“അല്ലെങ്കിലും ഈ സൃഷ്ടി എന്നു പറയുമ്പോ… ഒരു തീപ്പൊരിപോലെ, മിന്നലുപോലെ എന്റെ ഉള്ളിലെന്തെങ്കിലും വീഴണ്ടേ? അലട്ടാൻ പാകത്തിന് മനmfന്റെ അടിത്തട്ടില് എന്തെങ്കിലും അടിഞ്ഞുകൂടി കിടക്കണ്ടേ? ”- സേതുവിന്റെ ‘നാൽപ്പത്തൊന്ന് രാവുകൾ’ എന്ന കഥയിലെ നായകൻ പറയുന്ന ഈ വാചകങ്ങൾ സേതുവിന്റെ രചനാലോകത്തിന് പൊതുവായി ചേരുന്നതാണ്. സൃഷ്ടിയുടെ നിഗൂഢ കർമ്മത്തിലേക്ക് മാന്ത്രികമായ അന്തരീക്ഷം ഒരുക്കുകയാണ് ഈ കഥയിൽ സേതു. എന്നാൽ സേതുവിന്റെ കഥാപ്രപഞ്ചം മുഴുവനായി പരിശോധിക്കുന്ന ആർക്കും അതിലെ നിഗൂഢ സൗന്ദര്യങ്ങളെ ചോർത്തിക്കളഞ്ഞു മുന്നോട്ടുപോകാനാകില്ല. മലയാളസാഹിത്യത്തിലെ ആധുനികതയുടെ തീവ്രകാലത്ത് എഴുത്തിൽ പ്രത്യക്ഷപ്പെട്ട സേതു അതിന്റെ സാമ്പ്രദായികമായ വഴിയിൽ നിന്ന് വേറിട്ടുനടന്നു. എന്നാൽ ദാർശനികമായ അനുഭൂതിതലങ്ങളെ ഈ എഴുത്തുകാരൻ ഒഴിവാക്കിയതുമില്ല. ആധുനികത പൊതുവെ ചിത്രീകരിച്ച നാഗരികയിടങ്ങളെ സേതു സ്വീകരിച്ചില്ല. കേരളീയമായ സ്ഥലഭാവനകളിലേക്ക് മരണഭീതിയും അസ്തിത്വപ്രശ്നങ്ങളും അപരാനുഭവങ്ങളും ദ്വന്ദ്വവ്യക്തിത്വങ്ങളും നിറഞ്ഞ കഥാപ്രമേയങ്ങളെയും കഥാപാത്രങ്ങളെയും അദ്ദേഹം കൂട്ടിക്കൊണ്ടുവന്നു.
വൈയക്തികവും സാമൂഹികവുമായ അബോധചേതനകളിൽ സുപ്തമായിക്കിടക്കുന്ന ഭയങ്ങളെയും വിശ്വാസങ്ങളെയും പേടിസ്വപ്നങ്ങളെയും ധാരാളമായി പിന്തുടരുന്ന ഭാവനയായിരുന്നു സേതുവിന്റേത്. ഏതോ അതീതലോകത്തിന്റെയോ ശക്തികളുടെയോ പ്രവർത്തനഫലത്താൽ നിയോഗങ്ങൾക്ക് വിധിപ്പെടുന്ന കഥാപാത്രങ്ങൾ, ആവർത്തനങ്ങളും അനിശ്ചിതത്വങ്ങളും കൊണ്ട് ഭാവനയുടെ പെരുമഴ തീർക്കുന്ന അനേകം സന്ദർഭങ്ങൾ സേതുവിന്റെ രചനാഭൂപടത്തിൽ നിരന്തരം കടന്നുവരുന്നു. യാഥാർത്ഥ്യത്തിൽ പലപ്പോഴും അസാധാരണത്വം കലർത്തുന്ന സേതുവിന്റെ സ്വകീയമായ ശൈലി വായനക്കാരെ സാമാന്യമായി വിശദീകരണക്ഷമമല്ലാത്ത ലോകങ്ങളിലേക്ക് നിരന്തരം ക്ഷണിക്കുന്നു. സേതുവിന്റെ ബിംബകല്പനകളിൽ, പ്രതീകങ്ങളിൽ, സ്വപ്നാനുഭവങ്ങളിൽ ഒക്കെ മാനസികവും ബൗദ്ധികവുമായ അനിശ്ചിതത്വങ്ങൾ (uncertanity) ആവർത്തിക്കുന്നത് കാണാം. യാഥാർത്ഥ്യം/അയഥാർത്ഥ്യം, സത്യം/ഭാവന, സ്വാഭാവികം/അസ്വഭാവികം തുടങ്ങിയ ദ്വന്ദ്വങ്ങളെ അസ്ഥിരപ്പെടുത്തുന്നവയാണ് പലപ്പോഴും സേതുവിന്റെ എഴുത്തുകൾ.
