23 December 2024, Monday
KSFE Galaxy Chits Banner 2

തൊഴില്‍ തേടി യുവാക്കള്‍ നാടുവിടുന്നു: യുപിയിലെ ഗ്രാമങ്ങള്‍ക്ക് ‘പ്രായമേറുന്നു’

Janayugom Webdesk
ലഖ്നൗ
December 17, 2021 9:46 pm

തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം ജലരേഖയായതോടെ ഉത്തർപ്രദേശിൽ ഗ്രാമങ്ങളില്‍ നിന്ന് യുവാക്കളുടെ പലായനം. ഇതോടെ പ്രായമുള്ളവരും സ്ത്രീകളും മാത്രം അധിവസിക്കുന്ന ഗ്രാമങ്ങളായി മാറിയിരിക്കുകയാണ് യുപിയിലെ പല പ്രദേശങ്ങളുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തൊഴിലില്ലായ്മ കാരണം നാടുവിട്ടുപോകുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചതോടെ ഇത് വലിയൊരു വിഷയമായി തന്നെ സംസ്ഥാനത്ത് മാറിയിരിക്കുകയാണ്.

ബുന്ദേല്‍ഖണ്ഡ് മേഖലയില്‍ നിന്ന് ഇത്തരത്തില്‍ ജോലി തേടി സമീപ നഗരങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കുമെല്ലാം പോയവര്‍ നിരവധിയാണെന്ന് വാര്‍ത്താമാധ്യമമായ ന്യൂസ് ക്ലിക്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്വന്തം നാട്ടില്‍ ദിവസവേതനത്തില്‍ ജോലി കിട്ടിയാലും വളരെ കുറഞ്ഞ കൂലി മാത്രമാണ് ലഭിക്കുന്നതെന്നതിനാല്‍, ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കില്ലെന്നും പലപ്പോഴും ആഴ്ചയില്‍ അഞ്ച് ദിവസം പോലും തൊഴില്‍ ലഭിക്കുന്ന സ്ഥിതിയില്ലെന്നും യുവാക്കള്‍ പറയുന്നു. “നഗരത്തിലാണെങ്കില്‍ തങ്ങള്‍ക്ക് 400 രൂപ ദിവസക്കൂലിയും ഒരു നേരത്തെ ഭക്ഷണവും ലഭിക്കും. എന്നാല്‍ ബുന്ദേല്‍ഖണ്ഡില്‍ 200 രൂപയോ 250 രൂപയോ മാത്രമാണ് കിട്ടുന്നത്” ‚ഇവര്‍ പറയുന്നു.സ്വന്തം നാട്ടില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് രാഷ്ട്രീയക്കാരും ഭരണകര്‍ത്താക്കളുമെല്ലാം നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും യുവാക്കള്‍ പരാതിപ്പെടുന്നു. വലിയ പദ്ധതികളും വികസനങ്ങളുമെല്ലാം ഓരോ തെരഞ്ഞെടുപ്പിന് മുമ്പും അധികാരികളും രാഷ്ട്രീയക്കാരും പ്രഖ്യാപിക്കുമെങ്കിലും ഒന്നും യാഥാര്‍ത്ഥ്യമായിട്ടില്ലെന്നും അവര്‍ പറഞ്ഞു. 

വോട്ട് ബാങ്ക് ആയി മാത്രം ജനങ്ങളെ കാണുന്ന ഭരണാധികാരികള്‍ തൊഴില്‍ സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങളൊന്നും നടത്തുന്നില്ലെന്ന് സാമൂഹ്യപ്രവര്‍ത്തകയും അഭിഭാഷകയുമായ മീര ഭാർതി പറഞ്ഞതായി ന്യൂസ് ക്ലിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. യുവാക്കള്‍ ജോലി തേടി നാടുവിട്ടുപോകുന്നതോടെ, പലയിടത്തും വീടുകളില്‍ സ്ത്രീകളും പ്രായംചെന്നവരും മാത്രമാവുന്ന സ്ഥിതിയാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ പരാതിപ്പെടാന്‍ പോലും അവര്‍ക്ക് കഴിയാത്ത അവസ്ഥയാണെന്ന് മീര ഭാര്‍തി വ്യക്തമാക്കുന്നു.
eng­lish summary;Young peo­ple leave in search of work from up
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.