22 June 2024, Saturday

മരുന്ന് കമ്പനികളുടെ കൊള്ളയും ഭരണകൂടത്തിന്റെ നിസംഗതയും

ഡോ. അരുണ്‍ മിത്ര
March 28, 2024 4:32 am

ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ലോകമെമ്പാടും എക്കാലവും തർക്കവിഷയമാണ്. ഒരിക്കലും അമിത ലാഭത്തിന് മുൻഗണന നൽകുന്നതാകരുത് ഈ വ്യവസായം. എന്നാൽ ആഗോളതലത്തില്‍ ഔഷധക്കമ്പനികൾ ജനങ്ങളുടെ ആരോഗ്യത്തിന്റെ ചെലവിൽ വന്‍ലാഭം കൊയ്യുകയാണ്. ഇങ്ങനെ അമിതലാഭം തെളിയിക്കുന്ന ഒട്ടേറേ കണക്കുകളും നമുക്ക് മുന്നിലുണ്ട്. കോവിഡ് മഹാമാരിയുടെ കാലത്ത് ജനം കൂട്ടത്തോടെ മരിച്ചുകൊണ്ടിരിക്കുമ്പോൾ വാക്സിൻ നിർമ്മാണ കമ്പനികളുണ്ടാക്കിയത് ശതകോടികളുടെ നേട്ടമായിരുന്നു. വാക്സിനുകൾ നിർമ്മിക്കാൻ വിഭവങ്ങളോ സാങ്കേതിക പരിജ്ഞാനമോ ഇല്ലാത്ത വികസ്വര രാജ്യങ്ങളെ തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാൻ കമ്പനികള്‍ നിർബന്ധിച്ചു. വാക്സിനില്‍ പ്രതികൂല പ്രതികരണമുണ്ടായാൽ അത് കമ്പനിയുടെ ബാധ്യതയല്ല എന്ന നിബന്ധന പോലും ഇതിൽ ഉൾപ്പെടുന്നു. ഗ്യാരന്റിയായി സമ്പത്ത് പണയപ്പെടുത്താന്‍ പോലും അവർ സർക്കാരുകളെ പ്രേരിപ്പിച്ചു.  ഇന്ത്യയുടെ അവസ്ഥയും മെച്ചമല്ല. 2021 ജൂൺ 19ന് ദി ഇന്റർസെപ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിൽ അപർണ ഗോപാലൻ ഇങ്ങനെ ചൂണ്ടിക്കാട്ടി: ‘സ്വകാര്യ ആശുപത്രികൾക്ക് വിൽക്കുന്ന ഓരോ ഡോസിനും, സെറം 2,000 ശതമാനം വരെയും ഭാരത് ബയോടെക് 4,000 ശതമാനം വരെയും ലാഭം നേടി’. ഇന്ത്യയിൽ മഹാമാരിയുടെ ആദ്യ വർഷത്തിൽ 38 പുതിയ ശതകോടീശ്വരന്മാരുണ്ടായി. രാജ്യത്തെ 140 ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് 90.4 ശതമാനം വർധിച്ചു.
