കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതില്‍ ലോകം തെറ്റായ ദിശയിലേക്കെന്ന് യുഎന്‍ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളില്‍ പ്രതിദിനം ശരാശരി 20 കോടി ഡോളറിന്റെ നാശനഷ്ടമാണുണ്ടാകുന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ലോക കാലാവസ്ഥാ സംഘടനയുമായി ചേര്‍ന്ന് വിവിധ ഏജന്‍സികള്‍ നടത്തിയ ഏറ്റവും പുതിയ പഠനം അനുസരിച്ച് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ബഹിര്‍ഗമന തോത് വര്‍ധിക്കുകയാണ്. കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ പ്രകൃതിദുരന്തങ്ങളില്‍ അഞ്ചിരട്ടി വര്‍ധനവുണ്ടായെന്നും പ്രതിദിനം ശരാശരി 115 പേര്‍ മരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാകിസ്ഥാനിലെ വെള്ളപ്പൊക്കം, യൂറോപ്പിലെ ഉഷ്ണതരംഗം, ആഫ്രിക്ക, ചൈന, അമേരിക്ക എന്നിവിടങ്ങളിലുണ്ടായ വരള്‍ച്ച തുടങ്ങിയവയെല്ലാം ഗുട്ടറസ് ചൂണ്ടിക്കാട്ടി. വ്യവസായ വിപ്ലവത്തിന് മുമ്പുള്ളതിനേക്കാള്‍ ആഗോളതാപനില വര്‍ധിച്ച് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.5 ഡിഗ്രി സെല്‍ഷ്യസായി മാറാനുള്ള സാധ്യത 48 ശതമാനമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കെടുതികള്‍ നേരിടാന്‍ നിരവധി സര്‍ക്കാരുകള്‍ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇതേ തുടര്‍ന്ന് കാലാവസ്ഥാ ദുരന്തങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ നാശനഷ്ടങ്ങളുടെ തോത് വര്‍ധിക്കുകയാണ്.
ഈ വര്‍ഷത്തെ ആദ്യ അഞ്ചുമാസത്തെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ബഹിര്‍ഗമനം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു. ജനുവരി മുതല്‍ മേയ് വരെയുള്ള കാലയളവില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം 7.5 ശതമാനം വര്‍ധിച്ചു. അമേരിക്കയില്‍ 5.7 ശതമാനം വര്‍ധനവുണ്ടായി. യൂറോപ്യന്‍ രാജ്യങ്ങളിലും വര്‍ധനവുണ്ട്.
2030 ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുമെന്ന ജി 20 രാജ്യങ്ങളുടെ പ്രതിജ്ഞ പാലിക്കപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ആഗോളതലത്തിലെ ആകെ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ 80 ശതമാനവും ജി 20 രാജ്യങ്ങളില്‍ നിന്നാണ്. ആഗോള പ്ലാസ്റ്റിക് ഉല്പാദനജത്തിന്റെ 70 ശതമാനവും ഈ രാജ്യങ്ങളില്‍ നിന്നുതന്നെയാണ്. ലോകജനസംഖ്യയുടെ മൂന്നില്‍ രണ്ടും ലോകത്തെ പാവപ്പെട്ടവരില്‍ പകുതിയിലധികവും ജി 20 രാജ്യങ്ങളില്‍ തന്നെയാണ്. ജി 20 രാജ്യങ്ങളില്‍ അര്‍ജന്റീന, ചൈന, യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ, ജപ്പാന്‍, റഷ്യ, സൗദി, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, ബ്രിട്ടന്‍ തുടങ്ങിയ പത്ത് രാജ്യങ്ങള്‍ മാത്രമാണ് 2015ലെ പാരിസ് ഉടമ്പടി പ്രകാരം ദേശീയ കാര്‍ബണ്‍ ബഹിഷ്കരണം, കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത എന്നിവ കുറയ്ക്കുന്നതിനായി പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
English Summary: World in ‘wrong direction’ as climate impacts worsen: UN
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.