26 December 2024, Thursday
KSFE Galaxy Chits Banner 2

സമ്മിശ്ര കൃഷിയിൽ വിജയഗാഥ രചിച്ച് യുവകർഷകൻ

Janayugom Webdesk
ചടയമംഗലം
May 4, 2022 8:54 pm

സമ്മിശ്ര കൃഷി നടത്തി വിജയഗാഥ രചിക്കുകയാണ് കടന്നൂർ വിജയ വിലാസത്തിൽ വിജയകുമാർ. കോവിഡ് കാലത്താണ് വിജയകുമാർ പൂർണമായും കൃഷിയിലേക്ക് ഇറങ്ങിയത്. തന്റെ വീടിനോട് ചേർന്നുള്ള 10 സെന്റ് പുരയിടത്തിൽ പടുതാക്കുളം ഉള്‍പ്പെടെ സ്ഥാപിച്ചു കൊണ്ടാണ് സമ്മിശ്ര കൃഷി നടത്തിവരുന്നത്. വാഴ, പയർ, വെണ്ട വഴുതന കൂവ, ചേന, ചേമ്പ് അടക്കമുള്ള പച്ചക്കറികളും, വിവിധയിനം മത്സ്യങ്ങൾ അടങ്ങിയ പടുതാകുളവും നാലോളം ആടുകളും, നാടൻ ഇനത്തിൽപ്പെട്ട രണ്ട് കറവപ്പശുക്കൾ, വീടിന്റെ മുകളിൽ ഗ്രാമശ്രീ, കൈരളി, ബിവി 380, കരിങ്കോഴി,എന്നീ ഇനത്തിൽപ്പെട്ട നൂറോളം കോഴികളും അടങ്ങിയതാണ് വിജയകുമാറിന്റെ കൃഷിയിടം. മുയൽ കൃഷിയും സീസണനുസരിച്ച് കൂൺ കൃഷിയും ചെയ്തുവരുന്നു.
പടുതാ കുളത്തിലെ മീനിനോടൊപ്പം അസോളയും വളർത്തുന്നുണ്ട്. തന്റെ വിളകൾക്ക് പ്രത്യേക വിപണി കണ്ടെത്തേണ്ട സാഹചര്യം ഉണ്ടായിട്ടില്ല എന്ന് വിജയകുമാർ പറയുന്നു സുഹൃത്തുക്കളും വീട്ടുകാരും ആണ് ഉപഭോക്താക്കൾ. പശുവിൻപാൽ പൂങ്കോട് ഷീര സംഘത്തിലാണ് നൽകുന്നത്. പൂർണമായും ജൈവകൃഷി രീതിയാണ് വിജയകുമാർ പിന്തുടരുന്നത്.
റീബിൽഡ് കേരളയുടെ ജൈവ ഗൃഹം പദ്ധതിയിൽ ഉൾപ്പെട്ട കർഷകൻ കൂടിയാണ് വിജയകുമാർ. തേനിന്റെ ഉയർന്ന വിപണനം കണക്കിലെടുത്ത് കൃഷിയിടത്തിൽ തേനീച്ചകൂടുകൾ സ്ഥാപിക്കുന്ന തിരക്കിലാണ് ഇദ്ദേഹം. തന്റെ കൃഷികൾക്ക് ഭാര്യ ശ്രീജയുടെയും ഏകമകൾ ആർച്ചയുടെയും പൂർണ സഹായവും ലഭിക്കുന്നുണ്ട്. ചടയമംഗലം കൃഷി ഓഫീസർ സതീഷ് കുമാറിന്റെ നിർദ്ദേശങ്ങളും സഹായങ്ങളും ഈ യുവകർഷകൻ ലഭിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.