31 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 27, 2025
March 15, 2025
March 13, 2025
March 8, 2025
March 4, 2025
March 3, 2025
March 3, 2025
February 28, 2025
February 18, 2025
February 6, 2025

ലോകമാതൃകയാവുന്ന പുനരധിവാസം

കെ രാജന്‍
റവന്യൂ വകുപ്പ് മന്ത്രി
March 27, 2025 9:50 am

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ഭൂമിയുടെ പുനർനിർമ്മാണ, പുനരധിവാസ പ്രക്രിയ ലോകത്തിനു മുന്നിൽ കേരളം സമർപ്പിക്കുന്ന പുതിയൊരു മാതൃകയാണ്. ഇന്ന് കല്പറ്റ മേപ്പാടിയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുന്നതോടെ പുനർനിർമ്മാണത്തിന്റെ പ്രധാന ഘട്ടത്തിലേക്ക് പ്രവേശിക്കും. 2024 ജൂലൈ 30ന് ദുരന്തമുണ്ടായതു മുതൽ നാളുകളിങ്ങോട്ട് സംസ്ഥാന സർക്കാർ നടത്തിയ ഓരോ ഇടപെടലുകളും പ്രവർത്തനങ്ങളും ആ നാടിനെ ചേർത്തുപിടിച്ചു കൊണ്ടുള്ളതാണ്.
കേവലം ഒരു സര്‍ക്കാര്‍ എന്നയർത്ഥത്തിലല്ല, ജാതി, മത, രാഷ്ട്രീയ, വർണ, വർഗ, ലിംഗ വ്യത്യാസമില്ലാതെ മുഴുവൻ മനുഷ്യരും അതിനൊപ്പം നിന്നു. അതിൽ യുവജന സംഘടനകളും സാമുദായിക പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളുമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മനുഷ്യത്വത്തോടെ എത്തിച്ചേരാൻ പറ്റുന്ന മുഴുവൻ ആളുകളുടെയും സാന്നിധ്യത്തെ കാഴ്ചക്കാരാക്കിയല്ല, ദൗത്യ സംഘങ്ങളാക്കി അണിനിരത്തിയാണ് ദുരന്ത നിവാരണ പ്രക്രിയയിലെ കേരള മോഡൽ സർക്കാർ പൂർത്തിയാക്കിയത്.

