
സംസ്ഥാനത്ത് സർക്കാർ ഓഫിസുകളുടെ പ്രവൃത്തിദിനങ്ങൾ ആഴ്ചയില്‍ അഞ്ച് ആയി കുറയ്ക്കുന്നതിനുള്ള നിർദേശത്തെ സ്വാഗതം ചെയ്ത് സർവീസ് സംഘടനകൾ. ഞായറാഴ്ചക്ക് പുറമെ എല്ലാ ശനിയാഴ്ചയും അവധി ദിവസമാക്കാനാണ് ആലോചന. മറ്റ് ദിവസങ്ങളിൽ അധിക പ്രവൃത്തി സമയം ഏർപ്പെടുത്തുന്നതിനോടും സംഘടനകൾ യോജിപ്പ് അറിയിച്ചു. ഇന്നലെ ചീഫ് സെക്രട്ടറി ഓൺലൈനായാണ് സർവീസ് സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തത്. പ്രവൃത്തി ദിവസങ്ങൾ അഞ്ചാക്കി കുറയ്ക്കുന്നതിലൂടെ നഷ്ടമാകുന്ന പ്രവൃത്തിസമയം എല്ലാ ദിവസങ്ങളിലും രാവിലെയും വൈകിട്ടുമായി അധികസമയം ഏർപ്പെടുത്തി പരിഹരിക്കണമെന്ന് ജോയിന്റ് കൗൺസിൽ ചെയർമാൻ എസ് സജീവ് ചർച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് പറഞ്ഞു.
എന്നാൽ ഇതിന്റെ പേരിൽ ജീവനക്കാരുടെ ആകസ്മിക അവധി വെട്ടിക്കുറയ്ക്കുന്നതിനോട് യോജിക്കാനാകില്ലെന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി. ജീവനക്കാരുടെ അവധികൾ കുറയ്ക്കാതെ തന്നെ ഈ സമയനഷ്ടം പരിഹരിക്കാൻ കഴിയും. പൊതു അവധികളുടെ കാര്യത്തിൽ സർക്കാർ എന്തെങ്കിലും തീരുമാനം എടുക്കുകയാണെങ്കിൽ അത് ചർച്ച ചെയ്യാൻ തയ്യാറാണെന്നും ജോയിന്റ് കൗൺസിൽ അറിയിച്ചു. തുടർന്ന് ചർച്ചയിൽ പങ്കെടുത്ത എല്ലാ സംഘടനകളും ഈ നിർദേശങ്ങളെ സ്വാഗതം ചെയ്തു. കെജിഒഎഫ് പ്രസിഡന്റ് ഡോ. ബിനു പ്രശാന്ത്, എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ, എൻജിഒ അസോസിയേഷൻ പ്രസിഡന്റ് ജാഫർഖാൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സംഘടനകളുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് മുഖ്യമന്ത്രിയെ അറിയിക്കുമെന്നും അന്തിമ തീരുമാനത്തിന് മുമ്പ് സർവീസ് സംഘടനകളുമായി വീണ്ടും യോഗം ചേരുമെന്നും ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.