5 December 2025, Friday

ഭാരതീയ വീക്ഷണമില്ലാതെ 100 തികഞ്ഞ ആർഎസ്എസ്

അജിത് കൊളാടി
വാക്ക്
October 5, 2025 4:40 am

ആർഎസ്എസ് എന്തിന്റെ പേരിൽ ആണയിടുന്നുവോ, അതിനെതിരായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്. ഭാരതത്തിന്റെ അഖണ്ഡതയിലും ഭാരതീയ സംസ്കാരത്തിന്റെ പരിപാലനീയതയിലും ഉറച്ച് വിശ്വസിക്കുന്ന ഒരു സംഘടനയാണ് അത്. എന്നാൽ അത് വിഭാവനം ചെയ്യുന്ന ഭാരതാഖണ്ഡതയും ഭാരതസംസ്കാരവും അല്ല ഭാരതത്തിന്റെ യഥാർത്ഥമായ അഖണ്ഡതയും സംസ്കാരവും. ഭാരതീയതയുടെ നാമത്തിൽ സംസാരിക്കുവാൻ ഈ സംഘത്തിന് അർഹതയില്ല. പക്ഷെ ഇന്ന് അവർ ഇന്ത്യൻ സമൂഹത്തിന്റെ സമസ്ത മേഖലകളിലും ആധിപത്യം സ്ഥാപിച്ചു എന്നതാണ് ഭീതിജനകമായ യാഥാർത്ഥ്യം. വേദം, ഗീത, രാമായണം, മഹാഭാരതം എന്നൊക്കെയുള്ള മഹനീയ നാമധേയങ്ങളും അഖണ്ഡത, അനശ്വരത, പവിത്രത തുടങ്ങിയ സംസ്കാരോപലക്ഷണങ്ങളും നിരന്തരം ഉച്ചരിക്കുന്നതുകൊണ്ടും വികാരതലത്തിൽ നിന്നു കൊണ്ട് പ്രചരിപ്പിക്കുന്നതുകൊണ്ടും ഒരു സംഘടന ഭാരതീയ ചൈതന്യത്തെ നിലനിർത്താൻ ബദ്ധശ്രദ്ധമായ സംഘടനയായി തീരുന്നില്ല. 

ഇന്ത്യയിൽ രണ്ടു തരം ജീവിത ധാരകൾ ഉണ്ട്. ഒന്ന് ഋഷികൾ തുറന്നു തന്ന പ്രപഞ്ചൈക്യത്തിന്റെ ദർശനത്തിന്റെ ധാരയും മറ്റേത് അതിനെ ആചാരതലത്തിൽ താഴ്ത്തിക്കെട്ടി സങ്കുചിതമായ, മനുഷ്യ വിരുദ്ധമായ പുരോഹിത സംസ്കാരത്തിന്റെ സ്വാർത്ഥ മോഹങ്ങൾക്കുവേണ്ടി ഭാരതീയ ചിന്തകളെ ദുർവ്യാഖ്യാനിച്ചും തർക്കിച്ചും ബലാൽക്കാരം ചെയ്തും വഷളാക്കിയ സംസ്കാര ധ്വംസനത്തിന്റെ ധാരയും. ഭാരതീയ ദർശനങ്ങളുടെ പ്രകാശത്തെ നമുക്ക് കാട്ടിതന്ന അനവധി മഹാത്മക്കൾ കഴിഞ്ഞ രണ്ടു മൂന്നു നൂറ്റാണ്ടുകളിലടക്കം നമുക്കുണ്ടായിരുന്നു. ശ്രീരാമകൃഷ്ണ പരമഹംസനും വിവേകാനന്ദനും ശ്രീ നാരായണനും ചട്ടമ്പി സ്വാമികളും അയ്യന്‍കാളിയും മഹാത്മാ ഫൂലെയും മഹാത്മാ ഗാന്ധിയും അംബേദ്കറും ഈ രാജ്യത്തിലുണ്ടായിരുന്നു. ഉപനിഷത്തിന്റെ സംസ്കാരം വിശ്വമാനവിക