25 June 2024, Tuesday
KSFE Galaxy Chits

പുതു ചാലകശക്തിയാകാന്‍ യുവജന സഹകരണ സംഘങ്ങള്‍

Janayugom Webdesk
തിരുവനന്തപുരം
September 3, 2021 9:30 pm

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടികളുടെ ഭാഗമായുള്ള യുവജന സഹകരണ സംഘങ്ങള്‍ ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 25 സഹകരണ സംഘങ്ങളാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇതുവരെ 26 സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് യുവജന സഹകരണ സംഘങ്ങള്‍ നിലവില്‍ വരുന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യുവശക്തിയെ ഗുണപരമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നടപടിയെടുക്കുന്നത്. വ്യത്യസ്തമായ ആശയങ്ങളുമായി സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ മുന്നോട്ട് വന്നത് നിരവധി യുവജനങ്ങളാണ്. ഈ ആശയങ്ങളില്‍ നിന്നുള്ള വിശദമായ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സംഘങ്ങളെ തിരഞ്ഞെടുത്തത്. ഇത്തരം സഹകരണ സംഘങ്ങളില്‍ വായ്പാ പ്രവര്‍ത്തനങ്ങളുണ്ടാകില്ല, സംരംഭകരായാണ് പ്രവര്‍ത്തിക്കുന്നത്. 18 വയസു മുതല്‍ 45 വയസുവരെയുള്ളവര്‍ക്കായിരിക്കും യുവജന സഹകരണ സംഘങ്ങളില്‍ അംഗത്വം നല്‍കുന്നത്.

യുവജന സഹകരണ സംഘങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ് കേന്ദ്രമാക്കി രജിസ്റ്റര്‍ ചെയ്ത യൂത്ത് ബ്രിഗേഡ് സംരംഭക സഹകരണ സംഘത്തില്‍ വച്ച് ആറിന് വൈകിട്ട് നാലു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി, തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍, വികെ പ്രശാന്ത് എംഎല്‍എ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി , സഹകരണ സംഘം രജിസ്ട്രാര്‍ പിബി നൂഹ് എന്നിവര്‍ പങ്കെടുക്കും.

വൈവിധ്യമാര്‍ന്ന സംരംഭക പ്രവര്‍ത്തനങ്ങള്‍

ഐടി, നിര്‍മ്മാണം, കാര്‍ഷികം, മാലിന്യ നിര്‍മ്മാര്‍ജനവും പുനരുപയോഗവും, വാണിജ്യം, ഉല്പാദനം, വിപണനം, സിനിമ, ഇക്കോ ടൂറിസം, കാറ്ററിംഗ്, ജൈവ കൃഷി മേഖലകളിലാണ് സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുക. തൊഴില്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന സംഘങ്ങള്‍, ആവശ്യ സാധനങ്ങള്‍ മൊബൈല്‍ ആപ്പിലെ രജിസ്‌ട്രേഷനിലൂടെ വീട്ടിലെത്തിക്കുന്ന സഹകരണ സംഘങ്ങള്‍, ചലച്ചിത്ര, ദൃശ്യ മാധ്യമ മേഖലകള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്ന സഹകരണ സംഘങ്ങള്‍, പുസ്തക പ്രസാധനത്തിനും അച്ചടിക്കുമുള്ള സഹകരണ സംഘം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ജൈവ, അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് പുനരുപയോഗത്തിന് ഉതകുന്ന തരത്തില്‍ മാറ്റിയെടുക്കുന്ന സഹകരണ സംഘം, തൊഴിലാളികളെ ലഭ്യമാക്കുന്ന സംഘം തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളും ഇവയിലുണ്ട്.

ENGLISH SUMMARY: Youth Co-oper­a­tive Soci­eties to be the new dri­ving force

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.