23 January 2026, Friday

Related news

January 13, 2026
January 11, 2026
January 7, 2026
December 6, 2025
December 2, 2025
November 4, 2025
November 4, 2025
November 4, 2025
October 22, 2025
September 8, 2025

തൊഴിലാളികളെ ചൂഷണം ചെയ്തു; ഹിന്ദുജ കുടുംബത്തിലെ നാല് പേര്‍ക്ക് ജയില്‍ ശിക്ഷ

Janayugom Webdesk
ജനീവ
June 22, 2024 8:58 pm

തൊഴില്‍ വാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ സ്വിറ്റ്സര്‍ലന്‍ഡിലെത്തിച്ച് ചൂഷണം ചെയ്തെന്ന കേസില്‍ ബഹുരാഷ്ട്ര കമ്പനിയായ ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമകളായ നാല് പേര്‍ക്ക് ജയില്‍ ശിക്ഷ. സ്വിറ്റ്സര്‍ലന്‍ഡിലെ ആഡംബര വില്ലയില്‍ നടന്ന തൊഴില്‍ പീഡനങ്ങളുടെ പേരിലാണ് സ്വിസ് കോടതിയുടെ നടപടി. ഹിന്ദുജയുടെ തലവന്‍ പ്രകാശ് ഹിന്ദുജ, ഭാര്യ കമല്‍, മകന്‍ അജയ്, ഭാര്യ നമ്രത എന്നിവര്‍ക്കാണ് നാലര വര്‍ഷം വീതം തടവ് വിധിച്ചിരിക്കുന്നത്. കുടുംബത്തിന്റെ ബിസിനസ് മാനേജര്‍ നജീബ് സിയായിക്ക് ഒന്നര വര്‍ഷം തടവും ശിക്ഷ ലഭിച്ചിട്ടുണ്ട്. കോടതി വിധിക്കെതിരെ കുടുംബം അപ്പീല്‍ നല്‍കിയിട്ടുണ്ട്. അതേസമയം ജോലി ചെയ്യിക്കാനായി ഇന്ത്യയില്‍ നിന്നും ആളുകളെ മനുഷ്യക്കടത്ത് നടത്തിയെന്ന കേസില്‍ ഇവരെ കോടതി കുറ്റവിമുക്തരാക്കി. 

ഏഷ്യയിലെ ഏറ്റവും സമ്പന്നരായ 20 കുടുംബങ്ങളിലൊന്നാണ് ഹിന്ദുജ. മണിക്കൂറുകളോളം ജോലി ചെയ്യിച്ച് തുച്ഛ ശമ്പളം നല്‍കുന്നതടക്കം ഗുരുതരമായ വാദങ്ങളാണ് കുടുംബത്തിനെതിരെ സ്വിസ് പ്രോസിക്യൂട്ടര്‍ യിവെസ് ബെര്‍ടോസ ജനീവ കോടതിയില്‍ ഉന്നയിച്ചത്. തൊഴിലാളികളുടെ പാസ്പോര്‍ട്ടുകള്‍ പിടിച്ചു വച്ച കുടുംബം വില്ലയ്ക്ക് പുറത്തുപോകാന്‍ അനുവാദം നല്‍കിയിരുന്നില്ല. സ്വിറ്റ്സര്‍ലന്‍ഡില്‍ താഴേക്കിടയിലുള്ള തൊഴിലാളികള്‍ക്ക് നല്‍കി വരുന്നതിന്റെ പത്തിലൊന്ന് വേതനം പോലും ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. ഇടവേളകളില്ലാതെ മണിക്കൂറുകളോളം പണിയെടുക്കുന്ന ഇവര്‍ വെറും നിലത്താണ് ഉറങ്ങിയിരുന്നത്. ഹിന്ദി മാത്രം സംസാരിക്കുന്ന തൊഴിലാളികള്‍ക്ക് ശമ്പളം വീടുകളിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു പതിവ്. വീട്ടിലെ വളര്‍ത്തുനായയ്ക്ക് വേണ്ടി ചെലവിടുന്ന പണത്തിന്റെ അത്രപോലും ജീവനക്കാര്‍ക്ക് വേണ്ടി മാറ്റിവയ്ക്കാറില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