ആരോഗ്യപ്രവർത്തകർ ഏറെ പ്രതിഷേധമുയർത്തിയതിനെത്തുടര്‍ന്ന് 2015 സെപ്തംബർ 16നാണ് കേന്ദ്രസര്‍ക്കാര്‍ മരുന്ന് വില്പനയിലെ വില നിയന്ത്രണത്തിന് ഒരു കമ്മിറ്റി രൂപീകരിച്ചത്. ഡിസംബർ ഒമ്പതിന് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. ചില മരുന്നുകളുടെ ലാഭം 5,000 ശതമാനം വരെയാണെന്ന് സമിതി ചൂണ്ടിക്കാണിച്ചു. പ്രതിവിധി എന്ന നിലയിൽ, പരമാവധിവിലയ്ക്ക് പരിധി നിശ്ചയിക്കാൻ ശുപാർശ ചെയ്യുകയും ‘ഗ്രേഡഡ് ട്രേഡ് മാർജിനു‘കള്‍ക്കും നിർദേശം പുറപ്പെടുവിച്ചു. അതനുസരിച്ച് ഒരു യൂണിറ്റിന് (ടാബ്‌ലെറ്റ്, ക്യാപ്‌സ്യൂൾ, കുപ്പി, കുത്തിവയ്പ് മരുന്ന്, ട്യൂബ്) രണ്ട് രൂപ വരെ വില വരുന്നവയ്ക്ക് ലാഭപരിധിയില്ല. യൂണിറ്റിന് രണ്ട് മുതല്‍ 20 രൂപ വരെ 50 ശതമാനവും 20–50 രൂപയ്ക്ക് 40 ശതമാനവും യൂണിറ്റിന് 50 ഓ അതിന് മുകളിലോ വരുന്നവയ്ക്ക് പരമാവധി 35 ശതമാനവും കൂടിയ വില നിശ്ചയിച്ചു. 2015 ഡിസംബറിൽ സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടും നാളിതുവരെ സർക്കാർ അനങ്ങിയിട്ടില്ല.
ഔഷധ വിപണി നിയന്ത്രിക്കാനും പരിശോധന കാര്യക്ഷമമാക്കാനും 1988ൽ വേൾഡ് ഹെൽത്ത് അസംബ്ലിയും ശുപാർശ ചെയ്തിരുന്നു. അതിന്റെ തുടർച്ചയായി, 2012 മാർച്ച് 19ന് ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കായി യൂണിഫോം കോഡ് ഫോർ ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിങ് പ്രാക്ടീസ് (യുസിപിഎംപി) എന്ന പേരിൽ ഒരു കോഡ് ഫാർമസ്യൂട്ടിക്കൽസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇന്ത്യ രൂപീകരിച്ചു. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട മരുന്നുകൾ മാത്രം പ്രോത്സാഹിപ്പിക്കുകയും അമിതമായ അവകാശവാദങ്ങളില്‍ നിന്ന് വിട്ടുനിൽക്കുകയും ദോഷകരമായേക്കാവുന്ന സംയുക്തങ്ങള്‍ ഒഴിവാക്കുകയും ചെയ്യാന്‍ നിയമം അനുശാസിക്കുന്നു. ആറ് മാസത്തേക്ക് നിയമം സ്വമേധയാ പാലിക്കണമെന്നാണ് യുസിപിഎംപി സൂചിപ്പിച്ചിരുന്നത്. അതിനുശേഷം അവലോകനം ചെയ്യുകയും കമ്പനികൾ ഇത് പിന്തുടരുന്നില്ലെന്ന് കണ്ടെത്തിയാൽ നിയമം നിർബന്ധിതമാക്കുകയും ചെയ്യും. എന്നാല്‍ ലോകമെമ്പാടുമുള്ള അനുഭവം കാണിക്കുന്നത് സ്വമേധയാ കോഡുകൾ പ്രായോഗികമാക്കില്ല എന്നാണ്.

