27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 25, 2024
July 21, 2024
July 21, 2024
July 17, 2024
July 17, 2024
July 17, 2024
July 14, 2024
July 13, 2024

സ്വാതി നാടകം; വിവാദം പുതിയ വഴിത്തിരിവിലേക്ക്

പിന്നില്‍ ബിജെപിയെന്ന് അതിഷി
Janayugom Webdesk
ന്യൂഡല്‍ഹി
May 17, 2024 10:56 pm

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയിലെ ആഭ്യന്തര കലഹം പുതിയ വഴിത്തിരിവിലേക്ക്. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി കായികമായി ഉപദ്രവിച്ചെന്ന രാജ്യസഭാ എംപിയും മുന്‍ ഡല്‍ഹി വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണുമായ സ്വാതി മലിവാളിന്റെ പരാതി ഗൂഢാലോചനയുടെ ഭാഗമെന്ന് ആംആദ്മി മന്ത്രി അതിഷി മര്‍ലേന ആരോപിച്ചു. ഗൂഢാലോചനയ്ക്ക് പിന്നില്‍ ബിജെപിയാണെന്നും അവര്‍ പറഞ്ഞു.
പരാതിയെത്തുടര്‍ന്ന് മലിവാളുമായി കെജ്‌രിവാളിന്റെ വസതിയില്‍ ഡല്‍ഹി പൊലീസ് തെളിവെടുപ്പ് നടത്തി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ എത്തിയ തന്നെ അദ്ദേഹത്തിന്റെ പി എ ബൈഭവ് കുമാര്‍ കായികമായി ആക്രമിച്ചെന്നാണ് സ്വാതിയുടെ പരാതി. ഇതിനെതിരെ പൊലീസിന് പരാതി നല്‍കുകയും ചെയ്തു. സ്വാതി മുഖ്യമന്ത്രിയുടെ വസതിയിലെ സെറ്റിയില്‍ ഇരിക്കുന്നതും അവരെ നേരിടുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. എന്നാല്‍ ഇതിന്റെ വിശ്വാസ്യത സംബന്ധിച്ച് കൃത്യത നല്‍കാന്‍ ഡല്‍ഹി പൊലീസ് തയ്യാറായിട്ടില്ല.
സ്വാതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് ഫോറന്‍സിക് സംഘം ഇന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സിവില്‍ലൈനിലെ വസതിയില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനു ശേഷമാണ് പരാതിക്കാരിയുമായി പൊലീസ് സംഘം തെളിവെടുപ്പിനെത്തിയത്. തന്നെ ഉപദ്രവിച്ചുവെന്ന് സ്വാതി പറയുന്ന മുറിയിലെ സിസിടിവി കാമറ റെക്കോഡിങ്ങുകള്‍, നിലവില്‍ പുറത്തുവന്ന വീഡിയോകളിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ മൊഴികള്‍ ഉള്‍പ്പെടെ പൊലീസ് ശേഖരിച്ചു.

അതേസമയം ബിജെപിയിലേക്ക് കുടിയേറാന്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമായി കെജ്‌രിവാളിനെയും പാര്‍ട്ടിയെയും ഇകഴ്ത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് സ്വാതിയുടെ നീക്കങ്ങളെന്നാണ് ആംആദ്മി വിലയിരുത്തല്‍. അവസാനത്തെ കുറച്ച് ദിവസങ്ങള്‍ ഏറെ ക്ലേശകരമായിരുന്നെന്നാണ് സ്വാതി എക്സില്‍ കുറിച്ചത്. ഇത് ബിജെപി ബാന്ധവത്തിന്റെ മുന്നൊരുക്കമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തു നിന്നും ഒഴിവായ സ്വാതി നിലവില്‍ ആംആദ്മി പാര്‍ട്ടി രാജ്യസഭാംഗമാണ്.
സ്വാതിയുടെ ആരോപണങ്ങളും കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ കെജ്‌രിവാള്‍ വിട്ടു നില്‍ക്കുകയാണുണ്ടായത്. അതേസമയം ഡല്‍ഹി മന്ത്രിയായ അതിഷി സ്വാതിക്ക് മറുപടിയുമായി രംഗത്തിറങ്ങി. കെജ്‌രിവാളിനെ മദ്യനയക്കേസില്‍ അകത്താക്കി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമം സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ ഇല്ലാതായതിനെ തുടര്‍ന്നാണ് ബിജെപിയുടെ സ്വാതി നാടകമെന്ന് അതിഷി പറഞ്ഞു.

കെജ്‌രിവാളിനെതിരെ വ്യാജ ആരോപണങ്ങളുന്നയിച്ച് രാഷ്ട്രീയ ശ്രദ്ധതിരിക്കുകയായിരുന്നു സ്വാതിയുടെ ചുമതല. മുഖ്യമന്ത്രിയുടെ വസതിയില്‍ സംഭവിച്ച കാര്യങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സ്വാതിയുടെ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്ന് അതില്‍ നിന്ന് മനസിലാകും. സ്വാതിയെ ആരും ഉപദ്രവിക്കുകയോ, അവര്‍ക്ക് പരിക്ക് പറ്റുകയോ ചെയ്തിട്ടില്ല. മുന്‍കൂട്ടി അറിയിക്കാതെയും അനുമതി വാങ്ങാതെയുമാണ് മേയ് 13ന് എംപി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. മുഖ്യമന്ത്രിയുടെ വീട്ടിലെ ദൃശ്യങ്ങള്‍ പുറത്തായതോടെ സ്വാതിയുടെ നുണകളെല്ലാം പൊളിഞ്ഞിരിക്കുകയാണെന്നും അതിഷി മർലേന പറയുന്നു.

Eng­lish Sum­ma­ry: Swati Dra­ma; Con­tro­ver­sy takes a new turn

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.