ഐക്യത്തിൽ പ്രതിഷ്ഠിതമാണ്. ആര്‍എസ്എസിനെ നിഷേധിക്കാൻ ആവാത്ത സത്യമാണത്. ആ വിശ്വമാനവൻ ഇന്ന് മറ്റു മതന്യൂനപക്ഷങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത ഹിന്ദുവായി. അങ്ങനെയുള്ള ഹിന്ദുവിനെ വാർത്തെടുത്തു ആര്‍എസ്എസ്. ഭാരതീയന് മറുനാട്ടുകാർ കൊടുത്ത ഒരു നാമമാണ് ഹിന്ദു എന്ന പദം എന്ന് അവർ നിത്യേന വിസ്മൃതിയിലേക്ക് തള്ളി. ഭാരതീയൻ എന്ന അർത്ഥത്തിലല്ലാതെ അതിനെ ഉപയോഗിക്കാൻ നമുക്ക് അധികാരമില്ല. പക്ഷെ ഇന്ന് അതല്ല നടക്കുന്നത്. ഭാരതീയൻ പരിരക്ഷിക്കേണ്ടത് വിശ്വഐ ക്യ സന്ദേശമാണെന്ന് ഋഷിമാർ പാടി.
ക്രിസ്തുവിനെയും മുഹമ്മദിനെയും ബുദ്ധനെയും അനുകമ്പാമൂർത്തികളായി വിവേകാനന്ദനും ശ്രീ നാരായണനും മഹാത്മാഗാന്ധിയും കണ്ടു. ആര്‍എസ്എസ് വിശ്വ ഐക്യത്തെ അംഗീകരിക്കുന്നില്ല. ഉണ്ടെങ്കിൽ ക്രൈസ്തവരെയും മുഹമ്മദീയരേയും അന്യരായി കാണുന്ന അന്ധതയിൽ അവർ മുങ്ങി കഴിയേണ്ട ആവശ്യമില്ല. ഐക്യഭാവന പൂർണമായും നശിച്ചു പോയതുകൊണ്ടാണ് ഹിന്ദുക്കൾ എന്നു വിളിക്കപ്പെടുന്ന മതവിഭാഗത്തിൽ തന്നെ സവർണാവർണഭേദം തള്ളിക്കയറ്റി അവർണന് ഹൈന്ദവദേശ സന്നിധിക്ക് അവകാശമില്ല എന്ന് അവർ അലറുന്നത്. അവരാണ് ഈ നാട്ടിൽ ഭേദചിന്തയുടെ കാളകൂടം വമിപ്പിക്കുന്നത്. വിഭാഗീയ ബുദ്ധിയും ഹിംസാ പ്രതിപത്തിയുമാണ് ആർഎസ്എസിന്റെ മുഖലക്ഷണങ്ങൾ. അവ രണ്ടും യഥാർത്ഥ ഭാരതീയ സംസ്കാരത്തിന്റെ ശൈലിയല്ല. അതു കൊണ്ട് തന്നെ ആര്‍എസ്എസ് ഭാരതീയ സംസ്കാരത്തിന്റെ പേരിൽ ജനങ്ങളെ പ്രാപിക്കാൻ ആത്മീയമായ അധികാരമുള്ള സംഘടനയല്ല. പക്ഷെ അവർ കഴിഞ്ഞ നൂറു വർഷമായി പുരാണങ്ങളെ ദുർവ്യാഖ്യാനിച്ചും ചരിത്രത്തെ വികൃതമാക്കിയും, അന്ധവിശ്വാസവും യുക്തിരഹിത ചിന്തകളും വളർത്തിയും, കെട്ടുകഥകൾ പ്രചരിപ്പിച്ചും അവർ ആത്മീയ വേഷമണിയുന്നു എന്നതാണ് വിചിത്രം. ആ കപട പ്രചാരകരിൽ വിശ്വസിക്കുന്ന ഒരു ജനതയെ വളർത്തി കഴിഞ്ഞ നൂറ്റാണ്ടിൽ വിഷലിപ്തമായ സന്ദേശങ്ങളിലൂടെ ഭേദചിന്തകളിലൂടെ.
