12 June 2024, Wednesday

ധബോൽക്കറുടെ കൊലപാതകം: ശിക്ഷയും ചോദ്യങ്ങളും

Janayugom Webdesk
May 19, 2024 5:00 am

2013 ഓഗസ്റ്റ് 20ന് പുലർച്ചെ പതിവുപോലെ പ്രഭാതസവാരിക്കിറങ്ങിയതായിരുന്നു നരേന്ദ്ര ധബോൽക്കർ. രണ്ട് മോട്ടോർ സൈക്കിളുകളിൽ അതിവേഗതയിലെത്തിയ രണ്ടുപേർ വെടിവച്ചു വീഴ്ത്തി; ധബോൽക്കർ കൊല്ലപ്പെട്ടു. ധബോൽക്കർ എന്നും ശാസ്ത്രീയ ചിന്തകളിൽ വിശ്വസിച്ചിരുന്നു. ഏതുതരത്തിലുള്ള അന്ധവിശ്വാസങ്ങൾക്കെതിരെയും ഉറച്ച നിലപാട് സ്വീകരിച്ചു, പോരാടി. മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതിയുടെ സ്ഥാപനവും പ്രവർത്തനവും ഇതേ ലക്ഷ്യത്തോടെയായിരുന്നു. 2024 മേയ് 10ന്, പുനെയിലെ പ്രത്യേക (യുഎപിഎ) കോടതി, നരേന്ദ്ര ധബോൽക്കറെ കൊലപ്പെടുത്തിയ കേസിൽ രണ്ട് കുറ്റവാളികളെ ജീവപര്യന്തം ശിക്ഷിച്ചു. കേസില്‍ സിബിഐ ചൂണ്ടിക്കാട്ടിയതും മാധ്യമങ്ങൾ ആവർത്തിച്ച് റിപ്പോർട്ട് ചെയ്തതും ഹിന്ദു വലതുപക്ഷ സംഘടനയായ സനാതൻ സൻസ്തയുമായി ബന്ധമുള്ളവരാണ് കുറ്റവാളികളെന്നാണ്. പ്രതികള്‍ ഇരുവരുടെയും ശിക്ഷാവിധി ഒരിക്കൽക്കൂടി ആ ചോദ്യം ഉയർത്തുന്നു. സനാതൻ സൻസ്തയുടെ പ്രവർത്തനങ്ങൾ സമഗ്രമായി അന്വേഷിക്കേണ്ടതല്ലേ? കുറ്റവാളികൾ രണ്ടുപേരിൽ മാത്രം ഒടുങ്ങുന്നില്ല; സൻസ്തയെ നിയന്ത്രിക്കുന്ന ഹിന്ദു ജൻ ജാഗ്രത സമിതിയുടെ മുതിര്‍ന്ന ഭാരവാഹിയും കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകൻ എന്ന് വിലയിരുത്തപ്പെടുകയും ചെയ്യുന്ന വീരേന്ദ്ര സിങ് താവ്ഡെ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ മൂന്ന് പേർ കൂടി ഉണ്ടായിരുന്നു. ഇവരെ വെറുതെവിട്ടെങ്കിലും ശിക്ഷ സനാതൻ സന്‍സ്തയെ പ്രതിക്കൂട്ടിലാക്കി. താവ്ഡെയെ കുറ്റവിമുക്തനാക്കിയ കോടതി, അദ്ദേഹത്തിനെതിരെ ‘സംശയത്തിന് ധാരാളം സാധ്യതകൾ’ ഉണ്ടെന്നും എന്നാൽ ‘തെളിവ് നൽകുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു‘വെന്നുമാണ് നിരീക്ഷിച്ചത്. താവ്ഡെയ്ക്കൊപ്പം വിട്ടയയ്ക്കപ്പെട്ട രണ്ട് പ്രതികളെക്കുറിച്ചും ‘ഉറപ്പായും സംശയത്തിന്റെ നിഴലിൽ’ എന്നായിരുന്നു വിലയിരുത്തിയത്. എന്നാൽ ‘തെളിവുകളുടെ അഭാവം മൂലം വെറുതെ വിടുന്നു’ എന്നും കോടതി വിധിച്ചു.

