28 May 2024, Tuesday

Related news

May 22, 2024
May 21, 2024
March 20, 2024
March 14, 2024
March 14, 2024
December 2, 2023
November 10, 2023
October 28, 2023
October 27, 2023
October 8, 2023

ഔദ്യോഗിക ഭാഷ മലയാളമാക്കി വര്‍ഷങ്ങള്‍ കടന്നു; ഓഫിസ് ബോര്‍‍ഡുകള്‍ ഇംഗ്ലീഷില്‍ തന്നെ

ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
January 28, 2023 10:10 pm

ഔദ്യോഗിക ഭാഷ മലയാളമാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പല സര്‍ക്കാര്‍ ഓഫിസുകളുടെ ബോര്‍‍ഡുകളും ഇംഗ്ലീഷില്‍ തന്നെ. സര്‍ക്കാര്‍ ഓഫീസുകളുടെയും വാഹനങ്ങളുടെയും ബോര്‍ഡുകള്‍ മലയാളത്തില്‍ കൂടി രേഖപ്പെടുത്തണമെന്ന നിര്‍ദേശത്തിനും വര്‍ഷങ്ങള്‍ പഴക്കമുണ്ട്. ഇത് നടപ്പിലാക്കുന്നത് സംബന്ധിച്ച് വിവിധ സര്‍ക്കാരുകള്‍ പലതവണ ഉത്തരവുകളും സര്‍ക്കുലറുകളും പുറത്തിറക്കിയെങ്കിലും മിക്കയിടങ്ങളിലും സ്ഥിതി ഇപ്പോഴും പഴയതുതന്നെ. 

സര്‍ക്കാര്‍ ഓഫിസുകളുടെയും വാഹനങ്ങളുടെയും ബോര്‍ഡുകള്‍, ഉദ്യോഗപ്പേര്, ഓഫിസ് മുദ്രകള്‍, ഉദ്യോഗസ്ഥരുടെ പേരും ഔദ്യോഗിക പദവിയും അടങ്ങുന്ന തസ്തിക മുദ്ര എന്നിവ അതത് വകുപ്പുകളും സ്ഥാപനങ്ങളും മലയാളത്തില്‍കൂടി ലഭ്യമാക്കണമെന്ന് 2012 മുതല്‍ നിരവധി തവണ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് 2017ല്‍ ഔദ്യോഗിക ഭാഷ സംബന്ധിച്ച നിയമസഭാ സമിതിയും ചൂണ്ടിക്കാട്ടിയിരുന്നു. 

ഓഫിസ് ബോര്‍ഡുകള്‍, ഉദ്യോഗസ്ഥരുടെ പേര്, ഉദ്യോഗപ്പേര് തുടങ്ങിയവ രേഖപ്പെടുത്തിയിട്ടുള്ള ബോര്‍ഡുകള്‍ എന്നിവയില്‍ ആദ്യ നേര്‍പകുതി മലയാളത്തിലും രണ്ടാം നേര്‍പകുതി ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കണമെന്നാണ് നിര്‍ദേശിച്ചത്. സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/സ്വയംഭരണ/സഹകരണ/പൊതുമേഖല/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ബോര്‍ഡുകള്‍ മുന്‍വശത്ത് മലയാളത്തിലും പിന്‍വശത്ത് ഇംഗ്ലീഷിലും ഒരേ വലിപ്പത്തില്‍ എഴുതി പ്രദര്‍ശിപ്പിക്കണം.
ഓഫിസ് മുദ്രകള്‍, ഉദ്യോഗസ്ഥരും പേരും ഔദ്യോഗിക പദവിയും ഉള്‍ക്കൊള്ളുന്ന തസ്തിക മുദ്രകള്‍ എന്നിവ മലയാളത്തില്‍ക്കൂടി തയ്യാറാക്കണമെന്നുമാണ് നിര്‍ദേശം.

ഒരു ദശകം കഴിഞ്ഞിട്ടും ഇത് നടപ്പിലാകാത്ത സാഹചര്യത്തില്‍, അടിയന്തരമായി പ്രാബല്യത്തില്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി.
ഇതോടൊപ്പം, സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്/ അംഗീകാരമുള്ള അൺ എയ്ഡഡ് വിദ്യാലയങ്ങളിലും അനുബന്ധകെട്ടിടങ്ങളിലും (കമ്മ്യൂണിറ്റി ഹാൾ, ഓഡിറ്റോറിയം, സ്റ്റേജ്) മെയിൻ ബോർഡ് മലയാളത്തിലും ഇംഗ്ലീഷിലും ഒരേ വലിപ്പത്തിൽ പ്രദർശിപ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇത് കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

Eng­lish Sum­ma­ry: Years have passed since Malay­alam was made the offi­cial lan­guage; Office boards are in English

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.