വെളിച്ചത്തിന് ഇത്രയധികം ശത്രുക്കളുണ്ടോ എന്ന് അത്ഭുതപ്പെടാം. ഇരുട്ട് ശത്രുതന്നെ. സൂര്യൻ ഉദിച്ചപ്പോൾ കരഞ്ഞു മറഞ്ഞ നരപാലകന്മാരായി കൂമനും കുറുക്കനും. അവർ ഇപ്പോൾ നാട്ടിൽ നരപാലകന്മാരായി വിലസുന്നു. സ്വാർത്ഥ തമസിൽ അവയുടെ സാമ്രാജ്യങ്ങൾ വലുതായി. രാഷ്ട്രത്തിൽ രാഷ്ട്രീയം ഉണ്ടാകണം എന്ന് ഉദ്ദേശിക്കപ്പെടേണ്ട ഇടത്തിൽ രാഷ്ട്രീയത്തിനു വേണ്ടി മാത്രം രാഷ്ട്രം എന്ന നീതി പുലർന്നു കഴിഞ്ഞു. ദേശപോഷണത്തിന് വ്യക്തിപോഷണം അന്തർഭവിക്കുന്നുവെന്നല്ല, വ്യക്തിപോഷണത്തിനപ്പുറത്ത് ദേശമോ ദേശപോഷണമോ ഇല്ലെന്ന സത്യം ഈ രാജ്യം നിത്യേന വെളിപ്പെടുത്തി തരുന്നു. അത്തരം ഒരു സംസ്കാരം മുലധനശക്തികളുമായി ഉറ്റ സൗഹൃദം പുലർത്തിക്കൊണ്ട് സംഘ്പരിവാർ വളർത്തിക്കഴിഞ്ഞു. 

സ്വാർത്ഥ തമസ് പങ്കിലമാക്കാത്ത ജീവിത വേദികൾ ഒന്നും എങ്ങുമില്ല. ഉപനിഷത്തുക്കളുടെ സർവ പ്രധാനമായ ലക്ഷണം സവിശേഷവും നിർഭയവുമായ സത്യാന്വേഷണമാണ്. മതത്തിന്റെയും തത്വശാസ്ത്രത്തന്റെയും മൗലിക പ്രശ്നങ്ങളെപ്പറ്റി ചർച്ച ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന ശിഷ്യരേയും ഗുരുക്കന്മാരേയും ആണ് നാം അവിടെ കണ്ടുമുട്ടിയത്. പക്ഷെ ആര്‍എസ്എസിന് അത്തരം ചർച്ചകളും ഗുരുക്കന്മാരും വേണ്ട. സത്യാന്വേഷണത്തിൽ പരി വ്യാപ്തമായിരിക്കുന്ന സ്വാതന്ത്രത്തിന്റെ അന്തരീക്ഷമാണ് ഉപനിഷത്തിൽ. എന്നാൽ സ്വാതന്ത്ര്യം എന്ന വാക്ക് തന്നെ ആർഎസ്എസിന് സ്വീകാര്യമല്ല. അവർ പറയുന്നത് കേൾക്കുകയും അവർ കാണാൻ പറയുന്നത് കാണുകയും മാത്രം ചെയ്യുന്ന ഒരു രാജ്യമാണ് അവർക്ക് വേണ്ടത്. ഉപനിഷത്ത് പഠിപ്പിച്ചത് അധികാരികളെ ചോദ്യം ചെയ്യാനാണ്. ആർഎസ്എസിന് ചോദ്യം ചെയ്യുന്നവരെ ഇഷ്ടമല്ല. അവരെ അവർ ഉന്മൂലനം ചെയ്യും. എത്രയോ ഉദാഹരണങ്ങൾ ഈ രാജ്യത്തുണ്ട്.