2018ലാണ് ഹിന്ദുജയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുജ കുടുംബത്തിന്റെ വില്ലയിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സുപ്രധാന രേഖകള്‍ കണ്ടെടുത്തിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച ജനീവ കോടതി ഹിന്ദുജ കുടുംബം തൊഴിലാളികളെ ചൂഷണം ചെയ്തതായി തീര്‍പ്പു കല്‍പ്പിക്കുകയായിരുന്നു. തൊഴിലാളികളുടെ അറിവില്ലായ്മയെയും ഭാഷാ പ്രശ്നങ്ങളെയും ചൂഷണം ചെയ്ത് അവരെ പീഡിപ്പിക്കുകയായിരുന്നുവെന്ന് കോടതി ഉത്തരവില്‍ പറയുന്നു. 

സ്വിറ്റ്സര്‍ലന്‍ഡില്‍ ജോലി ചെയ്യാനുള്ള രേഖകളില്ലാതെയാണ് ഹിന്ദുജ തൊഴിലാളികളെ ജോലിക്കെടുത്തതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഹിന്ദുജ സ്വിസ് നിയമങ്ങള്‍ക്ക് വില കല്‍പ്പിച്ചില്ലെന്നും കൂട്ടിച്ചേര്‍ത്തു. 2007ല്‍ സമാന കേസില്‍ പ്രകാശ് ഹിന്ദുജയെ ശിക്ഷിച്ചിരുന്നെങ്കിലും പ്രതി തന്റെ നിയമവിരുദ്ധ പ്രവര്‍ത്തനം തുടര്‍ന്നതായി കോടതി ചൂണ്ടിക്കാട്ടി. ഹിന്ദുജ ഗ്രൂപ്പിന്റെ സ്വത്തുക്കളില്‍ ഒരു ഭാഗം ഇതിനോടകം സ്വിസ് അധികൃതര്‍ കണ്ടുകെട്ടി. ഇത് നിയമച്ചെലവുകള്‍ക്കും പിഴയടക്കാനും ഉപയോഗിക്കും. ഫോബ്‌സ് കണക്കുപ്രകാരം പ്രകാശും മൂന്ന് സഹോദരന്മാരും അടങ്ങുന്ന ഹിന്ദുജ കുടുംബത്തിന് 20 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ (ഏതാണ്ട് 1.6 ലക്ഷം കോടി രൂപ) സമ്പാദ്യമുണ്ട്. ഇന്ത്യന്‍ വ്യവസായിയായിരുന്ന പര്‍മാനന്ദ് ദീപ്ചന്ദ് ഹിന്ദുജയാണ് ഗ്രൂപ്പിന്റെ സ്ഥാപകന്‍. ഓട്ടോമോട്ടീവ്, ഓയില്‍, ഷിപ്പിങ്, ബാങ്കിങ്, ആരോഗ്യം, മാധ്യമം ഉള്‍പ്പെടെയുള്ള വിവിധ രംഗങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ബിസിനസ് ശൃംഖലയാണ് നിലവില്‍ ഹിന്ദുജ. അശോക് ലെയ്‌ലന്‍ഡ്, സ്വിച്ച് മൊബിലിറ്റി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഹിന്ദുജ ബാങ്ക്, ഹിന്ദുജ ഹെല്‍ത്ത് കെയര്‍, ഗള്‍ഫ് ഓയില്‍, എന്‍എക്സ്ടി ഡിജിറ്റല്‍ എന്നിവയാണ് പ്രധാന ബിസിനസ് സംരംഭങ്ങള്‍. 

Eng­lish Summary:Workers were exploit­ed; Four mem­bers of Hin­du­ja fam­i­ly sen­tenced to jail
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.