സേതു എന്ന എഴുത്തുകാരനെപ്പറ്റി പറയുമ്പോൾ ഏവരും ആദ്യം പറയുക പാണ്ഡവപുരം എന്ന നോവലിനെപ്പറ്റിയാകും. മലയാളനോവലിലെ മികച്ച രചനകളിൽ ഒന്നാണത്. എത്രയോ പഠനങ്ങളും നിരീക്ഷണങ്ങളും ഈ നോവലിനെപ്പറ്റി ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. ഇപ്പോഴും പുതിയ വായനകൾ വന്നുകൊണ്ടിരിക്കുന്നു. ആധുനിക സാഹിത്യത്തിലെ മറ്റു കൃതികളിൽ നിന്നും വേറിട്ടുനിൽക്കുന്നു സേതുവിന്റെ ഈ ചെറിയ നോവൽ. പാണ്ഡവപുരത്തിലെ ദേവിയേയും അവളെത്തേടിയെത്തുന്ന അനേകം ജാരന്മാരെയും അറിയാത്ത വായനക്കാർ ഇല്ലതന്നെ. ഫാന്റസിയും യാഥാർത്ഥ്യവും ചേർത്ത് സേതു നിർമ്മിച്ചെടുത്ത ഈ ആധുനികമിത്ത് അതിന്റെ കേന്ദ്രത്തിൽ പ്രതിഷ്ഠിച്ചത് ഒരു സ്ത്രീയെയായിരുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത. അതോടൊപ്പം ഭാവസാന്ദ്രത കൊണ്ടും ദേവിയുടെ ഉന്മാദം നിറഞ്ഞ വിഭക്തമനോനിലയുടെ ആവിഷ്കാരം കൊണ്ടും അതിലെ കല്പിതമായ സ്ഥലഭാവനയുടെ നിർമ്മിതികൊണ്ടും നിഗൂഢത മുറ്റിനിൽക്കുന്ന വരണ്ട അന്തരീക്ഷം കൊണ്ടും മലയാളഭാവനയെ പാണ്ഡവപുരം പുതുക്കിയെടുത്തു. ദേവിയുടെ മായികമായ രതിസങ്കല്പങ്ങൾക്ക് സമാന്തരമായി സേതു അവതരിപ്പിക്കുന്ന മൂന്ന് കഥകൾ- വിദേശികളുടെ ആക്രമണത്തിന് മുന്നിൽ പരാജയപ്പെട്ട കാട്ടുവാസികളുടെയും ബലാൽസംഗം ചെയ്യപ്പെട്ട അവരുടെ സ്ത്രീകളുടെയും കഥ; പാണ്ഡവപുരത്തെ ഇപ്പോഴത്തെ തലമുറ ഉണ്ടായി വന്ന കഥയാണ് ജാരൻ പറയുന്നത്.
കൊല്ലന്റെ നാടോടിക്കഥയാണ് രണ്ടാമത്തേത്. കരുത്തനും ഷണ്ഡനുമായ കൊല്ലൻ, ചെയ്യാത്ത കുറ്റത്തിന് സ്വന്തം ഭാര്യയെ സംശയിക്കുകയും നിരപരാധിയായ ഒരു ചെറുപ്പക്കാരനെ ഇല്ലാതാക്കുകയും ചെയ്യുന്നു. ആ ചെറുപ്പക്കാരനിലാണ് പാണ്ഡവപുരത്തെ ആദിജാരനെ ദേവിയുടെ കാമുകൻ കണ്ടെടുക്കുന്നത്. അഞ്ചുസഹോദരന്മാരുടെയും അവരുടെ ഭാര്യയായ സ്ത്രീയുടെയും ഇതിഹാസകഥയെ സേതു പുതിയൊരു വീക്ഷണത്തിൽ അവതരിപ്പിക്കുന്നതാണ് മൂന്നാമത്തെ കഥ. പാഞ്ചാലിയെപ്പോലെ അഞ്ചുഭർത്താക്കന്മാരുടെ ഭാര്യയായി ഇരിക്കുന്ന വിധിയെ എതിർക്കുന്നു നോവലിലെ സ്ത്രീ. ബഹുഭർതൃത്വത്തെ ഒരു ശാപമായിട്ടാണ് അവൾ കാണുന്നത്. ഭർത്താക്കന്മാരുടെ മുഖത്തുനോക്കി പൊട്ടിത്തെറിക്കുന്ന സ്ത്രീ കഥാപാത്രം. അവരെ വെറുത്തും ശപിച്ചും കൊണ്ട് വീടുവിട്ടിറങ്ങുന്ന അവൾ നിരന്തരമായ പ്രാർത്ഥനയിലൂടെ സ്വർണവിഗ്രഹമായി മാറുന്നു. പാണ്ഡവപുരത്തെ കന്യകകളുടെ രക്ഷകയായ ദുർഗയുടെ ഉത്പത്തികഥയാണിത്. ഈ മൂന്ന് ഉപകഥകളും ചേർന്ന് സൃഷ്ടിക്കുന്ന പുരുഷമേധാവിത്വ സമൂഹത്തിനെതിരായ പ്രതിഷേധമാണ് ഈ നോവലിന്റെ പ്രധാനകാതൽ.
