23 January 2026, Friday

Related news

January 22, 2026
December 26, 2025
December 4, 2025
November 14, 2025
September 18, 2025
September 12, 2025
September 4, 2025
July 26, 2025
July 24, 2025
July 9, 2025

‘നിങ്ങൾ ആദ്യം ഇവിടേക്ക് വരൂ’: വിജയ് മല്യയോട് കോടതി, വിധി ഡിസംബർ 23ലേക്ക് മാറ്റി

Janayugom Webdesk
മുംബൈ
December 4, 2025 7:48 pm

രാജ്യത്തെ ബാങ്കുകളിൽ നിന്ന് കോടികൾ വായ്പയെടുത്ത് രാജ്യം വിട്ട സാമ്പത്തിക കുറ്റവാളിയായ വ്യവസായി വിജയ് മല്യ സമർപ്പിച്ച ഹരജിയുടെ നിലനിൽപ്പ് ബോംബെ ഹൈക്കോടതി ചോദ്യം ചെയ്തു. ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്‌സ് ആക്ട് (FEO നിയമം) പ്രകാരമുള്ള കുറ്റം തനിക്കെതിരെ ചുമത്തിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. “നിങ്ങൾ ആദ്യം ഇവിടേക്ക് വരൂ, ശേഷം നിങ്ങളെ കേൾക്കാം,” എന്ന് മല്യയുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മല്യ നിലവിൽ ലണ്ടനിലാണെന്ന് അഭിഭാഷകൻ പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ ഈ മറുപടി. “മല്യ എപ്പോൾ വരുമെന്ന് അറിയിക്കൂ. ആ കാര്യത്തിൽ തൃപ്തികരമായ മറുപടി ലഭിക്കും വരെ സ്റ്റേ ഉൾപ്പെടെയുള്ള നടപടികൾ ഇല്ല,” ഹൈക്കോടതി പറഞ്ഞു. ഹരജി തങ്ങൾക്ക് പരിഗണിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ ഗുരുതര സംശയമുണ്ടെന്ന് പറഞ്ഞ ബെഞ്ച്, കേസ് ഡിസംബർ 23ലേക്ക് മാറ്റുകയും ചെയ്തു.

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനായി (ഇഡി) ഹാജരായ സോളിസിറ്റർ ജനറൽമാരായ എസ്.വി രാജുവും അനിൽ സിങ്ങും, 6,200 കോടിയിലധികം രൂപയുടെ ബാങ്ക് തട്ടിപ്പിൽ മല്യയ്ക്ക് പങ്കുണ്ടെന്നും ഏകദേശം 15,000 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി ഹരജി തള്ളാനാവശ്യപ്പെട്ടു. വിദേശത്തുള്ള മല്യ, ഇന്ത്യയിലെ നീതിന്യായ പ്രക്രിയയ്ക്ക് വിധേയനാകാൻ തയാറായില്ലെന്നും ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളിയെ എഫ്ഇഒ നിയമത്തിലെ നടപടികൾ ചോദ്യം ചെയ്യാൻ അനുവദിക്കരുതെന്നും ഇഡി കോടതിയോട് അഭ്യർത്ഥിച്ചു. എഫ്ഇഒ നിയമത്തിലെ സെക്ഷൻ 12(8) ഭരണഘടനാ വിരുദ്ധമാണെന്ന് വാദിച്ച മല്യ, കുറ്റവിമുക്തനാക്കിയാൽ കണ്ടുകെട്ടിയ സ്വത്തുക്കൾ പുനഃസ്ഥാപിക്കാൻ അതിൽ വ്യവസ്ഥയില്ലെന്നും വാദിച്ചു. എന്നാൽ, ഒരാൾ ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളിയല്ലെന്ന് കോടതി വിധിച്ചാൽ, സെക്ഷൻ 12‑ലെ ഉപവകുപ്പ് (9) പ്രകാരം അയാളുടെ സ്വത്തുക്കൾ തിരികെ നൽകാൻ അനുവദിക്കുന്നുണ്ടെന്ന് ഇഡി വാദിച്ചു. പ്രതി ഇന്ത്യയിലേക്ക് മടങ്ങുകയും കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്താൽ മാത്രമേ സ്വത്തുക്കൾ തിരികെ നൽകാനാകൂ എന്നും ഇഡി ചൂണ്ടിക്കാട്ടി. വിജയ് മല്യ മാത്രം വിവിധ ബാങ്കുകൾക്ക് 22,065 കോടി രൂപ നൽകാനുണ്ടെന്നും ഇതിൽ 14,000 കോടിയിലധികം രൂപ ആസ്തികൾ പിടിച്ചെടുത്തും വിറ്റഴിച്ചും ബാങ്കുകൾ വീണ്ടെടുത്തിട്ടുണ്ടെന്നും പാർലമെൻ്റിൽ സമർപ്പിച്ച കണക്കിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നു. നീരവ് മോഡി, വിജയ് മല്യ, നിതിൻ സന്ദേസര എന്നിവരുൾപ്പെടെ 15 പേരെ പിടികിട്ടാപ്പുള്ളികളായ സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിച്ചതായും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയെ അറിയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.