നവകേരളസൃഷ്‌ടിക്കുള്ള നൂതനപദ്ധതി നിർദേശങ്ങളുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വികസന സെമിനാർ. ജില്ലയുടെ സവിശേഷതകളെ ആഴത്തിൽ ഉൾക്കൊള്ളുന്ന നിർദേശങ്ങൾക്കൊപ്പം സമഗ്രവികസനവും ക്ഷേമവും യാഥാർഥ്യമാക്കുന്ന പദ്ധതികളുമാണ് സെമിനാറിൽ ചർച്ചയായത്. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സെമിനാർ ഉദ്‌ഘാടനംചെയ്‌തു. വികസന സ്ഥിരം സമിതി ചെയർമാൻ യു പി ശോഭ 2025–-26 വർഷത്തെ കരട് പദ്ധതി രേഖ അവതരിപ്പിച്ചു.
2025 തെരഞ്ഞെടുപ്പ് വർഷമായതിനാൽ നവംബർ മാസത്തോടെ പൂർത്തിയാകുന്ന പദ്ധതികൾക്ക് പ്രാധാന്യം നൽകുന്നതാണ് കരട് പദ്ധതിരേഖ. സംസ്ഥാനബജറ്റ് വിഹിതം, ജില്ലാ പഞ്ചായത്തിന്റെ സ്വന്തം വരുമാനം, എംഎൽഎ പ്രാദേശിക വികസനഫണ്ട് വിഹിതം, പൊതുനന്മാ ഫണ്ട് എന്നിവയുൾപ്പടെ 109.86 കോടി രൂപയുടെ വിഭവ സ്രോതസുകളാണ് കണക്കാക്കുന്നത്. സേവനമേഖലയിൽ പാർപ്പിടം, കുടിവെള്ളം, വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വ പരിപാലനം, സാമൂഹ്യനീതി, ദാരിദ്ര്യലഘൂകരണം, പിന്നാക്ക വിഭാഗത്തിന്റെ വികസനം, ദുരന്തനിവാരണം എന്നിവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങളാണുള്ളത്. തരിശുഭൂമികൾ കൃഷിയോഗ്യമാക്കുക, തെരുവുനായ നിന്ത്രണത്തിനായി ഒരു എബിസികേന്ദ്രംകൂടി സ്ഥാപിക്കുക, കൊമ്മേരി ആട് ഫാമിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുക, വിദ്യാലയങ്ങളിൽ സൗരോർജ യൂണിറ്റ് പദ്ധതി പൂർത്തിയാക്കുക തുടങ്ങിയ വിഷയങ്ങളും ചർച്ചയായി. പ്രസിഡന്റ് കെ കെ രത്നകുമാരി അധ്യക്ഷയായി.
മുൻ പ്രസിഡന്റുമാരായ പി കെ ശ്രീമതി, കാരായി രാജൻ, കെ കെ നാരായണൻ, കെ വി സുമേഷ് എംഎൽഎ, ഇ വി രാധ എന്നിവർ ചേർന്നാണ് കരടുരേഖ പ്രകാശിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സി എം കൃഷ്ണൻ, എം ശ്രീധരൻ, ടി ജെ അരുൺ, നെനോജ് മേപ്പടിയത്ത്, ടി ഗംഗാധരൻ, റ്റൈനി സൂസൻ ജോൺ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.