ഐസ്വാള്‍
October 24, 2023 8:08 pm
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോഡി മിസോറാമിലെത്തിയാല്‍ താൻ അദ്ദേഹവുമായി വേദി പങ്കിടില്ലെന്ന് മിസോറാം മുഖ്യമന്ത്രി സോറംതംഗ. ഈ മാസം 30 ന് പ്രധാനമന്ത്രി മിസോറാമിലെ മമിത് ടൗണ്‍ സന്ദര്‍ശിക്കാനിരിക്കെയാണ് മിസോറാം മുഖ്യമന്ത്രിയുടെ പ്രതികരണം. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള പ്രചാരണത്തിന്റെ ഭാഗമയാണ് നരേന്ദ്ര മോഡി മിസോറാം സന്ദര്‍ശിക്കുന്നത്. പ്രധാന മന്ത്രി ഒറ്റയ്ക്ക് വന്ന് വേദിയിലിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
മിസോറാമിലെ ജനങ്ങളെല്ലാം ക്രിസ്ത്യാനികളാണ്. മണിപ്പൂരിലെ മെയ്തികള്‍ നൂറുകണക്കിന് ക്രിസ്ത്യൻ പള്ളികള്‍ തീയിട്ട് നശിപ്പിച്ചു. എന്നാല്‍ മിസോറാമിലെ ജനങ്ങള്‍ ഇതിനെതിരാണ്. ഈ സമയത്ത് ബിജെപിയോട് അനുഭാവം കാണിക്കുന്നത് തന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും സോറംതംഗ ബിബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണെന്നും അതിലൂടെ മാത്രമേ അവര്‍ക്ക് ജന്മനാട്ടിലേക്ക് മടങ്ങാനാകൂ എന്നും സോറംതംഗ പറഞ്ഞു.
ബിജെപി നേതൃത്വം നല്‍കുന്ന നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിന്റെ (എൻഇഡിഎ) ഭാഗവും കേന്ദ്രത്തില്‍ എൻഡിഎയുടെ സഖ്യകക്ഷിയുമാണ് സോറാംതംഗയുടെ എംഎൻഎഫ്. എന്നാല്‍ മിസോറാമില്‍ എൻഇഡിഎ സഖ്യത്തിനൊപ്പമല്ല എംഎൻഎഫ് പ്രവര്‍ത്തിക്കുന്നത് എന്ന സവിശേഷതയുമുണ്ട്.
മ്യാൻമര്‍, ബംഗ്ലാദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് അഭയം നല്‍കുന്നതില്‍ മിസോറാം സര്‍ക്കാര്‍ കേന്ദ്രത്തിന്റെ പാത പിന്തുടരുകയാണെന്ന് സോറംതംഗ പറഞ്ഞു. നേരത്തെ കിഴക്കൻ പാകിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ കേന്ദ്ര സര്‍ക്കാര്‍ ആയുധങ്ങള്‍ നല്‍കി സഹായിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ ആയുധങ്ങളൊന്നും നല്‍കിയില്ല, പകരം മാനുഷികതയുടെ പേരില്‍ അവര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബര്‍ ഏഴിനാണ് ആണ് മിസോറാമില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
English Summary: Won’t share stage with PM Modi when he comes to campaign: Mizoram CM
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.