35 മരുന്നുകമ്പനികള്‍ ഇലക്ടറല്‍ ബോണ്ടിലൂടെ 1000 കോടി രൂപ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മിഷൻ രേഖകള്‍. ഇതില്‍ ഏഴ് കമ്പനികളില്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടവയാണ്. പല കമ്പനികളും നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഇലക്ടറല്‍ ബോണ്ടിലൂടെ സംഭാവനകള്‍ നല്‍കുകയായിരുന്നുവെന്ന് വ്യക്തമായി. 1940ലെ ഡ്രഗ്സ് ആന്റ് കോസ്മറ്റിക്സ് ആക്ട് അനുസരിച്ച് മരുന്നു നിര്‍മ്മാണ കമ്പനികളുടെ ഗുണനിലവാര പരിശോധന നടത്താൻ ഏത് സംസ്ഥാനത്തെയും ഭക്ഷ്യ, ഡ്രഗ്സ് വകുപ്പുകള്‍ക്ക് അധികാരമുണ്ട്. ഗുണനിലവാര പരിശോധന പരാജയപ്പെട്ടാല്‍ കമ്പനിക്ക് നോട്ടീസ് അയക്കാനും ഭക്ഷ്യ, ഡ്രഗ്സ് വകുപ്പുകള്‍ക്ക് സാധിക്കും. എന്നാല്‍ ലൈസൻസ് സസ്പെൻഡ് ചെയ്യാനും തടഞ്ഞുവയ്ക്കാനുമുള്ള അധികാരം കേന്ദ്രത്തിനോ കമ്പനി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിനോ മാത്രമാണ്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഹെറ്ററോ ലാബ്സ് ആന്റ് ഹെറ്ററോ ഹെല്‍ത്ത്കെയര്‍. 39 കോടിയുടെ തെരഞ്ഞെടുപ്പ് ബോണ്ടുകളാണ് കമ്പനി വാങ്ങിയത്. ഇതിന് 10 മാസം മുമ്പ് മഹാരാഷ്ട്ര ഭക്ഷ്യ‑ഡ്രഗ്സ് വകുപ്പ് കമ്പനിക്ക് ആറ് നോട്ടീസുകള്‍ നല്‍കിയിരുന്നു.
ഹെറ്ററോക്ക് ഏറെ ലാഭമുണ്ടാക്കിയ കോവിഡ് മരുന്ന് റംഡെസിവിറിന്റെ ഗുണനിലവാരമില്ലായ്മയുടെ പേരിലാണ് മൂന്ന് നോട്ടീസുകള്‍. റംഡെസിവിര്‍ മഞ്ഞ നിറത്തില്‍ കാണപ്പെട്ടതിനെതുടര്‍ന്ന് 2021 ജൂലൈയില്‍ കമ്പനിക്ക് നോട്ടീസ് ലഭിച്ചിരുന്നു. അളവില്‍ കുറവുണ്ടായതിനെത്തുടര്‍ന്ന് അതേ വര്‍ഷം ഒക്ടോബറിലും മായം കലര്‍ന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡിസംബറിലും കമ്പനിക്ക് നോട്ടീസ് ലഭിച്ചിരുന്നു.
2021ല്‍ തന്നെ കമ്പനിയുടെ മറ്റ് രണ്ട് മരുന്നുകളും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. ആന്റിഫംഗല്‍ മരുന്നായ ഇട്ബോര്‍ കാപ്സ്യൂളും ബാക്ടീരിയല്‍ ഇൻഫെക്ഷന് ഉപയോഗിക്കുന്ന മോണോസേഫുമാണ് അവ. 2022ല്‍ വാങ്ങിയ 39 കോടിയുടെ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ക്ക് പുറമേ 2023 ജൂലൈയില്‍ 10 കോടിയുടെയും അതേവര്‍ഷം ഒക്ടോബറില്‍ 11 കോടിയുടെയും ബോണ്ടുകള്‍ കമ്പനി വാങ്ങിയിരുന്നതായാണ് കണക്കുകള്‍.
2019 സെപ്റ്റംബറില്‍ രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും 2021 ഡിസംബറില്‍ ഹൃദയസംബന്ധിയായ അസുഖത്തിനും 2023 ഫെബ്രുവരിയില്‍ വയറിളക്ക രോഗത്തിനുമുള്ള മരുന്നുകള്‍ ഗുണനിലവാര പരിശോധനയില്‍ വിജയിച്ചില്ല. 2019 മേയ് ഒക്ടോബര്‍ മാസങ്ങളില്‍ കമ്പനി 12.5 കോടിയുടെ ബോണ്ടുകളാണ് വാങ്ങിയത്. 2021 ഏപ്രിലില്‍ 7.50 കോടിയുടെയും 2022 ജനുവരിയിലും ഒക്ടോബറിലും 25 കോടിയുടെയും 2023 ഒക്ടോബറില്‍ ഏഴ് കോടിയുടെയും 2024 ജനുവരിയില്‍ 25.5 കോടിയുടെയും തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ കമ്പനി വാങ്ങുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്യുകയും ചെയ്തു.
