9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 7, 2025
January 6, 2025
January 5, 2025
January 5, 2025
January 5, 2025

2023: സംഭവബഹുലമായ ‘അമൃത് കാലം‍’

പ്രൊഫ. കെ അരവിന്ദാക്ഷൻ
October 11, 2023 4:30 am

അപ്രതീക്ഷിതവും അവിശ്വസനീയവും ആണെങ്കിലും ആഹ്ലാദകരമെന്നു കൂടി വിശേഷിപ്പിക്കാവുന്ന സംഭവങ്ങളുടെ ഒരു പരമ്പരതന്നെ സൃഷ്ടിച്ച 2023 രണ്ടു മാസങ്ങള്‍ക്കകം അവസാനിക്കുകയാണല്ലോ. തിരിഞ്ഞുനോക്കുമ്പോള്‍ നേട്ടങ്ങളുടെ കൂട്ടത്തില്‍ കാണാന്‍ കഴിയുക ജി20 കൂട്ടായ്മയുടെയും ചാന്ദ്രയാത്രയുടെയും വിജയകരമായ പര്യവസാനമാണ്. അതേസമയം വിവിധ മേഖലകളില്‍ രാജ്യം ഇനിയും മുന്നേറേണ്ടതായിട്ടുണ്ട്. എങ്കില്‍ മാത്രമേ, ഒരു വികസിത രാജ്യമെന്ന പദവിയിലേക്ക് 2047 ആകുമ്പോഴേക്കെങ്കിലും നമുക്കെത്തിച്ചേരാന്‍ സാധ്യമാവുകയുള്ളു. ചന്ദ്രയാന്‍ 3ന്റെ വിജയകരമായ വിക്ഷേപണത്തിലൂടെ നാം അമേരിക്കയുടെയും മുന്‍ സോവിയറ്റ് യൂണിയന്റെയും ചൈനയുടെയും ഒപ്പമെത്തിയിരിക്കുന്നു. നിസാരമായൊരു നേട്ടമല്ല ഇത്. ചാന്ദ്ര ദൗത്യത്തിലെ നേട്ടത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ബഹിരാകാശ യാത്രയുടെ പുരോഗതി ഇന്നത്തെ നിലയില്‍ എത്തിച്ചതില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു മുതല്‍ ബഹിരാകാശ ശാസ്ത്രജ്ഞരായ ഹോമി ജഹാംഗീര് ‍ഭാഭ, വിക്രം സാരാഭായ്, മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍ കലാം തുടങ്ങിയവരുടെ അക്ഷീണ പരിശ്രമങ്ങളും ഓര്‍ത്തെടുക്കേണ്ടതുണ്ട്. ബഹിരാകാശ യാത്ര എന്നത് ഇന്ത്യയെപ്പോലൊരു ദരിദ്ര രാജ്യത്തിന് ആഡംബരമായിരിക്കുമെന്ന് വിശേഷിപ്പിച്ച് മാറിമാറി അധികാരത്തിലെത്തിയ രാഷ്ട്രീയ ഭരണകൂടങ്ങളെ പിന്തിരിപ്പിക്കാന്‍ പരിശ്രമിച്ചവരുടെ കാര്യവും ചരിത്രത്തിന്റെ ഭാഗമാക്കാതെ തരമില്ല. നിരവധി ഭൗമ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഇടയിലും ജി20 അധ്യക്ഷ സ്ഥാനം പ്രധാനമന്ത്രി നരേന്ദ്രമോഡി ഒരുവിധം തൃപ്തികരമായ നിലയില്‍ പൂര്‍ത്തിയാക്കി. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും തങ്ങളുടേതായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമ്മേളനത്തില്‍ പങ്കെടുക്കാതെ പ്രധാനമന്ത്രിമാരെ പകരക്കാരായി നിയോഗിക്കുകയായിരുന്നു.

