19 May 2024, Sunday

Related news

May 17, 2024
May 15, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 10, 2024
May 9, 2024
May 9, 2024
May 9, 2024

കൂടുമാറ്റം തുടരുന്നു; അഞ്ചു വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടി വിട്ടത് 18 എംഎല്‍എമാര്‍

ഗുജറാത്തില്‍ രണ്ടുദിവസം കൊണ്ട് രണ്ട് എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ടു
Janayugom Webdesk
അഹമ്മദാബാദ്
November 9, 2022 10:33 pm

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ എംഎല്‍എമാരും പാര്‍ട്ടി നേതാക്കളും ബിജെപിയിലേക്ക് ഒഴുകുന്നു. ജുനഗഡ് ജില്ലയിലെ തലാലയില്‍ നിന്നുള്ള മുതിര്‍ന്ന എംഎല്‍എ ഭഗവന്‍ഭായ് ബരാദ് ആണ് ഈ പട്ടികയിലെ ഏറ്റവും പുതിയ ആള്‍. കോണ്‍ഗ്രസിലെ തന്റെ എല്ലാ സ്ഥാനങ്ങളും ഉപേക്ഷിക്കുകയാണ് എന്നും എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയാണ് എന്നും ഭഗവന്‍ഭായ് ബരാദ് പറഞ്ഞു. സ്പീക്കര്‍ ഡോ. നിര്‍മ്മല ബെന്‍ ആചാര്യയ്ക്ക് രാജിക്കത്ത് കൈമാറി. തന്റെ രാജിക്കത്ത് ഉടന്‍ സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ ആചാര്യ ദേവവ്രതിനോടും ഭഗവന്‍ഭായ് ആവശ്യപ്പെട്ടു. ബരാദ് ബിജെപിയില്‍ ചേര്‍ന്നേക്കും എന്നാണ് സൂചന. നിരവധി എംഎല്‍എമാര്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടി വിട്ടേക്കുമെന്നും വാര്‍ത്തകളുണ്ട്.

2017 ലെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം കോണ്‍ഗ്രസ് വിടുന്ന 18-ാമത്തെ എം എല്‍എയാണ് ഭഗവന്‍ഭായ് ബരാദ്. ജുനഗഡ് ജില്ലയില്‍ സ്വാധീനമുള്ളതിനാല്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിയായി ബരാദ് മത്സരിക്കാനും സാധ്യതയുണ്ട്. അഹിര്‍ സമുദായത്തില്‍ നിന്നുള്ള നേതാവാണ് ബരാദ്. ജാംനഗര്‍, ദ്വാരക, സോമനാഥ്, ജുനാഗഡ് തുടങ്ങിയ സൗരാഷ്ട്ര ജില്ലകളില്‍ വ്യാപിച്ച്‌ കിടക്കുന്ന ഒബിസി വിഭാഗത്തില്‍പ്പെട്ട സമുദായമാണ് അഹിര്‍.
വടക്കന്‍, മധ്യ ഗുജറാത്തിലെ ആദിവാസി സ്വാധീന മേഖലകളിലും ഒബിസികള്‍ പ്രബലരായ സൗരാഷ്ട്രയിലും സാമൂഹിക അടിത്തറയുള്ള കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിടുകയെന്നതാണ് ബിജെപിയുടെ പുതിയ പദ്ധതി. തലാലയില്‍ നിന്ന് രണ്ട് തവണ എംഎല്‍എയായിട്ടുണ്ട് ഭഗവന്‍ഭായ് ബരാദ്. ഇദ്ദേഹത്തിന്റെ സഹോദരന്‍ ജാഷു ബരാദ് 1990 കളില്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. 

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിലെ ഏറ്റവും മുതിര്‍ന്ന നിയമസഭാംഗമായ മോഹന്‍സിന്‍ഹ് റാത്വ ബിജെപിയില്‍ ചേര്‍ന്നത്. പത്തുതവണ എംഎല്‍എയായിരുന്ന ഇദ്ദേഹം ആദിവാസി മേഖലയില്‍ ഏറെ സ്വാധീനമുള്ള നേതാവ് കൂടിയാണ്. മകന് സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഇദ്ദേഹം ബിജെപി പക്ഷത്തേക്ക് മാറുകയായിരുന്നു. ഡിസംബര്‍ ഒന്നിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ അഞ്ചിനും നടക്കും. ഡിസംബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കും. നിലവില്‍ ബിജെപി അധികാരത്തിലുള്ള ഗുജറാത്തില്‍ കോണ്‍ഗ്രസിന് പുറമെ ആം ആദ്മി പാര്‍ട്ടിയും സജീവമായി മത്സരരംഗത്തുണ്ട്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റൊരു സംസ്ഥാനമായ ഹിമാചലില്‍ കഴിഞ്ഞ ദിവസം 26 കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.

Eng­lish Summary:18 MLAs left the con­gress par­ty with­in five years
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.