22 June 2024, Saturday

Related news

June 17, 2024
June 17, 2024
June 17, 2024
June 16, 2024
June 16, 2024
June 14, 2024
June 12, 2024
June 9, 2024
June 9, 2024
June 6, 2024

പരാജയ ഭീതിയില്‍ ബിജെപി; പുതിയ അവകാശവാദവുമായി ഗോദി മീഡിയ

Janayugom Webdesk
ന്യൂഡല്‍ഹി
May 11, 2024 9:42 pm

400 സീറ്റ് അവകാശവാദവുമായി മോഡി ഗ്യാരന്റി വിളംബരം ചെയ്ത് തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ ബിജെപി 200 സീറ്റുകള്‍ പോലും നേടില്ലെന്ന് സൂചന. ബിജെപി അനുകൂല മാധ്യമങ്ങള്‍ തന്നെ ഈ നിരീക്ഷണം നടത്തുന്നു. പക്ഷേ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന വാദം അവര്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നാല്‍ ഇന്ത്യ സഖ്യത്തിലെ ഘടക കക്ഷികളെ അടര്‍ത്തിയെടുത്ത് സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്ന വാദത്തിലേക്കാണ് ബിജെപി അനുകൂല മാധ്യമങ്ങളുടെ ചുവടുമാറ്റം. അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ സംഘടിതമായ കാഴ്ച മോഡി സംഘത്തെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ മോഡി സ്വപ്നം കണ്ട ഭൂരിപക്ഷം എന്തായാലും ലഭിക്കില്ലെന്ന കാര്യം അണികളും ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

തെരഞ്ഞെടുപ്പ് നാലാംഘട്ടത്തിലേക്ക് കടക്കാനിരിക്കുമ്പോഴും ഹിന്ദു- മുസ്ലിം കാര്‍ഡിറക്കിത്തന്നെയാണ് മോഡി സംഘത്തിന്റെ പ്രചരണം. രാജ്യത്തെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ ക്ഷേമത്തിനും ഉന്നമനത്തിനും തടസം സൃഷ്ടിക്കുന്നത് മുസ്ലിങ്ങളാണെന്ന തരത്തിലാണ് മോഡിയുടെയും ബിജെപിയുടെയും അവസാന പ്രയോഗം. മൂന്നു ഘട്ടങ്ങളില്‍ രേഖപ്പെടുത്തിയ കുറഞ്ഞ പോളിങ് ശതമാനമാണ് ഇത്തരമൊരു കാര്‍ഡിറക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. ഇതിന്റെ ഭാഗമായാണ് മോഡി അടക്കമുള്ള ബിജെപി നേതാക്കള്‍ കടുത്ത മുസ്ലിം വിദ്വേഷ പ്രസംഗവുമായി രംഗത്ത് വന്നതും. സാധാരണ ഹിന്ദുക്കളുടെ മനസില്‍ വെറുപ്പും വിദ്വേഷവും സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള ഹീന തന്ത്രമാണ് മോഡിയും കൂട്ടരും അവസാനം പയറ്റുന്നത്.
ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ തുടങ്ങിയ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് കാരണം മുസ്ലിം എന്ന ശത്രുവാണെന്ന തരത്തിലാണ് പ്രചാരവേല നടത്തുന്നത്. മുസ്ലിം എന്ന സാങ്കല്പിക ശത്രുവിനെ മുന്‍നിര്‍ത്തിയാണ് മോഡിയും കൂട്ടരും ഇപ്പോള്‍ പടനയിക്കുന്നത്. രാജ്യവ്യാപകമായി മുസ്ലിം വിരുദ്ധ മനോഭാവം ഉയര്‍ത്തിവിട്ട് വോട്ട് ധ്രുവീകരിക്കാനുള്ള ബിജെപി ശ്രമം ഒന്നാംഘട്ട വോട്ടെടുപ്പിന് പിന്നാലെയാണ് പുറത്ത് വന്നത്. 2014ലും 19ലും ബിജെപി വിജയിച്ച മണ്ഡലങ്ങളിലെ വോട്ടിങ് ശതമാനം ഇടിഞ്ഞത് ഭാവിയിലേക്കുള്ള ചൂണ്ടുപലകയായി വിലയിരുത്തിയതിനെ തുടര്‍ന്നാണ് കടുത്ത മുസ്ലിംവിരുദ്ധ നിലപാടിലേക്ക് കളം മാറ്റി ചവിട്ടിയത്. 

400 സീറ്റെന്ന മോഹന സ്വപ്നം പൂവണിയില്ലെന്ന തിരിച്ചറിവ് വിദ്വേഷ നിലപാടിന് ഊര്‍ജം പകരുന്നു. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന തെര‍ഞ്ഞെടുപ്പ് റാലിയിലാണ് മോഡി മുസ്ലിങ്ങള്‍ നുഴഞ്ഞുകയറ്റക്കാരാണെന്നും കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നവരാണെന്നും ആദ്യം പ്രസ്താവിച്ചത്. തുടര്‍ന്ന് മറ്റ് അമ്മമാരുടെയും സഹോദരിമാരുടെയും സ്വത്തും സ്വര്‍ണവും കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ മുസ്ലിങ്ങളുടെ പക്കല്‍ എത്തിച്ചേരുമെന്നും പ്രസ്താവിച്ചിരുന്നു. പിന്നീട് നടന്ന റാലികളിലും മോഡിയും അനുയായികളും ഇതേ പല്ലവി ആവര്‍ത്തിച്ചു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം തെലങ്കാനയിലെ മെഹബൂബ് നഗറില്‍ നടന്ന റാലിയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ഹിന്ദുക്കളെ രണ്ടാംകിട പൗരന്‍മാരാക്കുമെന്നും മോഡി പ്രസ്താവിച്ചു. 

Eng­lish Summary:BJP in fear of fail­ure; Godi Media with a new claim
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.