
ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഇന്ത്യയില്‍ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനത്തിന് പിന്നില്‍ കടുത്ത ഹിന്ദുത്വ അജണ്ട. സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയുടെ ഭാഗമായി ലോകത്തെ ഏറ്റവും ബൃഹത്തായ യുഗയൂഗീന്‍ ഭാരത് നാഷണല്‍ മ്യൂസിയം (വൈവൈബിഎന്‍എം) ഡല്‍ഹിയില്‍ സ്ഥാപിക്കുമെന്ന് മോഡി നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും പ്രൗഡഗംഭീരമായ ചരിത്രശേഷിപ്പുകള്‍ സൂക്ഷിക്കുന്ന നാഷണല്‍ മ്യൂസിയം വൈവൈബിഎന്‍എം വരുന്നതോടെ ഇല്ലാതാകും. കേന്ദ്ര സെക്രട്ടേറിയറ്റിന്റെ സൗത്ത് ബ്ലോക്കിലും നോര്‍ത്ത് ബ്ലോക്കിലുമായാണ് വൈവൈബിഎന്‍എം വരുന്നത്. ചരിത്രത്തെ വളച്ചൊടിക്കാനും വ്യാജ നിര്‍മ്മിതിയിലുടെ ചരിത്രം പുനസൃഷ്ടിക്കാനുമുള്ള തീവ്രശ്രമമാണ് മോഡി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോപണമുണ്ട്. ഹിന്ദുത്വം അനശ്വരമാണെന്ന് സ്ഥാപിക്കുകയാണ് മ്യൂസിയത്തിന്റെ പ്രാഥമിക ലക്ഷ്യം. ഇതേ പ്രാധാന്യത്തോടെ തന്നെ മുസ്ലിം ഭരണാധികാരികളെ വില്ലന്മാരായും ജനാധിപത്യവും മറ്റ് ആധുനിക ആശയങ്ങളും ഉദയം ചെയ്തത് ഇന്ത്യയിലാണെന്നും സ്ഥാപിക്കുകയും മ്യൂസിയത്തിലുടെ ബിജെപി ഉന്നം വെയ്ക്കുന്നുവെന്ന് വിവരങ്ങള്‍ പുറത്തുവന്നു.
ഇന്ത്യന്‍ വിജ്ഞാന ശാഖയുടെ പ്രാധാന്യം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് മ്യൂസിയത്തിലുടെ ലക്ഷ്യം വയ്ക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യന്‍ പൈതൃകം, സംസ്കാരം, മധ്യകാല ഇന്ത്യ, സ്വാതന്ത്ര്യ സമരം തുടങ്ങിയ ചരിത്ര നിമിഷങ്ങളുടെ പ്രദര്‍ശനവും മ്യൂസിയത്തില്‍ സജ്ജീകരിക്കുമെന്ന് മോഡി പ്രഖ്യാപിച്ചിരുന്നു. അതേസമയം പദ്ധതിയുടെ ബജറ്റ് ഉള്‍പ്പെടെയുള്ള വിവരങ്ങളില്‍ രഹസ്യസ്വഭാവം തുടരുകയുമാണ്. ബജറ്റിലും ഈ വിഷയം പരാമര്‍ശിച്ചിരുന്നില്ല. മ്യൂസിയം പദ്ധതിയുടെ ഫ്രഞ്ച് പങ്കാളികളായ ഫ്രാന്‍സ് മ്യൂസിയം ഡെലവപ്മെന്റ് (എഫ്എംഡി) യും പദ്ധതിയുടെ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് ദ ആര്‍ട്ട് ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്തു.
മുഗള്‍ സാമ്രാജ്യം, ഗാന്ധി വധം തുടങ്ങിയ ചരിത്ര വസ്തുതകളെ കൂഴിച്ചുമൂടി സിബിഎസ്ഇ പാഠപുസ്തകങ്ങളില്‍ ചരിത്രത്തെ വികലമാക്കി നടത്തിയ പരിഷ്കാരത്തിന്റെ അതേ മാതൃകയില്‍ ഹൈന്ദവ ആശയങ്ങളും തീവ്ര ദേശീയത ഉണര്‍ത്തുന്ന വ്യാജ നിര്‍മ്മിതികളുമാവും മ്യൂസിയത്തില്‍ ഇടം പിടിക്കുക. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ അവസാനിച്ച മഹാകുംഭമേളയ്ക്ക് പിന്നാലെ വൈവൈബിഎന്‍എം നിര്‍മ്മാണം ആഘോഷമാക്കി ബിജെപി സമൂഹ മാധ്യമ ഗ്രൂപ്പുകളും രംഗത്ത് വന്നുകഴിഞ്ഞു. 2003ൽ രാമജന്മഭൂമി-ബാബറി മസ്ജിദ് സ്ഥലത്ത് ഖനനം നടത്തിയ സംഘത്തെ നയിച്ച മുൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ഉദ്യോഗസ്ഥൻ ഡോ.ബുദ്ധ രശ്മി മണിയാണ് 2016 മുതല്‍ ദേശീയ മ്യൂസിയം ഡയറക്ടർ ജനറലെന്നതും ശ്രദ്ധേയം. ഇദ്ദേഹം വൈവൈബിഎന്‍എം മ്യൂസിയത്തെ ഏത് ദിശയിലേക്കാണ് നയിക്കുകയെന്ന് ചരിത്രകാരന്മാര്‍ ആശങ്കപ്പെടുന്നു.
35,000 ചതുരശ്ര മീറ്റര്‍ ചുറ്റളവിലാണ് മ്യൂസിയം നിര്‍മ്മിക്കുന്നത്. 1912‑ൽ ഹെർബർട്ട് ബേക്കർ രൂപകൽപ്പന ചെയ്‌ത് 1927‑ൽ പൂർത്തിയാക്കിയതാണ് കേന്ദ്ര സെക്രട്ടേറിയറ്റ് മന്ദിരം. മ്യൂസിയം നിര്‍മ്മാണം മധ്യ ഡല്‍ഹിയിലെ റെയ്സിന ഹില്‍സിലുള്ള കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ മാറ്റത്തിനും ഇടവരുത്തും. മ്യുസീയം യാഥാര്‍ത്ഥ്യമാകുന്നതോടെ കേന്ദ്ര മന്ത്രിമാര്‍ കോമണ്‍ സെന്‍ട്രല്‍ സെക്രട്ടേറിയേറ്റിലേക്ക് വാസം മാറേണ്ടതായി വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മ്യൂസിയം ഇന്ത്യയുടെ വൈവിധ്യത്തെ പ്രതിനിധീകരിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്നു. അതേസമയം വിവിധ വിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന രീതിയില്‍ വളച്ചൊടിച്ച ചരിത്രമായിരിക്കും ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടുകയെന്നും ആശങ്കയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.