26 July 2024, Friday
KSFE Galaxy Chits Banner 2

മങ്ങുന്ന മോഡി പ്രഭാവം

അഡ്വ. കെ പ്രകാശ്ബാബു
ജാലകം
May 19, 2024 4:55 am

പൊതുതെരഞ്ഞെടുപ്പിന്റെ നാലു ഘട്ടങ്ങൾ കഴിഞ്ഞപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഭാവം മങ്ങിത്തുടങ്ങിയതിന്റെ ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങി. ഇന്ത്യയിലെ മുസ്ലിങ്ങളെ നുഴഞ്ഞുകയറ്റക്കാരെന്നും കൂടുതൽ കുട്ടികളെ ഉല്പാദിപ്പിക്കുന്നവരെന്നും പരിഹസിക്കുക മാത്രമല്ല ആ പരിഹാസം ആവർത്തിച്ചുകൊണ്ടുമിരുന്ന മോഡി ഇപ്പോൾ പറയുന്നത് ഞാൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ്. തന്നെയുമല്ല ‘ഒരു പൊതുപ്രവർത്തകനും അങ്ങനെ പറയില്ലെ‘ന്ന സാരോപദേശവും ഈ ഗീബൽസിന്റെ ശിഷ്യൻ തട്ടിവിട്ടു. ന്യൂസ് 18 ചാനലിനു നൽകിയ അഭിമുഖത്തിലാണ് താൻ നുണ പറയുന്നതിൽ വെറും രാജാവല്ല ചക്രവർത്തിയാണെന്ന് മോഡി തെളിയിച്ചത്. ഇന്ത്യയിൽ ലക്ഷദ്വീപും ജമ്മു കശ്മീരും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇസ്ലാം മത വിശ്വാസികൾ താമസിക്കുന്ന ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉറപ്പായപ്പോൾ മോഡി, ഗീബൽസിനെ ധ്യാനിച്ചുപോയതാവാം. എന്തായാലും തന്റെ ‘ഗ്യാരന്റി‘കളൊന്നും ജനങ്ങൾ മുഖവിലയ്ക്കെടുക്കുന്നില്ലെന്നു പ്രധാനമന്ത്രിക്ക് ബോധ്യമായിത്തുടങ്ങിയതിന്റെ വിഹ്വലത ഇപ്പോൾ പ്രകടമാണ്.
2014ൽ മോഡി തന്നെ നിർദേശിച്ച്, ബിജെപി അംഗീകരിച്ച അധികാരത്തിന് 75 വയസെന്ന പ്രായപരിധി, ജാമ്യം കിട്ടി ജയിൽ മോചിതനായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇപ്പോൾ തനിക്കെതിരെ ഉപയോഗിക്കുമെന്നും മോഡി ചിന്തിച്ചിട്ടുണ്ടാവില്ല. ഡൽഹിയിൽ മദ്യം വിൽക്കുന്നതിന് പുതിയ നയം രൂപീകരിച്ചതിന്റെ പേരിൽ കെജ്‌രിവാളിനെ അറസ്റ്റുചെയ്തത് ഇത്രയും വലിയ തിരിച്ചടിയാകുമെന്നും മോഡി ചിന്തിച്ചിട്ടുണ്ടാവില്ല. തന്നെയുമല്ല ബിജെപിക്ക് ഇലക്ടറൽ ബോണ്ടിൽക്കൂടി 60 കോടി രൂപ നൽകിയ ശരത്ചന്ദ്രറെഡ്ഡിയെന്ന ബിസിനസുകാരനായ പ്രതി മാപ്പുസാക്ഷിയായതിനുശേഷം മാത്രമാണ് അരവിന്ദ് കെജ്‌രിവാൾ കേസിൽ പ്രതിയാക്കപ്പെട്ടത്. ഇഡിയുടെ ആദ്യ റിപ്പോർട്ടിലൊന്നും അരവിന്ദ് കെജ്‌രിവാൾ ഉണ്ടായിരുന്നില്ല. റെഡ്ഡിയിൽക്കൂടി കെജ്‌രിവാളിനെ കുടുക്കാൻ വേണ്ടി ബോധപൂർവം ചമച്ച കേസാണിതെന്നാണ് ആം ആദ്മി നേതാക്കൾ വിശദമാക്കുന്നത്. സുപ്രീം കോടതിയും ആ സംശയം പ്രകടിപ്പിച്ചുകൊണ്ടാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. എന്തായാലും ജയിലിൽ കിടന്ന കെജ്‌രിവാളാണോ ജാമ്യം കിട്ടി പുറത്തുവന്ന കെജ്‌രിവാളാണോ കൂടുതൽ ശക്തൻ എന്നതിൽ മാത്രമെ ഇപ്പോൾ ബിജെപിക്കാർക്കു തർക്കമുള്ളു. ഇനിയിപ്പോൾ കെജ്‌രിവാൾ അകത്തായാലും പുറത്തായാലും ഡൽഹി ലോക്‌സഭാ മണ്ഡലങ്ങൾ ബിജെപിക്ക് ശൂന്യതയായിരിക്കും നൽകുന്നത്.

