22 December 2024, Sunday
KSFE Galaxy Chits Banner 2

കനറാ ബാങ്ക് എഴുതിത്തള്ളിയ വന്‍കിട വായ്പകള്‍ 11 വര്‍ഷത്തിനിടെ 1.29 ലക്ഷം കോടി

വിശദാംശങ്ങള്‍ നല്‍കാനാകില്ലെന്നും അധികൃതര്‍
Janayugom Webdesk
മുംബെെ
October 10, 2022 9:54 pm

വായ്പ എഴുതിത്തള്ളിയ വന്‍കിട കുടിശികക്കാരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ച് രാജ്യത്തെ നാലാമത്തെ വലിയ പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക്. 100 കോടി രൂപയോ അതില്‍ കൂടുതലോ വായ്പയെടുത്ത വൻകിട കുടിശികക്കാരുടെ കിട്ടാക്കടങ്ങൾ എഴുതിത്തള്ളുന്നത് ബാങ്ക് തുടരുകയാണ്. 11 വര്‍ഷത്തിനിടെ 1.29 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ് ബാങ്ക് എഴുതിത്തള്ളിയത്. എന്നാല്‍ വിവരാവകാശ നിയമ പ്രകാരം വായ്പ എഴുതിത്തള്ളിയവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ബാങ്ക് തയാറായിട്ടില്ല. കുടിശിക വരുത്തിയവരില്‍ നിന്ന് പിരിച്ചെടുത്ത തുകയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടാനും ബാങ്ക് അധികൃതര്‍ വിസമ്മതിച്ചു.

വിവരാവകാശ നിയമ പ്രകാരമുള്ള വിവര ശേഖരണം നിഷേധിക്കാന്‍ ബാങ്കിന്റെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അധികാരമില്ല. സ്വകാര്യ പകർപ്പവകാശം സംരക്ഷിക്കുന്ന ഒന്‍പതാം വകുപ്പ് പ്രകാരവും വാണിജ്യ, വ്യാപാര രഹസ്യങ്ങളുമായി ബന്ധപ്പെട്ട മൂന്നാം കക്ഷി വിവരങ്ങൾ ഒഴിവാക്കുന്ന പതിനൊന്നാം വകുപ്പ് പ്രകാരവും വിവരങ്ങള്‍ നിഷേധിക്കുന്നതിന് കൃത്യമായ കാരണം നല്‍കണം. എന്നാല്‍ വായ്പ എടുക്കുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് ബാങ്കിന്റെ വാദം. 

കുറ‍‍ഞ്ഞ തുക വായ്പ കുടിശിക വരുത്തിയവരുടെ പേരുവിവരങ്ങള്‍ പത്രപരസ്യങ്ങള്‍ നല്‍കി പ്രസിദ്ധീകരിക്കുന്ന സാഹചര്യത്തിലാണ് വിവരാവകാശ നിയമപ്രകാരം വഴി ആവശ്യപ്പെട്ടിട്ടും വന്‍കിട കുടിശികക്കാരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ബാങ്ക് വിസമ്മതിക്കുന്നത്. ഒരു കോടി രൂപയോ അതില്‍ താഴെയോ ഉള്ള എഴുതിത്തള്ളിയ കിട്ടാക്കടങ്ങളുടെ മൊത്തം തുകയെ കുറിച്ചുള്ള വിവരാവകാശത്തിന് 2011-12 മുതല്‍ 2021–22 വരെയുള്ള സാമ്പത്തിക വര്‍ഷം വരെയുള്ള വായ്പക്കാരുടെ വിവരങ്ങളാണ് നല്‍കിയത്. ഒരു കോടി രൂപയും അതിൽ താഴെയും വായ്പ എടുത്തിട്ടുള്ളവർ കഴിഞ്ഞ 11 വർഷമായി കനറാ ബാങ്കിന് 1,30,812.01 കോടി രൂപ നൽകാനുണ്ടെന്നും മറുപടിയിൽ പറയുന്നു. 

കനറാ ബാങ്കുമായി സിന്‍ഡിക്കേറ്റ് ബാങ്ക് ലയിച്ചതിന് ശേഷമുള്ളവയാണ് 2020–21, 2021–22 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍. 2020 ഏപ്രിലിലാണ് ലയനം നടന്നത്. രണ്ട് വർഷം മുമ്പ്, എഴുതിത്തള്ളിയ കിട്ടാക്കടം സംബന്ധിച്ച വിവരങ്ങൾ പങ്കുവയ്ക്കാൻ കാനറ ബാങ്ക് വിസമ്മതിക്കുകയും പകരം വാർഷിക റിപ്പോർട്ടുകൾ പരിശോധിക്കാന്‍ അപേക്ഷകനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Eng­lish Summary:1.29 lakh crore over 11 years in huge loans writ­ten off by Canara Bank
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.