18 May 2024, Saturday

Related news

May 17, 2024
May 16, 2024
May 14, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 11, 2024
May 11, 2024
May 10, 2024

കുതിരക്കച്ചവടത്തിന് 200 കോടി

Janayugom Webdesk
ന്യൂഡൽഹി
December 10, 2022 11:42 pm

മുനിസിപ്പൽ കോർപറേഷനില്‍ കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിക്കാന്‍ കോടികളുമായി ബിജെപി. ഒരു കൗണ്‍സിലര്‍ക്ക് പത്തു കോടി വീതം നീക്കിവച്ചിരിക്കുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ഏറ്റവും വലിയ കക്ഷിയായ ആം ആദ്മിയും ബിജെപിയും തമ്മില്‍ 30 സീറ്റുകളുടെ വ്യത്യാസമുണ്ടെങ്കിലും ഡല്‍ഹിയിലെ മേയര്‍ ബിജെപിയില്‍ നിന്നായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടന്‍ സംസ്ഥാന നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം പണം വാഗ്ദാനം നല്കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
മേയര്‍ സ്ഥാനം നേടാന്‍ ബിജെപി വൃത്തികെട്ട കളികള്‍ ആരംഭിച്ചുവെന്ന് ആംആദ്മി നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിങ്, വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബിജെപിക്കാര്‍ പണം വാഗ്ദാനം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഡോ. റുണാക്ഷി മിശ്ര, അരുണ്‍ നവാരിയ, ജ്യോതി റാണി എന്നീ കൗണ്‍സിലര്‍മാരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

യോഗേന്ദ്ര ചന്ദോലിയ എന്ന വ്യക്തി 88ാം വാര്‍ഡ് കൗണ്‍സിലറായ റുണാക്ഷി മിശ്രയെ വിളിച്ച് സംസ്ഥാന ബിജെപി അധ്യക്ഷന് നേരില്‍ സംസാരിക്കണമെന്നാവശ്യപ്പെട്ടുവെന്നും കൗണ്‍സിലര്‍മാരെ വിലയ്ക്കുവാങ്ങുന്നതിന് 100 കോടി രൂപ നീക്കിവച്ചതായി അറിയിച്ചുവെന്നും ശര്‍മ്മ വെളിപ്പെടുത്തി. പത്തു പേര്‍ക്ക് പത്തു കോടി രൂപവീതം നല്കുന്നതിനാണ് ഈ തുകയെന്നാണ് സംസാരത്തില്‍ നിന്ന് വ്യക്തമായതെന്ന് അദ്ദേഹം അറിയിച്ചു.
തന്റെ വാര്‍ഡിലെ പ്രവര്‍ത്തകരെ ബിജെപിക്കാര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് അരുണ്‍ നവാരിയ പറഞ്ഞു. പ്രവര്‍ത്തകരുടെ വീടുകളില്‍ ചെന്ന് തങ്ങള്‍ പറയുന്നതനുസരിച്ച് ചെയ്യുന്നില്ലെങ്കില്‍ അനന്തരഫലം അനുഭവിക്കുമെന്ന് മുന്നറിയിപ്പ് നല്കിയെന്നും നവാരിയ വെളിപ്പെടുത്തി. ഭര്‍ത്താവിനെ ഒരുസംഘം റോഡില്‍ തള്ളിയിട്ടു, എന്താണ് കാര്യമെന്നന്വേഷിച്ചപ്പോള്‍ വോട്ടു മാറ്റി ചെയ്യണമെന്നാവശ്യപ്പെടുകയും 50 ലക്ഷം രൂപ നല്കാമെന്ന് വാഗ്ദാനം നല്കുകയും ചെയ്തുവെന്ന് ജ്യോതി റാണി പറഞ്ഞു. 

15 വർഷത്തെ ബിജെപി ആധിപത്യത്തിന് അന്ത്യമിട്ടാണ് 134 സീറ്റുകളോടെ ആം ആദ്മി പാര്‍ട്ടി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയത്. 104 സീറ്റില്‍ ബിജെപിയും ഒന്‍പതെണ്ണത്തില്‍ കോൺഗ്രസും മൂന്നിടത്ത് മറ്റുള്ളവരുമാണ് ജയിച്ചത്. മേയര്‍ സ്ഥാനം നേടണമെങ്കില്‍ ഇരുപതിലധികം പേരുടെ പിന്തുണ കൂടി ബിജെപിക്ക് ആവശ്യമുണ്ട്.
എങ്കിലും മേയര്‍ തങ്ങളുടെ പാര്‍ട്ടിയില്‍ നിന്നായിരിക്കുമെന്ന് ഫലം വന്നയുടന്‍ ഒന്നിലധികം ബിജെപി നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. ചണ്ഡിഗഢിലെന്നതുപോലെ ഡല്‍ഹിയിലും ബിജെപി മേയറുണ്ടാകുമെന്നായിരുന്നു ഐടി വിഭാഗം മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തത്. മഞ്ജീന്ദര്‍ സിങ് സിര്‍സ, തജീന്ദര്‍പാല്‍ ബഗ്ഗ എന്നീ നേതാക്കളും ഡല്‍ഹി മേയര്‍ സ്ഥാനം ബിജെപിക്കായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കൗണ്‍സിലര്‍മാരെ സമീപിച്ച് വാഗ്ദാനവും ഭീഷണിയും നല്കുന്നതിലൂടെ കുതിരക്കച്ചവടമാണ് ബിജെപി ലക്ഷ്യമെന്നാണ് വ്യക്തമാകുന്നത്.
കോണ്‍ഗ്രസും മറ്റുള്ളവരും ചേര്‍ന്നാലും ഭൂരിപക്ഷം തികയില്ലെന്നതുകൊണ്ടാണ് ആംആദ്മി കൗണ്‍സിലര്‍മാരെ സമീപിച്ചിരിക്കുന്നത്. 20ലധികം പേരെ തങ്ങള്‍ക്ക് അനുകൂലമാക്കണമെങ്കില്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്തതനുസരിച്ച് 200 കോടിയിലധികം രൂപ വിനിയോഗിക്കേണ്ടിവരും. 

Eng­lish Sum­ma­ry: 200 crores for horse trading

You may also Like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.