ഓൺലൈൻ മാധ്യമമായ ന്യൂസ്‌ക്ലിക്കിന്റെ എഡിറ്റർ പ്രബീർ പുര്‍കായസ്തയെ അറസ്റ്റുചെയ്ത ഡൽഹി പൊലീസിന്റെ നടപടി നിയമവിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. 2018ലെ ഭീമ കൊറെഗാവ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്ത് ജയിലിലടയ്ക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകരിൽ പലർക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കൊറെഗാവ് സംഭവത്തിനിടയാക്കിയത് 2017ലെ ‘എൽഗാർ പരിഷത്ത്’ എന്ന ദളിത് സംഗമം ആണെന്ന പേരിലാണ് പീപ്പിൾസ് യൂണിയൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്സ് നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ ഗൗതം നവ്‌ലാഖയെ അറസ്റ്റുചെയ്ത് ജയിലിലാക്കിയത്. അദ്ദേഹം ഉൾപ്പെടെയുള്ള മനുഷ്യാവകാശ പ്രവർത്തകർ ചെയ്ത കുറ്റമെന്താണെന്ന് റിപ്പോർട്ട് ചെയ്യാൻ പോലും നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിക്ക് (എൻഐഎ) ഇതുവരെ കഴിഞ്ഞിട്ടില്ല. മോഡി ഭരണകൂടം നടത്തുന്ന ഫാസിസ്റ്റ് വാഴ്ചയ്ക്കെതിരെ പ്രതികരിക്കുന്നവരെയെല്ലാം വിചാരണത്തടവുകാരാക്കി ആജീവനാന്തം ജയിലിൽ അടയ്ക്കാൻ കഴിയുമെന്ന മോഡിയുടെ മോഹവും പഴയപോലെ നടക്കുന്നില്ല. രക്തസാക്ഷിയായ വയോധികൻ ഫാദർ സ്റ്റാൻസ്വാമിയുടെ ഓർമ്മകളും ഉന്നത നീതിപീഠത്തിന്റെ ഇടപെടലുകളും ബിജെപി മുന്നണിയെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടാവും. അയോധ്യയിലെ രാമക്ഷേത്രത്തിനു ശേഷം ബിഹാറിലെ സീതാഗഢിയിൽ സീതാക്ഷേത്രം നിർമ്മിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിട്ടും ഹൈന്ദവ തീവ്രവാദികൾക്ക് വാശിപോരാ എന്നാണ് തോന്നുന്നത്. നേപ്പാൾ അതിർത്തിയിൽ നിന്നും 30 കിലോമീറ്റർ മാത്രം അകലത്തിലുള്ള സീതാഗഢിയിൽ സീതാക്ഷേത്രവും സീതാർകുണ്ഡും നിലവിലുണ്ട്. പക്ഷെ ബിജെപിയുടെ പ്രശ്നം ക്ഷേത്ര നിർമ്മാണമോ പുനരുദ്ധാരണമോ അല്ല. അവിടെ പൊളിക്കാൻ ഒരു മുസ്ലിം പള്ളിയില്ല എന്നതാണ്. മോഡിയുടെ മേനിപറച്ചിലിൽ സഹികെട്ട ചില ആർഎസ്എസ് നേതാക്കളും മോഡിയെ കൈവിടുന്നോ എന്ന സംശയവും ഇപ്പോൾ ശക്തമാണ്.

 


