14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

October 25, 2024
September 5, 2024
January 28, 2024
January 10, 2024
December 6, 2023
November 28, 2023
November 11, 2023
October 4, 2023
September 19, 2023
September 17, 2023

ഇടതുപക്ഷ മന്ത്രിമാർ പ്രതിപക്ഷ നേതാവിന്റെ വാലാട്ടികളല്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്, ഡോക്ടര്‍മാര്‍ നാളെ സംസ്ഥാന വ്യാപകമായി പണിമുടക്കും: ഇന്നത്തെ പ്രധാനപ്പെട്ട പത്ത് വാര്‍ത്തകള്‍

Janayugom Webdesk
March 16, 2023 9:38 pm

1 ഇടതുപക്ഷ മന്ത്രിമാർ പ്രതിപക്ഷ നേതാവിന്റെ വാലാട്ടികളല്ലെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വികസനകാര്യങ്ങളിൽ അഭിപ്രായനിർദേശങ്ങളുണ്ടായാൽ അതു പരിശോധിക്കാം. അല്ലാതെ പ്രതിപക്ഷ നേതാവിനെ പ്രീതിപ്പെടുത്തി മന്ത്രിപ്പണി എടുക്കാമെന്ന നിലയിലേക്ക് കേരളത്തിലെ മന്ത്രിമാര്‍ പോകില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

2 രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കൊച്ചിയിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് സ്വീകരിച്ചു. രാഷ്ട്രപതിയായ ശേഷം ദ്രൗപതി മുര്‍മുവിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്.

3 ബുധനാഴ്ച നിയമസഭയിൽ അരങ്ങേറിയ അക്രമസംഭവങ്ങളിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസ്. പരിക്കേറ്റ വനിതാ വാച്ച് ആൻഡ് വാർഡന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. റോജി എം ജോൺ, അൻവർ സാദത്ത്, പി.കെ ബഷീർ, അനൂപ് ജേക്കബ്, കെ.കെ രമ, ഉമാ തോമസ്, ഐ.സി ബാലകൃഷ്ണൻ തുടങ്ങിയവർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.

4 അന്വേഷണ ഉദ്യോഗസ്ഥരുടെയും സർക്കാർ അഭിഭാഷകരുടെയും അശ്രദ്ധ പലപ്പോഴും പ്രതികൾക്ക് സഹായകരമാകുന്നുവെന്ന് ഹൈക്കോടതി. എൻഡിപിഎസ് നിയമപ്രകാരം കസ്റ്റഡി കാലാവധി നീട്ടാനുള്ള അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് കോടതിയുടെ പരാമർശം. വിഷയത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കും സർക്കാർ അഭിഭാഷകർക്കും ആവശ്യമായ പരിശീലനം നൽകണമെന്നും കോടതി വ്യക്തമാക്കി.

5 മുഖ്യമന്ത്രിക്കെതിരെ പ്രകോപന പ്രസംഗവുമായി വീണ്ടും കെപിസിസി പ്രസിഡന്റ്. കൊച്ചി കോർപറേഷന് മുന്നിൽ കോൺഗ്രസ് നടത്തിയ ഉപരോധ സമരം ഉദ്ഘാടനം ചെയ്ത കെ സുധാകരൻ മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുകയായിരുന്നു. കോർപ്പറേഷൻ ജീവനക്കാർക്ക് നേരെ ഭീഷണി ഉയര്‍ത്തി മുഖ്യമന്ത്രിയെയും കുടുംബത്തിനെയും അധിക്ഷേപിച്ചുകൊണ്ടുള്ള പ്രസംഗമാണ് സുധാകരൻ നടത്തിയത്. അധിക്ഷേപ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.

6 ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആഹ്വാനമനുസരിച്ച് ഡോക്ടര്‍മാര്‍ നാളെ സംസ്ഥാന വ്യാപകമായി പണിമുടക്കും. സംസ്ഥാനത്ത് വർധിച്ചു വരുന്ന ആശുപത്രി ആക്രമങ്ങൾ തടയുന്നതിനുള്ള നടപടി സ്വീകരിക്കുക, കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ മുതിർന്ന ഡോക്ടർക്കു നേരെ നടന്ന വധശ്രമക്കേസിലെ പ്രധാന പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ പ്രഖ്യാപിച്ചിട്ടുള്ള സമരത്തിന്റെ ഭാഗമായി അത്യാഹിത വിഭാഗം ഒഴികെയുള്ള പരിശോധനകളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടു നില്‍ക്കും.

7 അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാരും മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് തകർന്നുവീണത്. അസമിലേക്കുള്ള യാത്രക്കിടെ ബോംഡിലയിലെ മണ്ടാല പർവത മേഖലയില് വച്ചാണ് അപകടമുണ്ടായത്.

8 ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബി.ആര്‍.എസ് എംഎല്‍സിയുമായ കെ. കവിത ഇന്നും ചോദ്യം ചെയ്യലിന് ഹാജരായില്ല. പകരം രേഖകൾ അഭിഭാഷകന്റെ പക്കൽ കൊടുത്തുവിട്ടു. ആവർത്തിച്ചുളള ചോദ്യം ചെയ്യലിനെതിരായ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് കവിതയുടെ തീരുമാനം. ഒപ്പം ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായും ഇഡിയെ അറിയിച്ചു. കവിതയോട് മാർച്ച് 20ന് ഇഡിക്ക് മുൻപാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

9 ജയിലിലായ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് സി.ബി.ഐ. ഡല്‍ഹി സര്‍ക്കാരിന്റെ ഫീഡ്ബാക്ക് യൂണിറ്റില്‍ അഴിമതി ആരോപിച്ചാണ് പുതിയ കേസ്‌. സിസോദിയ്‌ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സി.ബി.ഐയ്ക്ക് അനുമതി നല്‍കിയതിനു പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

10 യുഎസിന്റെ പ്രകോപനങ്ങള്‍ക്ക് അതേരീതിയില്‍ തന്നെ പ്രതികരണമുണ്ടാകുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. കരിങ്കടലിന് മുകളില്‍ റഷ്യന്‍ സുഖോയ് യുദ്ധവിമാനം യുഎസ് എംക്യു 9 ഡ്രോണുമായി കൂട്ടിയിടച്ചതിനു പിന്നാലെയാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതികരണം. ക്രിമിയയുടെ തീരത്തെ യുഎസ് ഡ്രോണുകളുടെ സാന്നിധ്യം പ്രകോപനപരമാണെന്നും കരിങ്കടൽ മേഖലയിലെ സ്ഥിതിഗതികൾ മോശമാക്കുന്നതാണ് യുഎസിന്റെ നടപടികളെന്നും റഷ്യൻ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു പറഞ്ഞു.

ജനയുഗം ഓണ്‍ലൈന്‍ മോജോ ന്യൂസില്‍ വീണ്ടും കാണാം, കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കുമായി ജനയുഗത്തിന്റെ വെബ്സൈറ്റ് യുട്യൂബ് ചാനല്‍ എന്നിവ സന്ദര്‍ശിക്കുക.

 

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.