27 December 2024, Friday
KSFE Galaxy Chits Banner 2

ഹൈദരാബാദ് ടീമിന് ജയ് വിളിച്ചുവെന്ന് ആരോപിച്ച് യുവാവിനെ തല്ലി നടുവൊടിച്ച സംഭവം; ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു

Janayugom Webdesk
തൃശ്ശൂര്‍
March 25, 2022 12:23 pm

ഐഎസ്എല്‍ ഫൈനല്‍ മത്സരം കാണുന്നതിനിടയിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തല്ലി നടുവൊടിച്ച സംഭവത്തില്‍ വെള്ളാങ്ങല്ലൂര്‍ സ്വദേശികളായ ഒന്‍പത് പേരെ ആളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടേപ്പാടം സ്വദേശികളായ പുളിപ്പറമ്പില്‍ അന്‍സില്‍ (25), കളത്തുപറമ്പില്‍ ശ്രീനി (25), തെക്കുംകാട്ടില്‍ പവന്‍ (20), പനങ്ങാട്ട് ആകര്‍ഷ് (22), കുരിയപ്പിള്ളി ഹുസൈന്‍ (22), രായം വീട്ടില്‍ സാലിഹ് (22), മങ്കിടിയാന്‍ വീട്ടില്‍ മിഥുന്‍ (22), വെള്ളാങ്ങല്ലൂര്‍ വാഴക്കാമഠം സുല്‍ഫിക്കര്‍ (23), തുണ്ടത്തില്‍പ്പറമ്പില്‍ മുഹമ്മദ് ഷഹ്നാദ് (23) എന്നിവരെയാണ് ആളൂര്‍ സിഐ എം ബി സിബിന്റെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ക്ലബിന്റെ ആഭിമുഖ്യത്തില്‍ വലിയ സ്‌ക്രീനില്‍ ഫൈനല്‍ മല്‍സരം പ്രദര്‍ശിപ്പിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ കേരളത്തിന് എതിരായി ഹൈദരാബാദ് ടീം ഗോള്‍ നേടിയപ്പോള്‍ ഹൈദരാബാദ് ടീമിന് അനുകൂലമായി ജയ് വിളിച്ചുവെന്ന് ആരോപിച്ചാണ് പ്രതികള്‍ പട്ടേപ്പാടം കൈമാപറമ്പില്‍ സുധീഷ് (45 ) നെ മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നട്ടെല്ലിന് ഗുരുതര പരിക്കേറ്റ ഇയാളെ തൃശ്ശൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ എംബി സിബിന്‍, എസ്‌ഐ മാരായ കെഎസ് സുബിന്ത്, എംകെ ദാസന്‍, ഇആര്‍ സിജുമോന്‍, പ്രദീപ്, എഎസ്‌ഐ ഷാജന്‍, സീനിയര്‍ സിപിഒ അജിത്ത് എന്നിവരാണ് എറണാകുളത്തു നിന്ന് പ്രതികളെ പിടികൂടിയത്. സംഭവത്തിന് ശേഷം മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങിയ പ്രതികള്‍ വാടകവീടെടുത്ത് ഒളിവില്‍ കഴിയുകയായിരുന്നു.

Eng­lish sum­ma­ry; young man was alleged­ly beat­en in trissur

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.