5 May 2024, Sunday

Related news

April 25, 2024
January 29, 2024
January 28, 2024
January 21, 2024
January 14, 2024
January 13, 2024
December 7, 2023
December 7, 2023
December 6, 2023
December 1, 2023

ഏറ്റവും കൂടുതല്‍ കാലാവസ്ഥാ ദുരന്തങ്ങള്‍ ഏഷ്യയില്‍

Janayugom Webdesk
ജനീവ
April 25, 2024 10:06 pm

പോയവര്‍ഷം ഏറ്റവും കൂടുതല്‍ കാലാവസ്ഥാ ദുരന്തങ്ങള്‍ക്ക് സാക്ഷിയായത് ഏഷ്യയെന്ന് ലോക കാലാവസ്ഥാ സംഘടന. 75 കാലാവസ്ഥ ദുരന്തങ്ങളില്‍ രണ്ടായിരം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും യുഎന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഷ്യയിലെ കാലാവസ്ഥ 2023 എന്ന പേരിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
മിന്നല്‍പ്രളയം, വരള്‍ച്ച, ഉഷ്ണതരംഗം, കടുത്ത മഞ്ഞുവീഴ്ച പോലുള്ള ദുരന്തങ്ങളാണ്‌ പട്ടികയിൽ ഉൾപ്പെടുക. ഇത്തരത്തിലുണ്ടായ പ്രകൃതിദുരന്തങ്ങളില്‍ 80 ശതമാനത്തിലധികവും പ്രളയങ്ങളും കൊടുങ്കാറ്റുകളുമായിരുന്നു. ലോകാരോഗ്യസംഘടനയുടെയും ബെല്‍ജിയം കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ദ എപ്പി‍‍ഡമോളജി ഓഫ് ഡിസാസ്റ്റേഴ്സിന്റെയും എമര്‍ജന്‍സി ഇവന്റ്സ് ഡാറ്റബേസ് വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 

ദക്ഷിണകിഴക്കന്‍ ഏഷ്യയില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍, ജൂണ്‍ മാസങ്ങള്‍ക്കിടയില്‍ ഗുരുതരവും അല്ലാത്തതുമായ നിരവധി ഉഷ്ണതരംഗങ്ങള്‍ അനുഭവപ്പെട്ടു. ഇന്ത്യയിലും ബംഗ്ലാദേശിലും ഇന്ത്യയുടെ കിഴക്കന്‍ ഭാഗങ്ങളിലും ഇത് അനുഭവപ്പെട്ടു. ഏപ്രില്‍, ജൂണ്‍ മാസങ്ങളിലായി ഇന്ത്യയിലുണ്ടായ ഉഷ്ണതരംഗത്തില്‍ 110 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യയില്‍ ശരാശരി ചൂട് റെക്കോഡ് മറികടന്നു. അതേമാസത്തില്‍ ഗുരുതരമായ മഴക്കെടുതികള്‍ക്കും രാജ്യം സാക്ഷിയായി.
കാലവര്‍ഷത്തില്‍ ശരാശരിയേക്കാള്‍ താഴെ മഴമാത്രമാണ് ഇന്ത്യയില്‍ അനുഭവപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പടിഞ്ഞാറന്‍ ഇന്ത്യയിലെ ചില പ്രദേശങ്ങള്‍, ഗംഗയുടെ വൃഷ്ടി പ്രദേശം, ബ്രഹ്മപുത്രയ്ക്ക് സമീപം തുടങ്ങിയയിടങ്ങളില്‍ മഴ കുറവായിരുന്നു. എല്‍ നിനോയും ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോളുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 

മഴ ലഭ്യത കുറഞ്ഞതിനും ഉഷ്ണക്കാറ്റിനും പുറമെ മഴക്കെടുതികളും മണ്ണിടിച്ചിലും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലുള്‍പ്പെടെ ഇന്ത്യയില്‍ വ്യാപകമായ മഴക്കെടുതികളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. 25 മരണവും കൃഷി ഉള്‍പ്പെടെ ഗുരുതരമായ നാശനഷ്ടങ്ങളും ഈക്കാലയളവില്‍ രാജ്യത്തുണ്ടായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പലപ്രദേശങ്ങളിലും നിരോധനാജ്ഞ ഉള്‍പ്പെടെ ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യക്ക് പുറമെ യെമനിലും പാകിസ്ഥാനിലും ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമായത് മഴക്കെടുതികളാണ്. ഒക്ടോബറില്‍ സിക്കിമിലുണ്ടായ മിന്നല്‍ പ്രളയം ലാചന്‍ താഴ്‌വരയിലെ മഞ്ഞുപാളി തടാകം തകര്‍ന്നതിനാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞവര്‍ഷം വിവിധ കാലാവസ്ഥാ ദുരന്തങ്ങളിലായി രാജ്യത്ത് നൂറ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എഴുപതിലധികം പേരെ കാണാതായി. 4500 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും 90,000 പേരെ ദുരന്തങ്ങള്‍ ബാധിക്കുകയും ചെയ്തു. മിന്നല്‍ പ്രളയങ്ങളില്‍ 2000 വീടുകളാണ് തകര്‍ന്നത്.

ഏഷ്യയിലുണ്ടായ ഗുരുതര കാലാവസ്ഥാ ദുരന്തങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം ജനുവരി രണ്ടിന് സൗദി അറേബ്യയിലെ മദീനയില്‍ പെയ്ത റെക്കോ‍ഡ് മഴയും നവംബര്‍ 15ന് തെക്കന്‍ ജിദ്ദയിലുണ്ടായ വെള്ളപ്പൊക്കവും ഉള്‍പ്പെട്ടിട്ടുണ്ട്.

Eng­lish Sum­ma­ry: Most cli­mate dis­as­ters in Asia

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.