 


ഇതുകൂടി വായിക്കൂ; ഇന്ത്യയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടപ്പെടുന്നു


ഹിന്ദു വിരുദ്ധരെയും സനാതൻ സൻസ്തയുടെ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരായ ആളുകളെയും ഉന്മൂലനം ചെയ്യുക എന്നതാണ് താവ്ഡെയുടെ ജീവിത ലക്ഷ്യമെന്ന് 2022 ഫെബ്രുവരിയിൽ, കേസന്വേഷിച്ച സിബിഐ സംഘം ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ആശയപരമായ ഭിന്നതകൾ കാരണം ധബോൽക്കറെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും കൊലയാളികളായ ലക്ഷ്യവേദികളെ നിയമിക്കുകയും ചെയ്തത് താവ്ഡെയാണെന്ന് സിബിഐ വ്യക്തമാക്കി. ഹിന്ദു വിരുദ്ധതയെ എങ്ങനെ നേരിടാമെന്ന് പഠിപ്പിച്ച സനാതൻ സൻസ്തയുടെ ‘ക്ഷത്ര ധർമ്മ സാധന’യുടെ പ്രബോധനങ്ങള്‍ താവ്ഡെയും കൂട്ടരും പിന്തുടരുന്നുണ്ടെന്നും സിബിഐ ചൂണ്ടിക്കാട്ടി. സനാതൻ സൻസ്തയും ഹിന്ദു ജൻ ജാഗ്രത സമിതിയും തങ്ങൾക്ക് ഇഷ്ടപ്പെടാത്ത ഏതെങ്കിലും പ്രവൃത്തി ചെയ്യുന്നവരെ ക്രൂരമായ രീതിയിൽ കൈകാര്യം ചെയ്യുമെന്ന തോന്നലിന് നരേന്ദ്ര ധബോൽക്കറുടെ കൊലപാതകം വഴിയൊരുക്കി. അത്തരം വികാരം ജനങ്ങളുടെയും രാജ്യത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയാണ്. ധബോൽക്കർ കൊല്ലപ്പെട്ടത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. നിരവധി ഭയാനകമായ സംഭവങ്ങൾ ആവർത്തിച്ചു. കന്നഡ പണ്ഡിതനും എഴുത്തുകാരനുമായ എം എം കൽബുർഗി 2015 ഓഗസ്റ്റിൽ കർണാടകയിലെ ധാർവാഡിൽ കൊല്ലപ്പെട്ടു. 2015 ഫെബ്രുവരിയിൽ മഹാരാഷ്ട്രയിലെ കോലാപൂരിൽ കമ്മ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പൻസാരെയും, 2017 സെപ്റ്റംബറിൽ ബംഗളൂരുവിൽ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷും വെടിയേറ്റ് മരിച്ചു. വലിയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ കൊലപാതകങ്ങൾ. യുക്തിവാദ ചിന്തയെ ആക്രമിച്ചില്ലാതാക്കാനുള്ള മൂഢശ്രമങ്ങൾ.
ജയന്ത് അത്താവലെയും ഭാര്യ കുന്ദ അത്താവലെയും രണ്ട് കൂട്ടാളികളും ചേർന്ന് രജിസ്റ്റർ ചെയ്ത സനാതൻ സൻസ്ത, ആത്മീയതയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും അവരെ സാധകരാകാൻ (അന്വേഷികൾ) പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന സംഘടനയാണെന്ന് അവകാശപ്പെടുന്നു. കാലക്രമേണ, അത്താവലെയുടെ സംരംഭം വിവിധ ആശ്രമങ്ങൾ ആരംഭിച്ചു. ഹിന്ദു ജനജാഗ്രതി സമിതി, ധർമ്മശക്തി സേന തുടങ്ങിയ സംഘടനകളും ഇതിന്റെ മറവിൽ ഉടലെടുത്തു. ‘സനാതൻ പ്രഭാത്‘എന്നൊരു പത്രവും തുടങ്ങി. ജയന്ത് അത്താവലെയുടെ ആത്മീയ പ്രബോധനം പലപ്പോഴും നിരുപദ്രവകരമാണെന്ന് തോന്നിയേക്കാം, എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ആശയങ്ങള്‍ മാരകങ്ങളാണ്. സനാതൻ പ്രഭാതിന്റെ പല പതിപ്പുകളിലെയും ലേഖനങ്ങളും തലക്കെട്ടുകളും മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും യുക്തിവാദികളെയും കമ്മ്യൂണിസ്റ്റുകളെയും നിരന്തരം ആക്രമിക്കുകയും അവരെ ദുഷിക്കുകയും ചെയ്യുന്നു. 2008ൽ തുടർച്ചയായി രണ്ട് ബോംബ് സ്ഫോടനക്കേസുകളിൽ നിരവധി പ്രവർത്തകർ അറസ്റ്റിലായതോടെയാണ് സനാതൻ സൻസ്ത ആദ്യമായി വാർത്തകളിൽ ഇടം നേടിയത്. ബോംബ് സ്ഫോടനങ്ങളിൽ ആദ്യത്തേത് 2008 മേയ് 31ന് വാഷിയിലെ വിഷ്ണുഭാവെ ഓഡിറ്റോറിയത്തിലും രണ്ടാമത്തേത് താനെയിലെ ഗഡ്കരി രംഗായതൻ ഓഡിറ്റോറിയത്തിലെ പാർക്കിങ് ഏരിയയിലുമായിരുന്നു. ഹിന്ദു ദൈവങ്ങളെയും ദേവതകളെയും മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് മറാത്തി നാടകമായ “ആംഹി പച്ച്പുതേ” ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു സ്ഫോടനം. ഏഴ് പേർക്ക് പരിക്കേറ്റു. സ്ഫോടനക്കേസിൽ അറസ്റ്റിലായ സന്‍സ്ത പ്രവർത്തകർ വിക്രം ഭാവെ, രമേഷ് ഗഡ്കരി എന്നിവർക്ക് 2011ൽ മുംബൈ കോടതി 10 വർഷം കഠിന തടവ് വിധിച്ചു.
2009 ഒക്ടോബർ 16ന് ഗോവയിലെ മഡ്ഗാവിൽ ബോംബ് പൊട്ടിത്തെറിച്ച് സനാതൻ സൻസ്ത പ്രവർത്തകരായ മൽഗൊണ്ട പാട്ടീലും യോഗേഷ് നായിക്കും കൊല്ലപ്പെട്ടതും ചർച്ചയായി. ദീപാവലിയുടെ തലേന്ന് നരകാസുര പ്രതിഷ്ഠ ആഘോഷിക്കുന്നത് സനാതൻ സൻസ്ത ഹിന്ദു വിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. ഗോവയിൽ വളരെ പ്രചാരമുള്ള ആഘോഷമാണ് നരകാസുര പ്രതിഷ്ഠാ മത്സരം. മഡ്ഗാവ് സ്ഫോടനത്തിനുശേഷം ഗോവൻ പൊലീസ് സനാതൻ സൻസ്തയുടെ നീക്കങ്ങൾ കൂടുതലായി ശ്രദ്ധിച്ചിരുന്നു. സനാതൻ സൻസ്ത തീവ്രവാദ പ്രവർത്തനങ്ങളുടെ മറ്റൊരു തലമായി വികസിക്കുകയാണെന്ന് 2010ൽ ഗോവ പൊലീസ് റിപ്പോർട്ട് ചെയ്തു. വളരാൻ അനുവദിച്ചാൽ ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമാണ്. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സാമുദായിക സൗഹാർദം തകർക്കാനുള്ള ശ്രമങ്ങൾ ഇവര്‍ തുടരുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ട് ചെയ്തു. 2011ൽ സൻസ്തയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. എന്നാൽ നടപടിയൊന്നും ഉണ്ടായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.