കാണാതായവരെ കണ്ടെത്തൽ, മരിച്ചവരെ തിരിച്ചറിയുക, അവരെ സംസ്കരിക്കുക, അവരുടെ കുടുംബങ്ങളെ കണ്ടെത്തുക, ഒറ്റപ്പെട്ടു പോയവരെ ക്യാമ്പുകളിലേക്ക് പാർപ്പിക്കുക തുടങ്ങിയ ശ്രമകരമായ പ്രക്രിയയായിരുന്നു അത്. ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവരെ താൽക്കാലികമായ സഹായങ്ങൾ ഒരുക്കി ഓഗസ്റ്റ് 23നകം പൂർണമായും വാടകവീടുകളിലേക്കും സർക്കാർ ക്വാർട്ടേഴ്സുകളിലേക്കുമായി മാറ്റിപ്പാർപ്പിച്ചു. ഇതോടെ സർക്കാർ പുനരധിവാസ പ്രക്രിയയുടെ ആദ്യ ഘട്ടത്തിലേക്ക് കടന്നു. പുനരധിവാസം വൈകി എന്ന വിധത്തിൽ ചില ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ പ്രവര്‍ത്തനത്തിന്റെ നാൾവഴികൾ പരിശോധിച്ചാൽ, സർക്കാർ മുന്നോട്ടുവച്ചത് കൃത്യമായ ധാരണകളും വീക്ഷണവുമാണ് എന്ന് മനസിലാക്കാനാവും.
വീടും ഭൂമിയും നഷ്ടപ്പെട്ടവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും നിശ്ചിത സംഖ്യ നൽകി ഒരു കടമ്പ പൂർത്തിയാക്കി അവരുമായുള്ള ബന്ധം അവസാനിപ്പിക്കാനല്ല സർക്കാർ ഇവിടെ ശ്രമിച്ചത്. ആദ്യം അവരെ സ്ഥിരമായി പുനരധിവസിപ്പിക്കേണ്ട ഇടങ്ങളെക്കുറിച്ച് ചർച്ച നടത്തി. ലോക ചരിത്രത്തിൽ ആദ്യമായി, ദുരന്ത ബാധിതരായ മനുഷ്യരോട് തന്നെ ഇതേക്കുറിച്ച് അന്നത്തെ ചീഫ് സെക്രട്ടറി ഡോ. വി വേണു, ക്യാമ്പുകളിലും പൊതു ഇടങ്ങളിലും നേരിട്ടെത്തി അഭിപ്രായങ്ങൾ ആരാഞ്ഞു.
അവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത്, ദുരന്തം ഞങ്ങളിൽ പലരെയും അകറ്റി, പുനരധിവസിപ്പിക്കുമ്പോൾ ഞങ്ങളെ പിരിക്കരുത്; എല്ലാവരും അടുത്തടുത്ത് താമസിക്കുംവിധം ഒരിടം മതി എന്നാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു പൊതുസ്ഥലം കണ്ടെത്തണം എന്ന ആശയത്തിലേക്ക് വന്നത്. ഇത് മുൻനിർത്തി ഒരു ടൗൺഷിപ്പിലേക്ക് ഇവരെ എല്ലാം പാർപ്പിക്കും എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് വലിയ ആത്മവിശ്വാസം ഉണ്ടാക്കി.
ഭൂമി കണ്ടെത്തി വീട് നിർമ്മിച്ചു നൽകാൻ പറ്റുന്ന നാടല്ല, ഭൂപ്രകൃതി കൊണ്ട് വയനാട്. അധികവും തോട്ടങ്ങളാണ് എന്നതും വെല്ലുവിളിയായി. എല്ലാവർക്കും അടുത്തടുത്ത് താമസിക്കണം എന്ന അവരുടെ ആഗ്രഹം നിറവേറ്റണം എന്ന ഉത്തരവാദിത്തത്തിൽ നിന്ന് ഉയർന്നതാണ് ടൗൺഷിപ്പ് എന്ന ആശയം. ഇതിന് സുരക്ഷിതമായ ഭൂമി കണ്ടെത്താന്‍ തീരുമാനിച്ചു. 25 എസ്റ്റേറ്റുകൾ കണ്ടെത്തി. ഇവിടങ്ങളിൽ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള ഭൗമശാസ്ത്ര സംഘം പരിശോധന നടത്തി. സുരക്ഷിതമെന്ന് ചൂണ്ടിക്കാട്ടിയ ഒമ്പത് എസ്റ്റേറ്റുകളിലേക്ക് ശ്രദ്ധ ചുരുക്കി. ഇതിൽ ഏറ്റവും അടുത്തും സുരക്ഷിതവും മുഴുവൻ പേരെയും ഉൾക്കൊള്ളാവുന്നതുമായ രണ്ട് ഇടങ്ങളെന്ന നിലയിൽ എൽസ്റ്റണും നെടുമ്പാലയും നിശ്ചയിച്ചു.
ദുരന്തമുണ്ടായി 63-ാമത്തെ ദിവസം ഒക്ടോബർ മൂന്നിന് ഈ രണ്ട് ഭൂമികളും ഏറ്റെടുക്കാൻ കേരള മന്ത്രിസഭ തത്വത്തിൽ തീരുമാനിച്ചു. പിറ്റേന്ന്, തന്നെ ഇതു സംബന്ധിച്ച സർക്കാർ ഉത്തരവും പുറപ്പെടുവിച്ചു. നിർഭാഗ്യവശാൽ തോട്ടം ഉടമകളുടെ കോടതി വ്യവഹാരങ്ങൾ തടസമായി മുന്നിൽ വന്നു. രണ്ടരമാസം പിന്നിട്ട്, ഡിസംബർ 27നാണ് സർക്കാരെടുത്ത തീരുമാനങ്ങൾ പൂർണമായും ശരിയെന്ന് കണ്ടെത്തിയ കോടതി, ഒക്ടോബർ നാലിലെ സർക്കാർ ഉത്തരവ് അംഗീകരിച്ചുള്ള വിധി പ്രസ്താവിച്ചത്. കോടതി വ്യവഹാരങ്ങൾ നടക്കുമ്പോഴും സർക്കാർ സംവിധാനങ്ങൾ നിശ്ചലമായിരുന്നില്ല. ഇതേ ഭൂമി തന്നെ ലഭ്യമാകും എന്ന പ്രതീക്ഷയിൽ പുറത്തുനിന്നുള്ള ചിത്രങ്ങൾ പകർത്തി, അവിടെ നിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്ന വിവിധങ്ങളായ സംവിധാനങ്ങളെക്കുറിച്ച് പൂർണമായ പഠനങ്ങൾ തുടർന്നു. രൂപരേഖയും തയ്യാറാക്കിയിരുന്നു. 

