1. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കോവിഡ് അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളെ ചികിത്സിക്കാനായി പ്രത്യേകമായി കിടക്കകള്‍ സജ്ജമാക്കണം. ചികിത്സയില്‍ കഴിയുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ചികിത്സ നിഷേധിക്കാതെ അതേ ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പ് വരുത്തണം. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകള്‍ നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് എല്ലാ ജില്ലയില്‍ നിന്നും ഡബ്ല്യുജിഎസ് പരിശോധനയ്ക്ക് അയക്കേണ്ടതാണെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
2. വയനാട്ടില്‍ ഗോത്രദമ്പതികളുടെ ആറ് മാസം പ്രായമുള്ള കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ മാനന്തവാടി മെഡിക്കല്‍ കോളജിലെ താത്കാലിക ജീവനക്കാരിയായ ഡോക്ടറെ പിരിച്ചുവിട്ടു. മാനന്തവാടി കെല്ലൂര്‍ കാരാട്ടുകുന്ന് കോളനിയിലെ ബിനീഷ് — ലീല ദമ്പതിമാരുടെ ആണ്‍കുഞ്ഞാണ് മാര്‍ച്ച് 22‑ന് മരിച്ചത്. കടുത്ത ന്യുമോണിയയും വിളര്‍ച്ചയുമായി മാനന്തവാടി മെഡിക്കല്‍ കോളജിലെത്തിച്ച കുട്ടിയെ ഡോക്ടര്‍ മരുന്നുനല്‍കി പറഞ്ഞയക്കുകയായിരുന്നു.
3. സംസ്ഥാനത്ത് അടുത്ത നാല് ദിവസവും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ ഒന്നു വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് 31.4 മി.മീ മഴ ലഭിച്ചു. സാധാരണ ഗതിയില്‍ 34.4 മീ.മീ മഴയാണ് ലഭിക്കേണ്ടത്. വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഈ സീസണില്‍ സാധാരണയിലും കൂടുതല്‍ മഴ ലഭിച്ചിട്ടുണ്ട്.
4. വിഷു, ഈസ്റ്റർ ഉത്സവ സമയത്ത് യാത്രക്കാരിൽ നിന്ന് അന്യസംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ അമിത ചാർജ് ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് പരിശോധന തുടങ്ങി. പരിശോധന നടത്തണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു മോട്ടോർവാഹന വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു. കർശന നടപടി സ്വീകരിക്കുന്നതിന് എല്ലാ ആർടിഒ, എൻഫോഴ്സ്മെന്റ് ആർടിഒമാർക്കും ട്രാൻസ്പോർട്ട് കമ്മിഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്.
5. സംസ്ഥാനത്തെ കെട്ടിട പെര്‍മിറ്റ് ഫീസും അപേക്ഷാഫീസും പരിഷ്കരിച്ചു. 100 മീറ്റര്‍ സ്ക്വയര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് 300 രൂപ വരെയാണ് അപേക്ഷാ ഫീസ്. 101 മുതല്‍ 300 മീറ്റര്‍ സ്ക്വയര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് 1000 രൂപ വരെയാണ്. 300 മീറ്റര്‍ സ്ക്വയറിന് മുകളിലുള്ള കെട്ടിടങ്ങള്‍ പഞ്ചായത്ത് പരിധിയിലാണെങ്കില്‍ 3000 രൂപയും മുനിസിപ്പാലിറ്റിയിലാണെങ്കില്‍ 4000 രൂപയും കോര്‍പറേഷനില്‍ 5000 രൂപയും അപേക്ഷാ ഫീസ് നല്‍കണം.
6. സ്വപ്നാ സുരേഷിനെതിരെ മാനനഷ്ട കേസുമായി മുന്നോട്ട് പോകുമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മാധ്യമങ്ങളോട് ഒരു കാര്യം പറയുമ്പോള്‍ വസ്തുത അന്വേഷിച്ച് പറയേണ്ട ഉത്തരവാദിത്തമുണ്ട്. സ്വപ്നയുടെ നിലപാട് ശരിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു എം വി ഗോവിന്ദന്‍ സ്വപ്നയ്ക്കെതിരെ വക്കീല്‍ നോട്ടീസയച്ചത്. ഇതിന്റെ 10 ശതമാനം തുക കെട്ടിവച്ച് കേസിന് പോകുമോ എന്നറിയാന്‍ കാത്തിരിക്കുന്നു എന്ന സ്വപ്നാ സുരേഷിന്റെ പ്രസ്താവന മാധ്യമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.
