതത് ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തി. മൂന്ന് ക്യാപ്‍ഡ് ഇന്ത്യൻ താരങ്ങള്‍, രണ്ട് വിദേശ താരങ്ങള്‍, പരമാവധി രണ്ട് അണ്‍ക്യാപ്‌ഡ് ഇന്ത്യൻ താരങ്ങള്‍ എന്നിങ്ങനെയാണ് ഡബ്ല്യുപിഎല്‍ റിട്ടെൻഷൻ നിയമങ്ങളനുസരിച്ച് ഒരു ടീമിന് പരമാവധി നിലനിര്‍ത്താൻ കഴിയുക.
യുപി വാരിയേഴ്സ് നിലനിര്‍ത്തിയത് ശ്വേത സെഹ്റാവത്തിനെ മാത്രമാണ്. ലോകകപ്പിലെ താരമായ ഇന്ത്യയുടെ ദീപ്തി ശര്‍മ്മ, ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലീസെ ഹീലി, സോഫി എക്ലസ്റ്റോണ്‍, തഹ്ലിയ മഗ്രാത്ത്, അലന കിങ്, ക്രാന്തി ഗൗഡ്, ചിനലെ ഹെൻറി എന്നിവരെയാണ് റിലീസ് ചെയ്തത്. സ്മൃതി മന്ദാന, നാറ്റ്‌സിവർ ബ്രെന്റ് (മുംബൈ), ആഷ്‌ലി ഗാർഡ്നർ (ഗുജറാത്ത്) എന്നിവർക്കാണ് ഉയർന്ന പ്രതിഫലമായ 3.5 കോടി രൂപ ലഭിച്ചത്.
ഓസ്ട്രേലിയൻ താരങ്ങളായ അഷ്ലി ഗാര്‍ഡനറിനേയും ബെത്ത് മൂണിയേയും മാത്രമാണ് ഗുജറാത്ത് ജയന്റ്സ് നിലനിര്‍ത്തിയത്. മുംബൈ ഇന്ത്യന്‍സ് ന്യൂസിലാൻഡ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ അമേലി കേര്‍, ദക്ഷിണാഫ്രിക്കൻ സൂപ്പര്‍ താരം നദീൻ ഡി ക്ലെര്‍ക്ക്, ക്ലോയ് ട്രിയോണ്‍, ശബ്നിം ഇസ്മയില്‍ എന്നിവരെ റിലീസ് ചെയ്തു. ജമീമ റോഡ്രിഗ്സ്, ഷഫാലി വര്‍മ്മ, ഓസീസ് പേസര്‍ അനബൽ സതര്‍ലൻഡ്, ദക്ഷിണാഫ്രിക്കൻ ഇതിഹാസം മരിസാൻ കാപ്പ്, നിക്കി പ്രസാദ് എന്നിവരെ ഡല്‍ഹി നിലനിര്‍ത്തി. ഈ മാസം 27ന് ഡല്‍ഹിയിലാണ് ഡബ്ല്യുപിഎല്‍ നാലാം സീസണിന് മുന്നോടിയായുള്ള താരലേലം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.