അപരിഷ്കൃത നിലവാരത്തിനു യോജിച്ച വിശ്വാസങ്ങളും ചിന്തകളും അവർ വളർത്തി. അന്ധവിശ്വാസങ്ങളെ ചേർത്തു പിടിക്കുന്ന അപരിഷ്കൃത മനസാണ് അവർക്ക് വേണ്ടത്. അതിവൃഷ്ടി, അനാവൃഷ്ടി, പകർച്ചവ്യാധി, ദാരിദ്യം, മർദനം, ആൾക്കൂട്ട കൊലപാതകങ്ങൾ, തുടങ്ങിയവയുടെ മുന്നിൽ പകച്ചു നിൽക്കുന്ന നിസഹായരായ മനുഷ്യരെയാണ് അവർക്ക് ആവശ്യം. വൃത്തിഹീനമായ, ക്രൂരമായ ജാതി വ്യവസ്ഥയെ അടിച്ചേല്പിക്കുന്ന സംഘടനയാണ് ആർഎസ്എസ്. ദൈവ വിധിയെക്കുറിച്ചുള്ള സങ്കല്പത്തിന്റെ മുന്നിൽ മനുഷ്യന്റെ ഇച്ഛാശക്തിക്ക് സ്ഥാനമില്ല എന്ന് പഠിപ്പിക്കുന്ന സംഘടനയാണ് ആർഎസ്എസ്.
മതവിശ്വാസത്തെ ചൂഷണാധിഷ്ഠിതമായ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥയെ നിലനിർത്താനുള്ള ഒരുപകരണമാക്കി തീർത്തു അവർ. സംഘ്പരിവാർ ആധിപത്യം ജീവിതത്തിൽ നിന്ന് ജനാധിപത്യത്തെ റദ്ദാക്കി. മനുഷ്യരുടെ നിലനില്പിൽ നിന്നും അവരുടെ ജനാധിപത്യപരമായ അവകാശങ്ങളുടെയും അധികാരങ്ങളുടെയും എല്ലാ സംരക്ഷണങ്ങളുടെയും ആവരണങ്ങൾ അവർ എടുത്തു മാറ്റി. ജനങ്ങൾ രാഷ്ട്രീയമായി നഗ്നശരീരരാക്കപ്പെട്ടു. ചോദ്യവുമില്ല ഉത്തരവുമില്ല. എന്തൊരു ചിന്താ ജീർണത.
മനുഷ്യരെ അവരുടെ നിലനില്പിന്റെ ശക്തികൾക്കെതിരെ തിരിച്ചുവിടുന്ന രാഷ്ട്രീയ മഹാരോഗത്തിന്റെ പേരാണ് ഫാസിസം. അത്തരം ഒരു ആശയം ഭാരതീയ ദർശനങ്ങളിൽ ഇല്ല. എന്നിട്ടും ആർഎസ്എസ് ഫാസിസത്തെ ചേർത്ത് പിടിക്കുന്നു. അവർക്കറിയാം സ്വപ്നങ്ങൾ തകർക്കപ്പെട്ട രാഷ്ട്രീയമായി അവലംബഹീനരായി തീരുന്ന സാധാരണ മനുഷ്യർ ഈ രോഗത്തിന്റെ ഇരകൾ ആയി തീരും എന്ന്.
രാജ്യത്തെ തന്നിലേക്ക് ചുരുക്കുന്ന മഹായോഗികളെ ആർഎസ്എസ് വളർത്തി. മഹാത്മാവും നെഹ്രുവും ജനങ്ങളാണ് രാഷ്ട്രം എന്ന് പറഞ്ഞു. പക്ഷെ ഇന്ന് ഗാന്ധിയെ തള്ളി ആർഎസ്എസ് സകല മേഖലകളിലും ആധിപത്യം സ്ഥാപിച്ചു. സ്വാർത്ഥത്തിന്റെ പരമമായ യോഗ സാക്ഷാത്‌കാരമാണ് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും.