7. രാമനവമി റാലിക്കിടെ ഹൈദരാബാദിൽ നടത്തിയ വിവാദ പരാമർശത്തിൽ ബിജെപി എംഎൽഎ ടി രാജ സിങ്ങിനെതിരെ പൊലീസ് കേസെടുത്തു. ഹോഷാമഹല്‍ എംഎല്‍എയായ രാജാ സിങ്ങിനെ ബിജെപിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അഫ്സൽഗഞ്ച് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇസ്ലാമിക രാജ്യങ്ങളാകുമെന്ന് രാമനവമി ദിവസം നടത്തിയ റോഡ് ഷോയില്‍ രാജാ സിങ്ങ് പ്രസംഗിച്ചിരുന്നു.
8. പത്ത് മാസത്തെ ജയിൽ വാസത്തിന് ശേഷം മുൻ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദു പട്യാല സെൻട്രൽ ജയിലിൽ നിന്ന് മോചിതനായി. നീല കുർത്തയും തലപ്പാവും ധരിച്ച്, കയ്യിൽ ഒരു പുസ്തകവുമായി പുറത്തിറങ്ങിയ സിദ്ദുവിനെ ജയിലിന് പുറത്ത് നൂറുകണക്കിന് കോൺഗ്രസ് നേതാക്കളും അനുഭാവികളും ചേര്‍ന്ന് സ്വീകരിച്ചു. പട്യാല നഗരത്തിൽ പലയിടത്തും നവജ്യോത് സിദ്ധുവിന്റെ നിരവധി പോസ്റ്ററുകളും ഹോർഡിങ്ങുകളും സിദ്ദുവിനെ സ്വാഗതം ചെയ്യുന്നതിനായി അനുയായികൾ സ്ഥാപിച്ചിരുന്നു. 65 കാരനായ ഗുർനാം സിങ്ങിന്റെ മരണത്തിന് കാരണമായ 1988ലെ റോഡ് റേഞ്ച് കേസിലാണ് 2022 മെയ് 20ന് സുപ്രീം കോടതി ഒരു വർഷത്തെ കഠിന തടവിന് ശിക്ഷിച്ചത്.
9. കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ വംശജരുള്‍പ്പെടെ എട്ട് പേരെ അതിര്‍ത്തിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സെന്റ് ലോറന്‍സ് നദിയുടെ തീരത്തുനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്ത്യക്കാരെ കൂടാതെ കാനഡ പാസ്‍പോര്‍ട്ട് കെെവശമുള്ള റുമേനിയന്‍ വംശജരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മരിച്ചവരില്‍ രണ്ട് പേര്‍ കുട്ടികളാണ്. തകര്‍ന്ന ബോട്ടിനടുത്ത് ചതുപ്പില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
10. ഇന്ത്യയ്ക്കും മലേഷ്യയ്ക്കും മറ്റ് കറൻസികൾക്ക് പുറമെ വ്യാപാരം തീർപ്പാക്കാൻ ഇന്ത്യൻ രൂപ ഉപയോഗിക്കാമെന്ന് വിദേശകാര്യ മന്ത്രാലയം. കഴിഞ്ഞ വർഷം ജൂലൈയിൽ ഇന്ത്യൻ കറൻസിയിൽ അന്താരാഷ്ട്ര വ്യാപാര വ്യവഹാരങ്ങള്‍ അനുവദിക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തെ തുടർന്നാണ് നടപടി. വ്യാപാരത്തിന്റെ വളർച്ച സുഗമമാക്കുന്നതിനും ഇന്ത്യൻ രൂപയിൽ ആഗോള വ്യാപാര സമൂഹത്തിന്റെ താല്പര്യങ്ങളെ പിന്തുണയ്ക്കുന്നതിനുമാണ് ആർബിഐ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.