ഇതുകൂടി വായിക്കൂ; ദി ലയിങ് കിങ്ങും ‘അന്യനും’ മത്സരിക്കുമ്പോള്‍


ഉത്തരാഖണ്ഡിൽ സ്ഥിതിചെയ്യുന്ന ജ്യോതിഷ്‌മഠത്തിലെ ശങ്കരാചാര്യർ അവിമുക്തേശ്വരാനന്ദ സരസ്വതി മോഡിക്കെതിരെ തിരിഞ്ഞത് ഇത് രണ്ടാം തവണയാണ്. പണി പൂർത്തിയാകാത്ത അയോധ്യയിലെ രാമക്ഷേത്രം രാഷ്ട്രീയക്കാരനായ നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചപ്പോൾ അതിനെതിരെ ആദ്യം പ്രതികരിച്ച ശങ്കരാചാര്യന്മാരിൽ ഒരാളായിരുന്നു അവിമുക്തേശ്വരാനന്ദ സരസ്വതി. ഇപ്പോൾ വാരാണസിയിൽ മോഡിക്കെതിരെ മത്സരിക്കാന്‍ നൽകിയ ഗോമാതാ സഖ്യത്തിന്റെ സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളിപ്പോയതുമായി ബന്ധപ്പെട്ട പ്രതികരണത്തിലാണ് ‘കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാജ്യത്ത് ജനാധിപത്യ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കാത്തത് ഭരണാധികാരികൾ തടസം നിൽക്കുന്നതുകൊണ്ടാണെന്ന്’ അവിമുക്തേശ്വരാനന്ദ സരസ്വതി ശങ്കരാചാര്യർ തുറന്നു പറഞ്ഞിരിക്കുന്നത്. ജനങ്ങൾക്ക് മോഡി ഭരണകൂടത്തിന്റെ ഭാഗമായ തെരഞ്ഞെടുപ്പ് കമ്മിഷനിൽ വിശ്വാസം നഷ്ടപ്പെടുന്നുവെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഈ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിൽ 66.14 ശതമാനം പേർ വോട്ടു രേഖപ്പെടുത്തിയപ്പോൾ രണ്ടാം ഘട്ടത്തിൽ 66.71 ശതമാനവും മൂന്നാംഘട്ടത്തിൽ 65.68 ശതമാനവും നാലാം ഘട്ടത്തിൽ 69.16 ശതമാനവുമാണ് വോട്ടു രേഖപ്പെടുത്തിയത്. ഏഴിൽ നാലുഘട്ടവും പൂർത്തിയായപ്പോൾ 97 കോടി വോട്ടര്‍മാരിൽ 45 കോടിയിലധികം വോട്ടർ മാത്രമേ വോട്ടു രേഖപ്പെടുത്തിയിട്ടുള്ളു. ഈ ശതമാന കണക്കുകൾ പോളിങ് കഴിഞ്ഞ് സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ ക്രോഡീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ പോളിങ് കഴിഞ്ഞ് ഒന്നാംഘട്ട പോളിങ്ങിന്റെ ആദ്യ കണക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ ഏപ്രില്‍ 19ന് തന്നെ പ്രസിദ്ധീകരിച്ചിരുന്നു. ഇത് പുതുക്കി 30ന് പുതിയ കണക്ക് പ്രസിദ്ധീകരിച്ചു. ഇതേ ഒന്നാംഘട്ടത്തിന്റെ പുതിയ മറ്റൊരു കണക്ക് മേയ് ഏഴിന് രണ്ടാംഘട്ടത്തോടൊപ്പവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 21 സംസ്ഥാനങ്ങളിലായി 102 മണ്ഡലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ കമ്മിഷൻ പുറത്തുവിട്ട മൂന്നു വ്യത്യസ്ത കണക്കുകളിൽക്കൂടി ഒരു കോടിയിലധികം വോട്ടർമാരെ ഒന്നുകിൽ ഏപ്രിൽ 19ലെയും 30ലെയും കണക്കിൽ വിട്ടുപോയി. അതല്ലെങ്കിൽ മേയ് ഏഴിന് മാത്രമായി കൂട്ടിച്ചേർക്കപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനം കുറ്റമറ്റതാണെന്നോ നിഷ്പക്ഷവും നീതിയുക്തവുമാണെന്നോ എങ്ങനെ പറയാൻ കഴിയും. വോട്ടിങ് നില കണക്കുകൂട്ടാൻ എന്താണിത്ര താമസം എന്ന് സുപ്രീം കോടതിക്ക് തന്നെ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമ്മിഷനോട് ചോദിക്കേണ്ടി വന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ സ്വിച്ച് ഓഫ് ചെയ്ത് ബന്തവസിൽ സൂക്ഷിച്ചിട്ടുള്ളിടത്ത് എങ്ങനെയാണ് വോട്ടിങ് ശതമാനവും എണ്ണവും മാറി മറിയുന്നത്. ഇവിഎം എന്ന വോട്ടിങ് യന്ത്രത്തിന്റെ സുതാര്യതയും ആധികാരികതയും ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ കഴിയുമോ. എന്തായാലും നിലവിലെ സാഹചര്യത്തില്‍ ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ഡൽഹി, പഞ്ചാബ്, ഹരിയാന തുടങ്ങിയവിടങ്ങളിലെയും ജനഹിതം നരേന്ദ്ര മോഡി ഭരണകൂടത്തിനനുകൂലമായിരിക്കില്ല എന്ന് ന്യായമായും കണക്കുകൂട്ടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.