75 വർഷം മുമ്പ് നാം നൽകിയ ഭരണഘടനയിലെ സ്വയം നിർവചനത്തിന്റെ എല്ലാ സ്വാഭാവവിശേഷങ്ങളും നഷ്ടമായി കൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഒരു പരമാധികാര മതേതര ജനാധിപത്യ സമത്വോന്മുഖ റിപ്പബ്ലിക് എന്ന നമ്മുടെ പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്ന് തീർത്തും അകന്ന് ഒരു പരാശ്രിത, മതാധിഷ്ഠിത, ഫാസിസോന്മുഖ, കോർപ്പറേറ്റ് അനുകൂല ദേശരാഷ്ട്രമായി ഇന്ത്യയെ അവർ മാറ്റി.
എല്ലാതരം ഫാസിസങ്ങളുടെയും അടിസ്ഥാന സ്വഭാവങ്ങളായി ഉംബർട്ടോ എക്കോ ചൂണ്ടിക്കാണിച്ചതെല്ലാം ഇന്നത്തെ ഭരണാധിപരും അവരെ നിയന്ത്രിക്കുന്ന ആർഎസ്എസും പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നു. അന്ധമായ പാരമ്പര്യാരാധന, യുക്തിയുടെയും സ്വതന്ത്ര ചിന്തയുടെയും നിരാസം, സംസ്കാരത്തെയും കലയെയും ധൈഷണിക പ്രവർത്തനങ്ങളെയും കുറിച്ചുള്ള ഭയം കലർന്ന സംശയം, വിയോജിപ്പുകളെ വിശ്വാസ വഞ്ചനയായി കാണുന്ന സമീപനം, നാനാത്വത്തിന്റെ നിരാസം, ജനങ്ങളെ വഞ്ചിക്കുന്ന പൊള്ളയായ പ്രഭാഷണം, ദേശത്തിന്റെ നിഷേധാത്മകമായ നിർവചനം, “അപരരെ” സൃഷ്ടിച്ച് എല്ലാ കുഴപ്പത്തിനും അവരാണ് കാരണം എന്ന ആരോപണം, വീരാരാധന, ആൺകോയ്മ തങ്ങളാണ് ജനങ്ങൾ എന്ന രീതിയിലുള്ള പ്രവർത്തനം, ദുർബലരോടുള്ള അവജ്ഞ, ചരിത്രം തങ്ങൾക്ക് അനുകൂലമായി തിരുത്തിയെഴുതൽ, ഇവയാണ് ഉംബർട്ടോ എക്കോ ചൂണ്ടി കാണിച്ച ഫാസിസത്തിന്റെ സ്വഭാവങ്ങൾ. അവ നടപ്പിലാക്കികൊണ്ടിരിക്കുന്ന ആർഎസ്എസ് ഇന്ത്യയെ ഗാന്ധിജിയുടെ സത്യം, അഹിംസ, സുഖപരിത്യാഗം, നിസ്വത, സാഹോദര്യം എന്നീ വ്രതങ്ങളിൽ നിന്ന് പാടെ അകറ്റി.
ത്യാഗമാണ് ഇന്ന് ത്യാഗം ചെയ്യപ്പെട്ടു കാണുന്നത്. ത്യജിക്കുക എന്നല്ല, ഭുജിക്കുക മാത്രം മതി എന്നത് അവർ ഭാരതീയന്റെ മുദ്രാവാക്യം ആക്കി മാറ്റി. അത് അനുനിമിഷം ഇന്ത്യയുടെ ആത്മാവ് ഏറ്റു പാടിക്കൊണ്ടിരിക്കുന്നു. സർവത്ര അഴിമതിയും മൂലധനശക്തികളുടെ സമഗ്രാധിപത്യവും. അങ്ങനെ വൻ സാമ്പത്തികശക്തികളും മതമൗലികവാദികളും, നിരാലംബരായ നിസഹായരായ കോടിക്കണക്കിനു മനുഷ്യരെ ഭുജിക്കുന്ന ഒരു അസുര സമൂഹമാക്കി ഇന്ത്യയെ മാറ്റി ആർഎസ്എസ് .