ഭൂമി ഏറ്റെടുക്കാനുള്ള നിർദേശം ഡിസംബർ 27ന് കോടതിയിൽ നിന്ന് ലഭിച്ച് നാല് ദിവസം കഴിഞ്ഞ് ജനുവരി ഒന്നിന് തന്നെ ആ രൂപരേഖ അവതരിപ്പിച്ചു. ഏറ്റെടുക്കുന്ന ഭൂമി, നിർമ്മിക്കുന്ന കെട്ടിടങ്ങൾ, അതിന്റെ പൊതുസ്വഭാവം, അതിലെ മറ്റു നിർമ്മിതികൾ, നിർവഹണ ഏജൻസികൾ ഏത് എന്നടക്കം ഏറ്റവും കൃത്യമായ വീക്ഷണത്തിലുള്ള രൂപരേഖയാണ് സമർപ്പിച്ചത്.
കോടതി വ്യവഹാരം നടക്കുന്നതിനാൽ ഭൂമിയിൽ പ്രവേശിച്ചുള്ള നടപടികൾക്ക് വിലക്കുണ്ടായിരുന്നു.
ജനുവരി രണ്ടിന് റവന്യു മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന്, ഹൈഡ്രോളജിക്കൽ സർവേ, ടോപ്പോഗ്രാഫിക്കൽ സർവേ, ജിയോളജിക്കൽ സർവേ, മണ്ണ് പരിശോധന എന്നിവ അടിയന്തരമായി പൂത്തീകരിക്കാൻ തീരുമാനിച്ചു. ഇതോടൊപ്പം ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിശ്ചയിക്കുക എന്ന നടപടിയും ആരംഭിച്ചു. ഏറ്റവും ചുരുങ്ങിയ കാലം കൊണ്ട് ഈ പ്രവർത്തനങ്ങളെല്ലാം പൂർത്തീകരിച്ച് വില നൽകാനുള്ള എല്ലാ തയ്യാറെടുപ്പും നടത്തുന്നതിനിടെ വീണ്ടും കോടതിയിൽ കേസ് വന്നു. ഇതിന്റെ നടപടിക്രമങ്ങൾ തുടരുമ്പോഴും ഭൂമി ഏറ്റെടുത്ത നടപടിക്ക് സ്റ്റേയില്ലെന്നും സർക്കാർ തീരുമാനം ശരിയാണെന്നും സർക്കാർ പറഞ്ഞതനുസരിച്ചുള്ള തുക വിശദാംശങ്ങൾ സഹിതം കെട്ടിവയ്ക്കാമെന്നും ഉദ്ഘാടനച്ചടങ്ങുൾപ്പടെ ഭൂമിയിൽ നടത്താമെന്നും കോടതി വിധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് മുതൽ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
ഗവർണർ നിയമസഭയിൽ നടത്തിയ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ പ്രഖ്യാപിച്ചതു പോലെ, ഈ സാമ്പത്തിക വർഷം തന്നെ വീട് നഷ്ടപ്പെട്ട മുഴുവൻ ആളുകൾക്കും വീട് നിർമ്മിച്ചു നൽകും. ഗവർണർ നൽകിയ ഉറപ്പ് സർക്കാർ പൂർണമായും പാലിക്കും. ഇതിനായി വീടുകൾ നൽകേണ്ടവരുടെ പട്ടിക തയ്യാറാക്കി. പൂർണമായും വീട് തകർന്നവരുടെ പട്ടികയാണ് ഒന്നാം പാദത്തിൽ തയ്യാറാക്കിയത്.
ഓരോ മേഖലയിലും ഉള്ള ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാൻ കഴിയുന്ന വിധം മൈക്രോ പ്ലാൻ തയ്യാറാക്കി. 1,038 പേർ ഉൾക്കൊള്ളുന്ന മൈക്രോ പ്ലാൻ ആണ് തയ്യാറാക്കിയത്. കുട്ടികളുടെ പുനരധിവാസ പ്രക്രിയയുടെ കാര്യത്തിലും ഒരു കേരള മോഡൽ പാക്കേജ് തയ്യാറാക്കിയിട്ടുണ്ട്. പുനരധിവാസത്തിന്റെ ഭാഗമായ ഒരു വിദ്യാഭ്യാസ പാക്കേജ് സർക്കാർ തയ്യാറാക്കി. ദുരന്തത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട ഏഴ് കുട്ടികൾ, ഒരു രക്ഷകർത്താവ് മാത്രമായി അവശേഷിച്ച 14 കുട്ടികൾ, അതിഥിത്തൊഴിലാളികളായ രക്ഷിതാക്കൾ നഷ്ടപ്പെട്ട മൂന്ന് കുട്ടികൾ ഉൾപ്പടെ 24 കുട്ടികൾ അക്ഷരാർത്ഥത്തിൽ അനാഥരാണ്.
ഇവരിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളുടെ പേരിൽ 10 ലക്ഷം രൂപ വീതവും ഒരു രക്ഷിതാവ് മാത്രമുള്ള കുട്ടികൾക്ക് അഞ്ച് ലക്ഷം വീതവും തുടർ പഠനത്തിനുവേണ്ടി സർക്കാർ അനുവദിച്ചു. ഇതിനു പുറമെ ഓരോരുത്തരുടെയും പേരിൽ രണ്ടര ലക്ഷം രൂപ വീതം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സഹായമായി മറ്റൊരു അക്കൗണ്ടിൽ നിക്ഷേപിച്ചു. യുനിസെഫുമായി സഹകരിച്ച് 24 കുട്ടികളെയും 25 വയസുവരെ പഠിപ്പിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വാടക കൊടുക്കേണ്ടി വന്നാൽ അതിനായി 4,000 രൂപ വീതം 24 പേർക്കുമായി നിശ്ചയിച്ചു. ലാപ്പ്ടോപ്പ് ഉൾപ്പെടെ പഠന സഹായികൾ തീരുമാനിച്ചു.
ചികിത്സാ സഹായങ്ങളുടെ കാര്യത്തിലും പാക്കേജ് തയ്യാറാക്കിട്ടുണ്ട്. പുനരധിവസിപ്പിക്കുന്നവരുടെ ചികിത്സ പൂർണമായും സൗജന്യമാക്കുന്നതിന് മൂന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി. തുടർ ചികിത്സ എവിടെയാണ് നൽകേണ്ടത് എന്ന് നിശ്ചയിച്ചിട്ടുള്ളത്, അവിടെ നിന്ന് വിദഗ്ധ ചികിത്സാ സ്വകാര്യ ആശുപത്രിയിലേക്കാണ് നിർദേശിക്കുന്നതെങ്കിൽ, അവിടത്തെ ബിൽ മെഡിക്കൽ ബോർഡ് പരിശോധിച്ച് സിഎംഒ മുഖാന്തിരം റീ ഇംപേഴ്സ് ചെയ്ത് നൽകാൻ അനുവാദം നൽകി. സമഗ്രമായ ചൂരൽമലയുടെ പുനർനിർമ്മാണത്തിനും പദ്ധതികൾ ആവിഷ്കരിച്ചു. അവിടെ തകർന്നു പോയ മുഴുവൻ റോഡുകളും പാലങ്ങളും, വെള്ളാർമല, മുണ്ടക്കൈ സ്കൂളുകൾ, സർക്കാർ ഓഫിസുകൾ, ടൗണിന്റെ പുനർനിർമ്മാണം തുടങ്ങി, മരിച്ചവരെ തിരിച്ചു കൊടുക്കാൻ കഴിയാത്തതൊഴിച്ചാൽ, മറ്റെല്ലാ കാര്യത്തിലും സമഗ്രമായ പുനർനിർമ്മാണ, പുനരധിവാസ പ്രക്രിയയാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.
ഒരു ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ 298 ആളുകളുടെ മരണത്തിന് വഴിവച്ച ഒരു ദുരന്തവും സമീപഭൂതകാലത്ത് നാം കണ്ടിട്ടില്ല. ഇത്തരം ഒരു സാഹചര്യത്തിൽ ആളുകളെ പുനരധിവസിപ്പിക്കാനും പ്രദേശത്തെ പുനർനിർമ്മിക്കാനുമുള്ള ഒരു മോഡലും ഇന്ത്യയിൽ എവിടെയും ഈ വിധത്തിൽ തയ്യാറായിട്ടുമില്ല. അതുകൊണ്ടാണ് കേരളം പുതിയൊരു മോഡലിനെ തേടിയത്. കേരളം ഒരു ദുരന്തത്തിന്റെ മുന്നിലും പേടിച്ചു നിൽക്കില്ല. കേന്ദ്ര സർക്കാർ അർഹമായ സഹായം തരാത്ത ഘട്ടത്തിൽ പോലും ഭീതിയോടെ നിൽക്കലല്ല, മറിച്ച് ഇതിനെയും അതിജീവിക്കുമെന്ന് ഉറപ്പോടെ ലോകത്തെ മുഴുവൻ സാക്ഷി നിർത്തി, ലോകം ശ്രദ്ധിക്കുന്ന ദുരന്തനിവാരണ പുനർനിർമ്മാണ, പുനരധിവാസ പ്രക്രിയയുടെ ഒരു കേരള മോഡൽ സൃഷ്ടിക്കുകയാണ്. 

Kerala State AIDS Control Society

TOP NEWS

March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.