
ലോകബാങ്കില്‍ നിന്ന് ലഭിച്ച 14,000 കോടി രൂപയുടെ ഫണ്ട് നിതീഷ് കുമാര്‍ സര്‍ക്കാര്‍ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വകമാറ്റി ചെലവഴിച്ചുവെന്ന് ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ജൂണ്‍ മുതല്‍ ജനങ്ങളുടെ വോട്ട് വാങ്ങാന്‍ പൊതുപണം വിനിയോഗിച്ചതായും ജന്‍ സുരാജ് പാര്‍ട്ടി ദേശീയ വക്താവ് പവന്‍ വര്‍മ്മ വെളിപ്പെടുത്തി. തെരഞ്ഞെടുപ്പിനായി 40,000 കോടി രൂപ നിതീഷ് കുമാര്‍ സര്‍ക്കാര്‍ ധൂര്‍ത്തടിച്ചു. ലോക ബാങ്കില്‍ നിന്നും ലഭിച്ച 14,000 കോടി രൂപയും വകമാറ്റി. ആനുകൂല്യങ്ങളും സൗജന്യങ്ങളും നല്‍കാനാണ് ഈ പണം ഉപയോഗിച്ചതെന്നും പവന്‍ വര്‍മ്മ പറഞ്ഞു. തെരഞ്ഞെടുപ്പിന് ഏതാനും ദിവസം മുമ്പ് സ്ത്രീകളുടെ അക്കൗണ്ടില്‍ 10,000 രൂപ നിക്ഷേപിച്ച മഹിള റോസ്ഗാര്‍ യോജന പ്രഖ്യാപനം പെരുമാറ്റച്ചട്ട ലംഘനമായിരുന്നു. വോട്ടടുപ്പിന് ഒരു ദിവസം മുമ്പ് പോലും ജനങ്ങള്‍ക്ക് പണം നല്‍കുന്ന രാജ്യത്തെ ആദ്യ സംഭവമായിരുന്നു ബിഹാറില്‍ നടന്നത്. നിത്യചെലവിന് പോലും വകയില്ലാതിരുന്ന സ്ത്രീകളെ സ്വാധീനിക്കാന്‍ പ്രഖ്യാപനം ഉപകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നിപ്പോരാട്ടം നടത്തിയ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് ഒരു സീറ്റിലും വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. തൊട്ടുപിന്നാലെയാണ് ജെഡിയു സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി പാര്‍ട്ടി രംഗത്ത് വന്നത്. പവന്‍ വര്‍മ്മയുടെ ആരോപണം ദേശീയ അധ്യക്ഷന്‍ ഉദയ് സിങ്ങും ആവര്‍ത്തിച്ചു. സ്ത്രീകള്‍ക്ക് പണം നല്‍കി വോട്ട് നേടിയതിന്റെ ഫലമായി ബിഹാറില്‍ പൊതുകടം 4,06,000 കോടി രൂപയായി ഉയര്‍ന്നിരിക്കുകയാണ്. ഒരു ദിവസത്തെ പലിശ മാത്രം 63 കോടി രൂപ വരും. സംസ്ഥാന ഖജനാവ് കാലിയാണെന്നും ഉദയ് സിങ്ങ് ആരോപിച്ചു. എന്നാല്‍ ജന്‍ സുരാജ് ആരോപണത്തോട് നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.