ജനങ്ങൾക്കാകട്ടെ സദ്ബുദ്ധി കുറഞ്ഞുവരുന്നു. ദുർബുദ്ധി എങ്ങും താണ്ഡവമാടുന്നു. ഗാന്ധിജി പണ്ടേ നമ്മെ പാട്ടുപാടി പഠിപ്പിക്കാൻ ശ്രമിച്ചത് “സന്മതി” വേണമെന്നായിരുന്നു. സന്മതി അഥവാ സദ്ബുദ്ധി മനുഷ്യന്റെ വ്യക്തിജീവിതത്തിലെയും സമൂഹ ജീവിതത്തിലെയും നന്മകൾക്കും മേന്മകൾക്കും നിദാനമാണ്. സദ്ബുദ്ധിയുള്ളവനെ പരോപകാരിയാകാൻ കഴിയൂ. തന്നോടൊപ്പം തുല്യതയോടെ വളരാൻ ഉപകരിക്കുന്ന ആശയങ്ങളാണ് സോഷ്യലിസവും ജനാധിപത്യവും. ആർഎസ്എസ് ഈ വാക്കുകളെ ഉച്ചരിക്കില്ല.
സദ്ബുദ്ധിയുടെ അഭാവമാണ് സഹിഷ്ണുതയില്ലായ്മ. ജനങ്ങൾ ഇന്ന് വിദ്വേഷത്തിലും വെറുപ്പിലുമാണ്. വെറുപ്പും പകയും പുലർത്തുന്ന ജനത്തെയാണ് ആർഎസ്എസ് എന്നും കാംക്ഷിക്കുന്നത്. അത് കെടുത്താനുള്ള തണ്ണീർക്കണങ്ങൾ ഉയരുന്ന ഉറവകൾ എങ്ങും വറ്റിക്കുന്നു. നന്മയും തിന്മയും വേർതിരിക്കാൻ കഴിയാത്ത ഒരു സായംസന്ധ്യയിൽ സംഘ്പരിവാർ പ്രത്യയശാസ്ത്രം നമ്മെ കൊണ്ടെത്തിച്ചു. മനുഷ്യനെ അല്പനാക്കുന്ന വസ്തുക്കളെ മഹത്തായി കാണുന്ന യുഗത്തിലാണ് നാം. ആർഎസ്എസ് പ്രത്യയശാസ്ത്രത്തെ ശക്തമായി പ്രതിരോധിക്കുക എന്നതാണ് ഓരോ ഇന്ത്യക്കാരന്റെയും കടമ. പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റുകാരന്റെ കടമ.
നമ്മുടെ ഭരണഘടനയുടെ തുടക്കത്തിൽ “Pre­am­ble” എന്നു പറയും. “Pre­am­ble” എന്നു പറയുമ്പോൾ തുടക്കം എന്നു പറഞ്ഞാൽ മതിയോ? മനുഷ്യസ്നേഹമുള്ളവരുടെ കണ്ണുകളിൽ നിന്ന് ഇറ്റുവീഴുന്ന കണ്ണുനീര്‍ത്തുള്ളികൾ ഭരണഘടനയുടെ ആമുഖത്ത് കാണാം. അത് ഭരണഘടന സ്വയം സമർപ്പിക്കുകയാണ്. അസാധാരണമായ ഒരു പ്രക്രിയ അവിടെയുണ്ട്. നമ്മൾ ഭരണഘടനയുണ്ടാക്കി നമുക്ക് തന്നെ സമർപ്പിക്കുകയാണ്. നമ്മുടെ അഭിലാഷങ്ങൾ മുഴുവനും നാം വാക്കിന്റെ രൂപം കൊടുത്ത് അത് നിർമ്മിച്ചു എന്ന് അവകാശപ്പെട്ടിട്ട് നമ്മൾ അത് മറ്റാർക്കും പണയം വയ്ക്കാതെ നമുക്ക് തന്നെ തരികയാണ്. സ്വാതന്ത്ര്യത്തിന്റെ ജീവിതകഥയാണ് അതിൽ പറയുന്നത്. സ്വാതന്ത്ര്യം നാം വാങ്ങിയത് മറ്റാർക്കും കൊടുക്കാനല്ല, സ്വയം സമർപ്പിക്കുവനാണ്. ഭരണഘടന തന്നെ നമുക്ക് സമർപ്പിക്കപ്പെട്ടതാണ്. ഭരണഘടനയുടെ ജീവൻ സ്വാതന്ത്ര്യമാണ്. സ്വാതന്ത്ര്യത്തിന്റെ കനക ഗോപുരത്തിലൂടെയാണ് നാം രാഷ്ട്രഘോഷയാത്ര അന്ന് മുതൽ നയിച്ചത്. ഇന്ന് സ്വാതന്ത്ര്യവും ഭരണഘടനയും ആർഎസ്എസ് ചവിട്ടിമെതിക്കുന്നു. സ്വാതന്ത്ര്യം തിരിച്ചുപിടിക്കാനുള്ള പോരാട്ടം ആണ് കാലം ആവശ്യപ്പെടുന്നത്.
