ഇന്ത്യന്‍ മാധ്യമലോകത്തെ ഏറ്റവും വലിയ ലയനനീക്കത്തിന് അകാല ചരമം. ഇന്ത്യന്‍ കമ്പനിയായ സീ എന്റര്‍ടെയ്ന്‍മെന്റും ജാപ്പനീസ് കമ്പനിയായ സോണിയും തമ്മില്‍ നടക്കേണ്ടിയിരുന്ന 1,000 കോടി ഡോളറിന്റെ (ഏകദേശം 8,34,000 കോടി രൂപ) ലയനനീക്കമാണ് പൊളിഞ്ഞത്.
ലയന നടപടികള്‍ ഉപേക്ഷിക്കുന്നതായി സോണി ഗ്രൂപ്പില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സീ എന്റര്‍ടെയ്ന്‍മെന്റ് വ്യക്തമാക്കി. ലയന ഉടമ്പടികളും ലയനത്തിനുള്ള സമയക്രമവും പാലിക്കാന്‍ സീ എന്റര്‍ടെയ്ന്‍മെന്റിന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സോണിയുടെ പിന്മാറ്റം. കഴിഞ്ഞദിവസം അര്‍ദ്ധരാത്രി വരെയായിരുന്നു കരാര്‍ പ്രകാരം ലയനത്തിന് അനുവദിച്ചിരുന്ന സമയം.
2021 ഡിസംബര്‍ 21നാണ് സോണിയും സീയും തമ്മില്‍ ലയന നീക്കങ്ങള്‍ക്ക് തുടക്കമിട്ട് കരാറൊപ്പിട്ടത്. ഇതിന് പിന്നീട് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ മുംബൈ ബെഞ്ചിന്റെ അംഗീകാരവും ലഭിച്ചു. ഇതിനിടെ ലയിച്ചുണ്ടാകുന്ന പുതിയ കമ്പനിയുടെ മേധാവിയാകാന്‍ സീയുടെ എംഡിയും സിഇഒയുമായ പുനീത് ഗോയങ്ക താല്പര്യമറിയിച്ചിരുന്നു. എന്നാല്‍, സോണി ഇതിനെ ശക്തമായി എതിര്‍ത്തു. സോണി ഇന്ത്യയുടെ എംഡിയും സിഇഒയുമായ എന്‍ പി സിങ്ങിനെ പുതിയ കമ്പനിയുടെ മേധാവിയാക്കണമെന്നായിരുന്നു സോണിയുടെ ആവശ്യം. ഇതേച്ചൊല്ലി തര്‍ക്കമായതോടെ, ലയന നടപടികള്‍ നീളുകയായിരുന്നു.
ഇതിനിടെ ലയനത്തിന് ആറുമാസത്തെ സാവകാശം കൂടി വേണമെന്നാവശ്യപ്പെട്ട് സോണിക്ക് സീ കത്തയക്കുകയും ചെയ്തു. എന്നാല്‍, ഇതിനോട് പ്രതികരിക്കാതിരുന്ന സോണി പിന്നീട് ലയനം തന്നെ ഉപേക്ഷിക്കുന്നതായി മറുപടിക്കത്ത് നല്‍കുകയായിരുന്നു. വിഷയത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കുന്നതായും സീയുടെ ഓഹരി ഉടമകളുടെ താത്പര്യം സംരക്ഷിക്കുമെന്നും സീ എന്റര്‍ടെയ്ന്‍മെന്റ് ചെയര്‍മാന്‍ ആര്‍ ഗോപാലന്‍ പറഞ്ഞു. സോണിക്കെതിരെ നിയമനടപടികള്‍ ഉള്‍പ്പെടെ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം സൂചന നല്‍കി.
English Summary;Zee-Sony merger collapses; Sea Group to take legal action
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.