 


ഇതുകൂടി വായിക്കൂ: അപഹസിക്കപ്പെട്ട ജനാധിപത്യം


2024 മാർച്ച് 12ന് കേന്ദ്ര സർക്കാർ ഒരു പുതിയ യുസിപിഎംപി കൊണ്ടുവന്നു. എന്നാല്‍ പുതിയ കോഡും നിർബന്ധമായിരുന്നില്ല. കോഡിലെ നിര്‍ദേശം സ്വമേധയാ നടപ്പിലാക്കാനാണ് കമ്പനികളോട് വീണ്ടും ആവശ്യപ്പെട്ടത്. എത്തിക്സ് സമിതികൾ രൂപീകരിക്കാനും കമ്പനികളോട് ആവശ്യപ്പെട്ടു. അവരുടെ അസോസിയേഷനുകളോടും നൈതിക സമിതികൾ രൂപീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ സമിതികളുടെ താല്പര്യങ്ങള്‍ വൈരുദ്ധ്യമുള്ളതായിരിക്കുക സ്വാഭാവികം. അതിനാൽ ഇതൊരു കണ്ണില്‍പ്പൊടിയിടല്‍ മാത്രമാണ്. രസകരമായ കാര്യം കമ്പനികൾക്കുള്ള ശിക്ഷ അസോസിയേഷന്‍ അംഗത്വം നഷ്‌ടപ്പെടുക എന്നതുമാത്രമാണ് എന്നതാണ്.
ചെലവ് കുറഞ്ഞ മരുന്നുകളുടെ ആവശ്യകത മനസിലാക്കിയ ജവഹർലാൽ നെഹ്രു പൊതുമേഖലയിൽ മരുന്നുകളുടെ നിർമ്മാണവുമായി മുന്നോട്ടുപോയി. 1961ൽ ഇന്ത്യൻ ഡ്രഗ്‌സ് ആന്റ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് (ഐഡിപിഎൽ) ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം മുന്നറിയിപ്പ് നൽകി: “മരുന്ന് വ്യവസായം പൊതുമേഖലയിലായിരിക്കണം… ഇത്തരം ഒരു വ്യവസായം എന്തായാലും സ്വകാര്യമേഖലയിൽ ഉണ്ടാകരുതെന്ന് ഞാൻ കരുതുന്നു. ഈ വ്യവസായം പൊതുജനങ്ങളെ വളരെയധികം ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ട്”. പിന്നീട് തന്ത്രപ്രധാനമായ ദേശീയ ആരോഗ്യ പരിപാടികളിൽ ഐഡിപിഎൽ പ്രധാന പങ്ക് വഹിച്ചു. അത് തിരിച്ചറിഞ്ഞ ലോകാരോഗ്യ സംഘടന, ’50 വർഷത്തിനുള്ളിൽ മറ്റുള്ളവർ നേടിയത് ഐഡിപിഎൽ 10 വർഷത്തിനുള്ളിൽ കൈവരിച്ചു. ഐഡിപിഎൽ ഉല്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിച്ച വികസിത രാജ്യങ്ങൾ അവിടെ നിന്ന് ഔഷധം വാങ്ങാൻ ആഗ്രഹിക്കുന്നു’ എന്ന് അഭിനന്ദിച്ചു. ഇപ്പോൾ എല്ലാം മാറിമറിഞ്ഞിരിക്കുന്നു. 2016ൽ ഐഡിപിഎൽ, ആർഡിപിഎൽ തുടങ്ങിയ അഞ്ച് പൊതുമേഖലാ യൂണിറ്റുകൾ അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചു. എച്ച്എഎൽ, ബിസിപിഎൽ, കർണാടക ആന്റിബയോട്ടിക്സ് ആന്റ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് (കെഎപിഎൽ) എന്നിവയെ തന്ത്രപരമായി തകര്‍ക്കാനും തീരുമാനിച്ചിരുന്നു.


ഇതുകൂടി വായിക്കൂ: റോഡില്‍ ജീവന്‍ പൊലിയാതിരിക്കണം


 

ജനങ്ങൾ സ്വന്തം പോക്കറ്റിൽ നിന്ന് ആരോഗ്യ സംരക്ഷണത്തിനായി വലിയതോതില്‍ പണം ചെലവഴിക്കേണ്ടിവരുമെന്ന് നമുക്കറിയാം. ഇതിൽ 70 ശതമാനവും മരുന്നുകൾ വാങ്ങുന്നതിനാണ്. അതിനാൽ മരുന്നുവില സാധാരണക്കാരന്റെ കൈയെത്തുന്നതായിരിക്കണം. ഇതില്‍ സർക്കാരിന്റെ അനാസ്ഥ ആശങ്കയുളവാക്കുന്നതാണ്. വൻകിട ഔഷധ വ്യവസായികളുമായി സർക്കാരിന് ബന്ധമുണ്ടോ എന്ന സംശയം ശക്തമാണ്. ചില ഫാർമസ്യൂട്ടിക്കൽ കമ്പനികളും ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളും 800 കോടിയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതിൽ അതിശയിക്കാനില്ല. ഇത് സർക്കാരും വൻകിട മരുന്ന് കമ്പനി മുതലാളിമാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ചുള്ള സംശയം ബലപ്പെടുത്തുന്നു.
ജനങ്ങളുടെ ആരോഗ്യത്തിന്റെ ചെലവിൽ അഴിമതിയും അമിത ലാഭവും സംരക്ഷിക്കുന്ന നയം അവലോകനം ചെയ്യാനും ഔഷധമേഖലയിലെ പൊതുമേഖലാ യൂണിറ്റുകളെ ശക്തിപ്പെടുത്താനുമുള്ള സമയമാണിത്. മരുന്നുകളുടെയും വാക്സിനുകളുടെയും സ്വതന്ത്ര വിപണി സമീപനം വൻകിട ഔഷധ വ്യവസായികളെ സഹായിക്കുകയും ജനങ്ങളുടെ ആരോഗ്യം അവഗണിച്ച് ലാഭം കൊയ്യാന്‍ സഹായിക്കുകയും ചെയ്യും.
(അവലംബം: ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.