ഇന്ന് ഇന്ത്യ വിൽക്കപ്പെടുന്നു. ആർഎസ്എസിന്റെ ഇന്ത്യയിൽ മൂലധനശക്തികൾ പൊതു മേഖലയെ നശിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ 79-ാം വർഷത്തിൽ വിൽക്കൽ പ്രക്രിയ തുടർന്നു കൊണ്ടിരിക്കുന്നു. നാം തുടങ്ങിയത് സ്വാതന്ത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ. നാം അത് നേടുകയും നമുക്ക് സമർപ്പിക്കുകയും ഇത് നമ്മുടെ ജീവധനമായി ഇവിടെ വളർത്തുകയും ചെയ്യുക എന്ന ഒരു ആദിമ പ്രതിജ്ഞയിൽ ആരംഭിച്ച ഒരു രാജ്യം, ഇന്ന് ആർഎസ്എസിന്റെ ഇന്ത്യ നമ്മുടെ അഭിരുചികളെ വിദേശരാജ്യങ്ങൾക്കും മൂലധനശക്തികൾക്കും മതമൗലികവാദികൾക്കും അടിമപ്പെടുത്തി രാഷ്ട്രത്തിന്റെ ആത്മീയ സത്തും ഭൗതിക സ്വത്തും പണയപ്പെടുത്തിയ മഹാദുരന്ത മുഹൂർത്തത്തിലാണ് നിൽക്കുന്നത്.
ഏതു മാർഗം അവലംബിച്ചും ധർമ്മത്തെ ധ്വംസിക്കണമെന്ന വിചാരിക്കുന്ന ക്രൂരമായ രാഷ്ടീയ മനഃസാക്ഷിയുടെ ആശയമാണ് ആർഎസ്എസ് പ്രത്യയശാസ്ത്രം. മഹാത്മാവ് നിത്യേന വധിക്കപ്പെട്ടുകൊണ്ടിരിക്കുന്നതു കണ്ട് അവർ ആഹ്ലാദചിത്തരാകുന്നു. ചാതുർവർണ്യത്തിന്റെ പേരിൽ അടിമത്തം നിലനിർത്തുന്ന ഈ ഭീകരശക്തികൾ ഭാരതത്തിന്റെ പ്രയാണത്തെ നിയന്ത്രിക്കുമ്പോൾ കഴിഞ്ഞ 79 വർഷങ്ങൾ നാം നേടിയത് എന്താണ് എന്ന ഒരു വിചിന്തനത്തിന്റെ പ്രസക്തി വർധിക്കുന്നു. പ്രത്യേകിച്ചും ഇടതുപക്ഷം ഈ ആസുര പ്രത്യയശാസ്ത്രത്തിനെതിരെ ഗഹനീയമായ ചിന്തകൾ ഉയർത്തിക്കൊണ്ടുവരണം എന്നു മാത്രമല്ല, അതിശക്തമായ പോരാട്ടം ആർഎസ്എസ് ആശയങ്ങൾക്കെതിരെ കർമ്മപഥത്തിൽ കൊണ്ടുവരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.