വയനാട് ലോക്‌സഭ, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ജനങ്ങള്‍ പോളിങ് ബൂത്തിലേക്ക്. വയനാട് മണ്ഡലത്തില്‍ 1354 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളിലായി 14,71,742 വോട്ടര്‍മാരുണ്ട്. പോളിങ് സാമഗ്രികളുടെ വിതരണം ഇന്നലെ രാവിലെ മുതല്‍ തുടങ്ങി. മാനന്തവാടി സെന്റ് പാട്രിക് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് കോളജ്, കല്പറ്റ എസ്‌കെഎംജെ ഹൈസ്കൂള്‍, കൂടത്തായി സെന്റ് മേരീസ് എല്‍പി സ്കൂള്‍, മഞ്ചേരി ചുള്ളക്കാട് ജിയുപി സ്കൂള്‍, മൈലാടി അമല്‍ കോളജ് എന്നിവിടങ്ങളിലാണ് പോളിങ് സാമഗ്രികളുടെ വിതരണം നടന്നത്.
വിതരണ കേന്ദ്രങ്ങളില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്ക് പോളിങ് സാമഗ്രികളുമായി ബൂത്തിലെത്താന്‍ പ്രത്യേക വാഹനങ്ങളും ഒരുക്കിയിരുന്നു. തെരഞ്ഞെടുപ്പ് നിര്‍വഹണത്തിനായി സുരക്ഷാ സംവിധാനങ്ങളും ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ നേതൃത്വത്തില്‍ വിന്യസിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ 04936 204210, 1950 ടോള്‍ ഫ്രീ നമ്പറുകളില്‍ അറിയിക്കാനുള്ള കണ്‍ട്രോള്‍ റൂമും വിജില്‍ ആപ്പും സജ്ജമാക്കിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദ, ഹരിത ബൂത്തുകളിലാണ് ഇത്തവണയും തെരഞ്ഞെടുപ്പ് നടക്കുന്നത്.
ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ 2,13,103 വോട്ടർമാരാണ് വിധിയെഴുതുക. 1,01,903 പുരുഷന്മാരും, 1,11,197 സ്ത്രീകളും, മൂന്ന് ട്രാൻസ്ജെൻഡർ വിഭാഗക്കാരും ഉൾപ്പെടുന്നു. ഇതിൽ 10,143 പേർ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം പേര് ചേർത്ത പുതിയ വോട്ടർമാരാണ്. ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉൾപ്പെടെയുള്ള മുഴുവൻ ദൃശ്യങ്ങളും വെബ്കാസ്റ്റിങ് സംവിധാനത്തിലൂടെ തത്സമയം രേഖപ്പെടുത്തുകയും നിരീക്ഷിക്കുകയും ചെയ്യും. ചെറുതുരുത്തി പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ഒരുക്കിയ കമാൻഡ് കൺട്രോൾ റൂമിലാണ് വെബ്കാസ്റ്റിങ് നിരീക്ഷിക്കുക. ഫ്ലയിങ് സ്ക്വാഡ്, മണ്ഡലത്തിലെ മൂന്ന് ലൊക്കേഷനുകളിലായി വിന്യസിച്ചിട്ടുള്ള സ്റ്റാറ്റിക് സർവേലൻസ് സ്ക്വാഡ് വാഹനങ്ങളിൽ സ്ഥാപിച്ച സിസിടിവി, പോളിങ് സാമഗ്രികളുമായി സഞ്ചരിക്കുന്ന ഇവിഎം വാഹനങ്ങൾ തുടങ്ങിയവയും തത്സമയം കമാൻഡ് കൺട്രോൾ റൂമിൽ നിരീക്ഷിക്കും.
തെരഞ്ഞെടുപ്പിലെ ആൾമാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും പോളിങ് ഉദ്യോഗസ്ഥർക്കായി തയ്യാറാക്കിയ ‘എഎസ്ഡി മോണിറ്റർ സിഇഒ കേരള’ ആപ്പ്, പോളിങ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പോൾ മാനേജർ ആപ്പ്, എൻകോർ സോഫ്റ്റ്‌വേർ എന്നിവയുടെ പ്രവർത്തനങ്ങൾ വരണാധികാരിയായ സർവേ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ കൺട്രോൾ റൂമിൽ നിരീക്ഷിക്കും.
180 പോളിങ് ബൂത്തുകളില്‍ 14 എണ്ണം പ്രശ്നബാധിതമാണ്. ഇവിടെ മൈക്രോ ഒബ്സർവർമാരെ നിയോഗിച്ചിട്ടുണ്ട്. വെബ്കാസ്റ്റിങ് സംവിധാനം, വീഡിയോഗ്രാഫർ, പൊലീസ് സുരക്ഷ എന്നിവ ഉറപ്പാക്കും. മൂന്ന് ഓക്സിലറി ബൂത്തുകളുമുണ്ട്. സ്ത്രീകൾക്ക് ചുമതലയുള്ള ഒരു പോളിങ് സ്റ്റേഷൻ (69-ാം നമ്പർ) ചേലക്കര ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂൾ എ ബ്ലോക്കിൽ തയ്യാറാക്കിയിട്ടുണ്ട്. ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കം എല്ലാ പോളിങ് ഉദ്യോഗസ്ഥരും വനിതകളായിരിക്കും.
മണ്ഡലത്തിൽ റിസർവ് ഉൾപ്പെടെ 864 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. റിസർവ് ഉൾപ്പെടെ 216 ബാലറ്റ് യൂണിറ്റുകളും, കൺട്രോൾ യൂണിറ്റുകളും 234 വിവിപാറ്റ് യന്ത്രങ്ങളുമാണ് സജ്ജമായിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.