
ഐസിസി പുറത്തുവിട്ട ഏറ്റവും പുതിയ വനിതാ ടി20 ബൗളിങ് റാങ്കിങ്ങിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം ദീപ്തി ശർമ്മ. കരിയറിൽ ആദ്യമായാണ് ദീപ്തി ടി20 ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. ദീപ്തി നേട്ടമുണ്ടാക്കിയപ്പോൾ ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് ദീപ്തിയെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ 20 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയതോടെ താരത്തിന്റെ റേറ്റിങ് പോയിന്റ് 737 ആയി ഉയർന്നു. ഇതോടെ ഓസ്‌ട്രേലിയയുടെ അന്നബെൽ സതർലാൻഡിനെ ഒരു പോയിന്റ് വ്യത്യാസത്തിൽ ദീപ്തി പിന്തള്ളി. കഴിഞ്ഞ മാസത്തെ വനിതാ ഏകദിന ലോകകപ്പിൽ ‘പ്ലെയർ ഓഫ് ദി സീരീസ്’ പുരസ്കാരം നേടിയ ദീപ്തിയുടെ ഉജ്ജ്വല ഫോം തുടരുകയാണ്.
ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർട്ടിന്റെ വെടിക്കെട്ട് പ്രകടനമാണ് സ്മൃതി മന്ദാനയ്ക്ക് തിരിച്ചടിയായത്. അയർലൻഡിനെതിരായ പരമ്പരയിൽ ബാക്ക്-ടു-ബാക്ക് സെഞ്ചുറികൾ നേടിയ ലോറ സ്മൃതിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാമതെത്തി. ഇന്ത്യൻ താരം ജെമിമ റോഡ്രിഗ്‌സ് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഒൻപതാം സ്ഥാനത്തേക്ക് കുതിച്ചു. ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20യിൽ പുറത്താകാതെ നേടിയ 69 റൺസാണ് ജെമിമയെ ആദ്യ പത്തിൽ എത്തിച്ചത്. സ്മൃതി മന്ദാന ടി20 റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും ഷെഫാലി വർമ്മ പത്താം സ്ഥാനത്തേക്ക് ഇറങ്ങി. നിലവിൽ ടി20 ബൗളിങ് റാങ്കിങ്ങിലെ ആദ്യ പത്തിൽ ഇടംപിടിച്ച ഏക ഇന്ത്യൻ താരം ദീപ്തി ശർമയാണ്. ടി20 ഓൾറൗണ്ടർമാരുടെ പട്ടികയിൽ താരം മൂന്നാം സ്ഥാനത്തുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.