2022–23 വര്‍ഷത്തില്‍ 29 കോടിയുടെ തെരഞ്ഞെടുപ്പ് ബോണ്ടുകളാണ് സൈഡസ് ഹെല്‍ത്ത്കെയര്‍ വാങ്ങിയത്. 2021ല്‍ കമ്പനിയുടെ കോവിഡ് മരുന്ന് സ്വീകരിച്ച് നിരവധി പേര്‍ക്ക് പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതിനെതുടര്‍ന്ന് ബിഹാര്‍ ഡ്രഗ് റെഗുലേറ്റര്‍ മരുന്ന് ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തി. എന്നാല്‍ നടപടി സ്വീകരിക്കാൻ ഗുജറാത്ത് സര്‍ക്കാര്‍ തയ്യാറായില്ല. 2022നും 2023നുമിടയില്‍ അഞ്ചു നോട്ടീസുകള്‍ ലഭിച്ച ഗ്ലെൻമാര്‍ക്ക് എന്ന കമ്പനി 9.75 കോടിയുടെ തെരഞ്ഞെടുപ്പ് ബോണ്ടുകളാണ് വാങ്ങിയത്. കമ്പനിയുടെ രക്ത സമ്മര്‍ദ്ദ മരുന്നായ ടെല്‍മയാണ് നോട്ടീസ് വാങ്ങാൻ കാരണമായത്.
2018നും 2022നുമിടയില്‍ നാല് കാരണം കാണിക്കല്‍ നോട്ടീസുകള്‍ ലഭിച്ച സിപ്ല കമ്പനി 39.2 കോടിയുടെ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വാങ്ങി. സിപ്ലയുടെ ആര്‍സി കഫ്സിറപ്പില്‍ മായം കണ്ടെത്തിയ സാഹചര്യത്തില്‍ കമ്പനിക്ക് നോട്ടീസ് നല്‍കുകയായിരുന്നു. അടുത്ത വര്‍ഷം കമ്പനി 14 കോടിയുടെ ബോണ്ടുകള്‍ വാങ്ങുകയായിരുന്നു. ക്ലോറോക്വൈൻ ഫോസ്ഫേറ്റിന്റ് അളവ് വേണ്ടതിലും കുറവാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഐപിസിഎ ലബോറട്ടറീസ് ലിമിറ്റഡിന്റെ ലറിയാഗോ എന്ന മരുന്നിന് നോട്ടീസ് ലഭിച്ചു. തുടര്‍ന്ന് 2022 നവംബറിനും 2023 ഒക്ടോബറിനുമിടയില്‍ കമ്പനി 13.5 കോടിയുടെ ബോണ്ട് വാങ്ങി. മരുന്നിന്റെ ഗുണനിലവാര പരിശോധന പരാജയപ്പെട്ടതോടെ ഇൻടാസ് ഫാര്‍മസ്യൂട്ടിക്കല്‍സിനും നോട്ടീസ് ലഭിച്ചു. ശേഷം 2022 ഒക്ടോബറില്‍ കമ്പനി 20 കോടി വിലവരുന്ന ബോണ്ടുകള്‍ വാങ്ങുകയായിരുന്നു.
ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോറെന്റ് ഫാര്‍മ 2019 മേയ് മുതല്‍ 2024 ജനുവരി വരെ 77.5 കോടിയുടെ തെരഞ്ഞെടുപ്പ് ബോണ്ടുകളാണ് വാങ്ങിയത്. കമ്പനിയുടെ ഡെപ്ലാട്ട്-150 എന്ന മരുന്ന് സാലിസൈലിക് ആസിഡ് പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് മരുന്നിന് ഗുണനിലവാരമില്ലെന്ന് മഹാരാഷ്ട്ര ഫുഡ് ആന്റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ പ്രഖ്യാപിച്ചു. തുടരെയുള്ള ഗുണനിലവാര പരിശോധന പരാജയത്തെത്തുടര്‍ന്ന് 2019 ഒക്ടോബറില്‍ യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നോട്ടീസ് നല്‍കുകയും ചെയ്തു. അത്തരം ഒരു നോട്ടീസ് ലഭിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യൻ അധികാരികള്‍ പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ടതാണ്. എന്നാല്‍ ഗുജറാത്ത് സര്‍ക്കാര്‍ മരുന്ന് കമ്പനിക്കെതിരെ ചെറുവിരല്‍ പോലും അനക്കിയില്ല.
English Summary: 1000 crore contribution from 35 pharmaceutical companies
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.