23 January 2026, Friday

ഷാരൂഖ് ഖാന്റെ നാവരിഞ്ഞാല്‍ ഒരുലക്ഷം; പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭാ നേതാവ്

Janayugom Webdesk
ലഖ്നൗ
January 2, 2026 9:04 pm

ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹ്മാനെ സ്വന്തമാക്കിയതിനെച്ചൊല്ലിയുള്ള വിവാദം രൂക്ഷമാകുന്നു. ടീം സഹ ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാനെതിരെ പ്രകോപനപരമായ ആഹ്വാനവുമായി അഖിലേന്ത്യാ ഹിന്ദുമഹാസഭ രംഗത്തെത്തി. ഷാരൂഖ് ഖാന്റെ നാവ് മുറിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ഹിന്ദുമഹാസഭ ആഗ്ര ജില്ലാ യൂണിറ്റ് മുൻ പ്രസിഡന്റ് മീര റാത്തോഡ് പ്രഖ്യാപിച്ചു.

മഥുരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മീര റാത്തോഡ് വിവാദ പരാമർശം നടത്തിയത്. പിന്നാലെ ഷാരൂഖ് ഖാന്റെ പോസ്റ്ററുകളിൽ കരി പൂശുകയും ചെരുപ്പ് മാല അണിയിച്ച് പ്രതിഷേധിക്കുകയും ചെയ്തു. 9.2 കോടി രൂപയ്ക്കാണ് മുസ്തഫിസുർ റഹ്മാനെ കെകെആർ ലേലത്തിൽ എടുത്തത്. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ താരത്തെ ടീമിലെടുത്തത് അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം. ഷാരൂഖ് ഖാൻ ‘രാജ്യദ്രോഹി‘യാണെന്നും പാകിസ്ഥാന് ധനസഹായം നൽകുന്ന ആളാണെന്നും ബിജെപി മുൻ എംഎൽഎ സംഗീത് സോം ആരോപിച്ചു. മുസ്തഫിസുർ റഹ്മാനെപ്പോലുള്ള താരങ്ങളെ ഇന്ത്യയിൽ കളിക്കാൻ അനുവദിക്കില്ലെന്നും സോം മുന്നറിയിപ്പ് നൽകി.

ആള്‍ദൈവം ദേവകീനന്ദൻ ഠാക്കൂറും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. കെകെആർ ഈ തീരുമാനം പിൻവലിക്കണമെന്നും ഇല്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഠാക്കൂര്‍ പറഞ്ഞു. പ്രകോപനപരമായ പ്രസംഗങ്ങൾക്കും ഭീഷണികൾക്കുമെതിരെ നടപടി വേണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും പൊലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.