25 December 2024, Wednesday
KSFE Galaxy Chits Banner 2

തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തിലൂടെ വൈദ്യുത പദ്ധതികൾ നടപ്പാക്കും; മുഖ്യമന്ത്രി

Janayugom Webdesk
കോഴിക്കോട്:
November 6, 2021 7:35 pm

 

ചെലവ് കുറഞ്ഞതും പരിസ്ഥിതിക്ക് അനുയോജ്യമായതുമായ ജലവൈദ്യുത പദ്ധതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കാൻ സർക്കാർ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) കോഴിക്കോട് ജില്ലയിലെ അരിപ്പാറയിൽ നിർമ്മിച്ച വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യുതി ഉത്പാദനത്തിൽ പുനരുപയോഗ സാധ്യതയില്ലാത്ത ഊർജ്ജ സ്രോതസ്സുകളെ ആശ്രയിക്കേണ്ടതില്ല എന്നതാണ് സർക്കാരിന്റെ നിലപാട്.

ജലം, കാറ്റ്, സൂര്യപ്രകാശം എന്നിവയിൽ നിന്നും പരമാവധി ഊർജോൽപ്പാദനം നടത്താനാണ് ലക്ഷ്യമിടുന്നത്. അതിനുതകുന്ന നിരവധി പദ്ധതികൾക്ക് കഴിഞ്ഞ എൽഡിഫ് സർക്കാർ തുടക്കമിട്ടിട്ടുണ്ട്. അവ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനൊപ്പം ആഭ്യന്തര വൈദ്യുത ഉത്പ്പാദനം വർധിപ്പിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഏറ്റവും ചെലവ് കുറഞ്ഞതും പരിസ്ഥിതിക്ക് അനുയോജ്യവുമാണ് ജലവൈദ്യുത പദ്ധതികൾ. അതിനാൽ ജലവൈദ്യുത പദ്ധതികളുടെ ശേഷി വർധിപ്പിക്കുന്നതിൽ സർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്.

നമ്മുടെ വനങ്ങൾക്കും ജൈവവൈവിധ്യത്തിനും ഒരു തരത്തിലുമുള്ള നാശം വരുത്താതെയായിരിക്കും ഇത് നടപ്പാക്കുക. ഇതോടൊപ്പം അക്ഷയ ഊർജ്ജ വികസനത്തിലൂടെ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെ കൂട്ടായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആലോചനയുണ്ട്. പ്രളയവും കോവിഡും അടക്കമുള്ള അനേകം ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും അഞ്ച് വർഷം കൊണ്ട് ഈ പദ്ധതി പൂർത്തിയാക്കാൻ സിയാലിനു കഴിഞ്ഞുവെന്നത് അഭിമാനകരമായ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അരിപ്പാറ ജലവൈദ്യുത പദ്ധതി സിയാലിന്റെ വികസനചരിത്രത്തിലെ പ്രധാനഘട്ടമാണ്. വിമാനത്താവളം മികച്ച രീതിയിൽ നടത്തുന്നതോടൊപ്പം ഊർജ ഉൽപ്പാദന രംഗത്തും സിയാൽ നേരത്തെ തന്നെ ചുവടുറപ്പിച്ചിട്ടുണ്ട്. വിമാനത്താവളത്തിന് പരിസരത്ത് സ്ഥാപിച്ച സോളാർ പാനൽ വഴിയാണ് ഊർജ ഉൽപ്പാദനം നടത്തുന്നത്. സോളാർ വൈദ്യുതി ഉപയോഗിച്ച് വിമാനത്താവളം പ്രവർത്തിക്കുന്നത് രാജ്യത്തിന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. ഇരുവഴിഞ്ഞിപ്പുഴയിൽ അരിപ്പാറ ജലവൈദ്യുതി പദ്ധതി കൂടി യാഥാർഥ്യമായതോടെ വിമാനത്താവളത്തിന് പുറമെ സിയാലിന്റെ ആദ്യത്തെ വികസന പദ്ധതിയാണ് സാക്ഷാത്കരിക്കപ്പെട്ടത്. പൂർണമായും നദീജല പ്രവാഹത്തെ ആശ്രയിക്കുന്ന പദ്ധതിയിൽ പരിസ്ഥിതിക്ക് ദോഷകരമായ നിർമ്മാണ പ്രവൃത്തികളൊന്നും നടത്തേണ്ടി വന്നിട്ടില്ല. നാടിനെയും നാട്ടുകാരെയും വിശ്വാസത്തിലെടുത്ത് അവരുടെ പൂർണ പിന്തുണയോടെയാണ് പ്രവൃത്തി പൂർത്തീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

 

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ അരിപ്പാറയിൽ 52 കോടി ചെലവഴിച്ചാണ് സിയാൽ ജല വൈദ്യുത നിലയം സ്ഥാപിച്ചത്. 2016 ജനുവരിയിൽ ആരംഭിച്ച പദ്ധതി അഞ്ചു വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. കെഎസ്ഇബിയുടെ ചെറുകിട ജലവൈദ്യുതി നയം പ്രകാരം സിയാലിന് അനുവദിച്ചു കിട്ടിയതാണ് പദ്ധതി. 4.5 മെഗാ വാട്ടാണ് നിലയത്തിന്റെ സ്ഥാപിത ശേഷി. അഞ്ച് ഏക്കർ സ്ഥലം ഏറ്റെടുത്ത് ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ 30 മീറ്റർ വീതിയിൽ തടയണ നിർമ്മിച്ച് അവിടെ നിന്ന് അരകിലോമീറ്റർ അകലെയുള്ള അരിപ്പാറ പവർഹൗസിലേയ്ക്ക് പെൻസ്റ്റോക്ക് കുഴലുവഴി വെള്ളമെത്തിച്ചാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. ‘റൺ ഓഫ് ദ റിവർ പ്രോജക്’ അനുസരിച്ചുള്ള പദ്ധതിയിൽ വലിയ അണകെട്ടി വെള്ളം സംഭരിച്ചു നിർത്തേണ്ടതില്ല. അതുകൊണ്ടുതന്നെ പരിസ്ഥിതി ആഘാതം കുറവാണ്. പദ്ധതിയിൽ പ്രതിദിനം 108 ലക്ഷം യൂണിറ്റ് വൈദ്യുതി ഉണ്ടാക്കാനാകും. വർഷത്തിൽ 130 ദിവസമെങ്കിലും ഇത്തരത്തിൽ വൈദ്യുതി ഉൽപ്പാദനം നടത്താനാകുമെന്നാണ് സിയാലിന്റെ പ്രതീക്ഷ.

വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ രാജൻ, പി രാജീവ്, പി എ മുഹമ്മദ്റിയാസ്, ലിന്റോ ജോസഫ് എംഎൽഎ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, ചെമ്പകശ്ശേരിൽ, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റോയികുന്നപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. രാഹുൽഗാന്ധി എംപിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. സിയാൽ എംഡി എസ് സുഹാസ് സ്വാഗതവും എക്സിക്യുട്ടിവ് ഡയറക്ടർ ജോസ് തോമസ് നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.