
ലോകം ഫുട്‌ബോൾ ആവേശത്തിന്റെ നെറുകയിലേക്ക് ചുവടുവെക്കുകയാണ്. യുദ്ധഭീതിയുടെ നിഴലിലും കാൽപ്പന്തുകളിയുടെ മാസ്മരികതയിലേക്ക് ഉണരാൻ ഇനി കേവലം 100 ദിവസങ്ങൾ മാത്രം. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ മൂന്ന് കരുത്തരായ അമേരിക്കയും കാനഡയും മെക്‌സിക്കോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ വിശ്വമേളയ്ക്ക് ജൂൺ 11‑ന് മെക്സിക്കോയിൽ പന്തുരുളും. ജൂലൈ 19‑ന് ഫൈനൽ വിസിൽ മുഴങ്ങുന്നതുവരെ നീളുന്ന പോരാട്ടത്തിൽ ഇക്കുറി റെക്കോർഡ് എണ്ണം ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 32‑ൽ നിന്ന് 48 ടീമുകളായി വികസിച്ച ടൂർണമെന്റിൽ ആകെ 104 മത്സരങ്ങൾ 16 നഗരങ്ങളിലായി അരങ്ങേറും. മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആവേശകരമായ ഉദ്ഘാടന മത്സരത്തോടെയാണ് ഇതിന് തുടക്കമാകുന്നത്.
പുതുമുഖങ്ങളുടെ സാന്നിധ്യമാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. കുറസാവോ, ജോർദാൻ, ഉസ്‌ബെക്കിസ്ഥാൻ, കേപ് വെർദെ എന്നീ രാജ്യങ്ങൾ തങ്ങളുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പിന് ഇക്കുറി ബൂട്ടുുകെട്ടും. നിലവിൽ 42 ടീമുകൾ യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. ശേഷിക്കുന്ന 6 സ്ഥാനങ്ങളിലേക്കുള്ള വാശിയേറിയ പ്ലേഓഫ് മത്സരങ്ങൾ മാർച്ച് 26 മുതൽ നടക്കും. തുടർച്ചയായ രണ്ട് ലോകകപ്പുകളിൽ പുറത്തിരുന്ന മുൻ ചാമ്പ്യന്മാരായ ഇറ്റലി ഇത്തവണ മടങ്ങിവരുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. ഇന്ത്യൻ ഫുട്ബോൾ പ്രേമികളെ സംബന്ധിച്ചിടത്തോളം 13 വ്യത്യസ്ത സമയങ്ങളിലായാണ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ രാത്രി 9.30 മുതൽ പിറ്റേന്ന് രാവിലെ 9.30 വരെയുള്ള വിവിധ സമയങ്ങളിൽ നടക്കുമ്പോൾ, സെമിഫൈനലും ഫൈനലും ഇന്ത്യൻ സമയം പുലർച്ചെ 12.30നാണ് അരങ്ങേറുക. അതേസമയം, രാഷ്ട്രീയ അന്തരീക്ഷത്തിലെ അസ്വസ്ഥതകൾ കളിമുറ്റത്തും നിഴലിക്കുന്നുണ്ട്. സുരക്ഷാ കാരണങ്ങളാലും യുദ്ധ പശ്ചാത്തലത്തിലും അമേരിക്കയിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതിലെ ആശങ്ക ഇറാൻ ഫുട്‌ബോൾ ഫെഡറേഷൻ ഇതിനോടകം പങ്കുവെച്ചിട്ടുണ്ട്. ജൂൺ 15ന് കാലിഫോർണിയയിൽ ന്യൂസിലൻഡിനെതിരെയാണ് ഇറാന്റെ ആദ്യ പോരാട്ടം നിശ്ചയിച്ചിരിക്കുന്നത്. തടസ്സങ്ങളെല്ലാം നീക്കി ലോകം പന്തിന് പിന്നാലെ പായുന്ന ആ സുദിനത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ കായിക പ്രേമികൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.