സംഘര്‍ഷമൊഴിയാതെ മണിപ്പൂര്‍. മണിപ്പൂരില്‍ വ്യാഴാഴ്ച രണ്ടുപേര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കുക്കി വിഭാഗക്കാര്‍ ഭൂരിപക്ഷമായ ഹരോതിന്‍ ഗ്രാമത്തിലേക്ക് ഇന്നലെ രാവിലെയോടെ എത്തിയ സായുധ സംഘം വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് വിവരം. സൈനികര്‍ക്ക് നേരെയും കലാപകാരികള്‍ വെടിയുതിര്‍ത്തു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ മെയ്തി വിഭാഗത്തില്‍പ്പെട്ടയാളാണ് കൊല്ലപ്പെട്ടത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും സൈനിക വക്താവ് അറിയിച്ചു.
അതേസമയം ഖാമെന്‍ലോക് ഗ്രാമത്തില്‍ കണ്ടെത്തിയ ബോംബ് സൈന്യം നിര്‍വീര്യമാക്കി. കുക്കി സംഘടനകളാണ് ബോംബ് സ്ഥാപിച്ചതിന് പിന്നിലെന്ന് സൈന്യം പറഞ്ഞു. ഹെയ്ന്‍ഗാങില്‍ ഒരു പള്ളി അക്രമികള്‍ കത്തിച്ചു. കുക്കി വിഭാഗത്തില്‍പ്പെട്ടവരുടെ ഒരു വീടിനും തീയിട്ടതായി പൊലീസ് പറഞ്ഞു.
സംസ്ഥാനത്ത് ക്രമസമാധാനനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് അവകാശവാദം ഉയര്‍ത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. മെയ് മൂന്നിന് ആരംഭിച്ച മെയ്തി-കുക്കി സംഘര്‍ഷത്തില്‍ ഇതുവരെ 120 ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സമാധാനം സ്ഥാപിക്കാനുള്ള കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമങ്ങളൊന്നും ഫലംകണ്ടിട്ടില്ല.
രാഹുലിനെ പൊലീസ് തടഞ്ഞുപ്രതിഷേധം; സംഘര്‍ഷം
*പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
*ഹെലികോപ്റ്ററില്‍ ചുരാചന്ദ്പൂരിലെത്തി
ഇംഫാല്‍: കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി മണിപ്പൂരിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞു. പ്രതിഷേധത്തിനും നാടകീയ രംഗങ്ങള്‍ക്കും ഒടുവില്‍ ഹെലികോപ്റ്ററില്‍ രാഹുല്‍ സംഘര്‍ഷബാധിതമായ ചുരാചന്ദ്പ്പൂരില്‍ എത്തി. കലാപബാധിതര്‍ കഴിയുന്ന ക്യാമ്പുകള്‍ അദ്ദേഹം സന്ദര്‍ശിക്കുകയും ക്യാമ്പില്‍ കഴിയുന്നവരുമായി സംസാരിക്കുകയും ചെയ്തു.
നേരത്തെ മണിപ്പൂരിലെത്തിയ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം ബിഷ്ണുപൂരില്‍ ബാരിക്കേഡുകള്‍ വച്ച് പൊലീസ് തടഞ്ഞിരുന്നു. റോഡ് മാര്‍ഗം സംഘര്‍ഷ ബാധിത മേഖലകളിലേക്ക് പോകുന്നതിനുളള അനുമതി നിഷേധിക്കുകയായിരുന്നു. ഗ്രനേഡ് ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇത് കണക്കിലെടുത്താണ് രാഹുലിനെ തടഞ്ഞതെന്നും ബിഷ്ണുപൂര്‍ എസ് പി ഹെയ്‌സ്‌നാം ബല്‍റാം പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വനിതകളടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. രാഹുലിനെ പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഒരുവിഭാഗവും തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. കണ്ണീര്‍വാതകവും പ്രയോഗിച്ചു. തുടര്‍ന്ന് ഇംഫാലിലേക്ക് മടങ്ങിയ രാഹുലും സംഘവും ഹെലികോപ്റ്റര്‍ മാര്‍ഗം സംഘര്‍ഷ മേഖലയില്‍ എത്തുകയായിരുന്നു.
ആനി രാജ സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി: ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജയുടെ നേതൃത്വത്തില്‍ മണിപ്പൂരിലെ ബിഷ്ണുപൂരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. കലാപബാധിതരായ ആയിരത്തിലധികം പേരെ താമസിപ്പിച്ചിരിക്കുന്ന ബിഷ്ണുപൂരിലെ മൊയ്‌രാജ് കോളജില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പാണ് ഇന്നലെ എന്‍എഫ്ഐഡബ്ല്യു പ്രതിനിധി സംഘം സന്ദര്‍ശിച്ചത്. കലാപത്തിന്റെ ഭയവും പകപ്പും ക്യാമ്പിലെ സ്ത്രീകളുടെ കണ്ണുകളില്‍ കാണാനായെന്ന് ആനി രാജ പറഞ്ഞു. സമാധാനം അന്തരീക്ഷം വീണ്ടെടുക്കാനും ആശങ്കയുടെ നിഴലില്‍ നിന്നും ധൈര്യം പകരാനുമാണ് സംഘം ദുരിതാശ്വാസ ക്യാമ്പുകളിലെ സന്ദര്‍ശനം തുടരുന്നതെന്നും ആനി രാജ പറഞ്ഞു.
English Summary: 2 deaths heighten tensions in Manipur
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.