ഒപ്പം തന്നെ സ്ത്രീയെ ശക്തിസ്വരൂപിണിയായി കാണുന്ന താന്ത്രികദാർശനികതയുടെ അടിസ്ഥാനത്തിലും ഈ കഥയെ വായിക്കുന്നതിൽ തെറ്റില്ല. ജാരത്വത്തെ കാത്തിരുന്നു സ്വീകരിക്കുന്ന ദേവി അതിന്റെ സൂചനയാണ്. ദേവി എന്ന നാമം പോലും അങ്ങനെ നോക്കുമ്പോൾ ശക്തിസ്വരൂപിണിയെ കുറിക്കുന്നു എന്നു കാണാൻ പ്രയാസമില്ല. പുറത്തു മഴ നിറഞ്ഞുപെയ്യുമ്പോൾ താണ്ഡവമാടുന്ന ദേവിയും ജാരന്മാരെ ആവാഹിച്ചുവരുത്തി കാൽകീഴിലിട്ട് ഞെരിച്ചു അടിമകളാക്കാൻ കാത്തിരിക്കുന്ന ദേവിയും അപ്പോൾ ഒന്നായിത്തീരുന്നു.
ദേവിയുടെ തുടർച്ചയിൽ കാണാവുന്ന കഥാപാത്രമാണ് ‘നിയോഗത്തി’ലെ കമലാക്ഷി. ജനി-മൃതികളുടെ രഹസ്യം തേടുന്ന കമലാക്ഷിയമ്മ അനന്യമായ സ്വത്വം പേറുന്നവളാണ്. ‘ഏഴാംപക്ക’ത്തിലെ മീനാക്ഷിക്കുട്ടിയാകട്ടെ, കുഞ്ഞിരാമന്റെ ഭാര്യ എന്ന കേവല നിലവിട്ട് പ്രപഞ്ചസ്വരൂപിണിയായി ഉയരുന്ന സ്ത്രീയാണ്. ‘പാണ്ഡവപുര’ത്തിലെ ദേവിയിൽ നിന്നും ‘അടയാള’ങ്ങളിലെ പ്രിയംവദമേനോനിലെത്തുമ്പോൾ സ്ത്രീകളുടെ കനൽവഴികൾ വീണ്ടും സങ്കീർണമാകുന്നത് കാണാം. പ്രാചീനമായ പാർവതീപുരം മീനാക്ഷിപാളയമായി രൂപാന്തരം പ്രാപിക്കുന്ന കടന്നുകയറ്റത്തിന്റെ കഥ കൂടിയാണ് ‘അടയാളങ്ങൾ.’ മണ്ണിനും പെണ്ണിനും നേരെയുള്ള കടന്നുകയറ്റങ്ങളുടെ ആകെത്തുകയാകുന്നു മീനാക്ഷിപാളയത്തിന്റെ ചരിത്രം. പ്രിയംവദയുടെ സ്വപ്നങ്ങളിലൂടെയും അബോധമനസിന്റെ നിലവിട്ട സഞ്ചാരങ്ങളിലൂടെയും സേതു പുതിയ വ്യാവസായിക കാലത്തിന്റെ തീവ്രമായ പ്രതിസന്ധികൾ എത്രമേൽ സങ്കീർണമാണെന്ന് കാണിച്ചുതരുന്നു.
പുതിയ കാലത്തിന്റെ സൈബർ സ്ഥലികളെ, അതിന്റെ ആകുലതകളെ, നൈതികതകളെ ആദ്യം തന്റെ കൃതികളിൽ ആവിഷ്കരിച്ചു വിജയിച്ച എഴുത്തുകാരൻ കൂടിയാണ് സേതു. ‘കൈമുദ്രകളി’ലെ അജയനും ഊർമ്മിളയും പെട്ടെന്നു ഓർക്കാവുന്നതാണ്. ഇതേ കഥാപാത്രങ്ങളെ വെച്ചുകൊണ്ട് തന്നെ എഴുതിയ ‘തിങ്കളാഴ്ചകളിലെ ആകാശ’വും ശ്രദ്ധേയം. 1995‑ൽ എഴുതിയ ഈ കഥ ആദ്യത്തെ സൈബർകഥകളിൽ ഒന്നാണ്. പുതിയൊരു സ്ഥലഭാവനയുടെ വഴികളെ ചെന്നുതൊടാനും നിരന്തരം സ്വയം പുതുക്കാനും കഴിഞ്ഞ, അതിൽ വിജയിച്ച എഴുത്തുകാരൻ കൂടിയാണ് സേതു. എഴുത്തച്ഛൻ പുരസ്കാരനിറവിലും ആ സർഗസപര്യ അനസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.