നയതന്ത്രപരമായി ഈ നടപടി ഭാരതത്തിന്റെ അഭിമാനത്തിന് വക നല്‍കുന്നതല്ല. അതേ അവസരത്തില്‍ 60ലേറെ രാജ്യങ്ങളുടെ അംഗത്വം അവകാശപ്പെടുന്ന ആഫ്രിക്കന്‍ യൂണിയന് ജി20ല്‍ അംഗത്വം നല്‍കാന്‍ സമ്മേളനത്തിന്റെ തുടക്കത്തില്‍തന്നെ സാധ്യമായി എന്നത് അഭിമാനകമായി കരുതാം. യുഎസിന്റെ സഹായത്തോടെ മിഡില്‍ ഈസ്റ്റ് യൂറോപ്യന്‍ യൂണിയന്‍ ഇടനാഴി എന്നൊരു ആന്തരഘടനാ വികസന പദ്ധതി, ചൈനയുടെ വക ബെല്‍റ്റ് ആന്റ് റോഡ് ഇനിഷ്യേറ്റീവി(ബിആര്‍ഐ)ന് ബദലായി സജ്ജമാക്കാന്‍ തീരുമാനമായതും നയതന്ത്ര നേട്ടമാണ്. അതേസമയം‍ അംഗരാജ്യങ്ങള്‍ക്കിടയിലുള്ള കടബാധ്യതാ പുനഃസംവിധാനം നിലവില്‍ വരുത്തുന്നതിനുള്ള തീരുമാനം എങ്ങുമെത്താതെ അവശേഷിക്കുകയാണ്. ഇത് ഒട്ടും അഭിമാനിക്കത്തക്ക കാര്യമല്ല. ജി20 യുടെ അടുത്ത അധ്യക്ഷനായി ബ്രസീലിന്റെ പുതിയ പ്രസിഡന്റ് ലുല്ല ഡിസില്‍വ ചുമതലയേല്‍ക്കാന്‍ തയ്യാറായിരിക്കുകയാണ്. അടുത്തുതന്നെ ചുമതല കൈമാറ്റം നടക്കും. ഈ ഘട്ടത്തില്‍ പ്രസക്തമായൊരു പ്രശ്നമുണ്ട്. ജി20 സമ്മേളനം നടക്കുന്ന അവസരത്തില്‍ തന്നെ ഇന്ത്യയും കാനഡയും തമ്മില്‍ ഒരു സിഖ് ഭീകരന്‍ എന്ന് ഇന്ത്യ കരുതുന്ന ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ഭരണകൂടത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സംഭവം ആഗോളചര്‍ച്ചകളില്‍ നിറഞ്ഞതാണ്. ഈ വിഷയം കൂടുതല്‍ വഷളായി വരികയാണെന്ന യാഥാര്‍ത്ഥ്യം അവശേഷിക്കുന്നു. മോഡി ഭരണകൂടം ഈ വിഷയത്തില്‍ തങ്ങള്‍ക്ക് യാതൊരുവിധ പങ്കുമില്ലെന്നും കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോ ഉയര്‍ത്തുന്ന ആരോപണം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതാണെന്നും മറ്റുമുള്ള വാദഗതികളാണ് ഉന്നയിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര യുദ്ധത്തിന് തുടക്കമായിക്കഴിഞ്ഞിട്ടുമുണ്ട്. നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കുന്നതടക്കമുള്ളവ ഇതിന്റെ ഭാഗവുമാണ്. തുടക്കത്തില്‍ പാശ്ചാത്യരാജ്യ തലവന്മാര്‍ ഒരു നിഷ്പക്ഷ നിലപാടിലാണുണ്ടായിരുന്നതെങ്കിലും ഇപ്പോള്‍ ഇന്ത്യക്കെതിരായ പരാമര്‍ശങ്ങളാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും ഔദ്യോഗിക വക്താക്കളിലൂടെ കേള്‍ക്കാന്‍ കഴിയുന്നത്.


ഇതുകൂടി വായിക്കൂ:രാജ്യം അത്യസാധാരണമായ സാഹചര്യത്തില്‍ 


1947ല്‍ രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയെടുക്കുന്നതുവരെ 200 വര്‍ഷക്കാലം ബ്രിട്ടീഷ് കോളനിവാഴ്ചക്കു കീഴില്‍ ചൂഷണത്തിനു വിധേയമായൊരു ദരിദ്ര രാജ്യമായിരുന്ന ഇന്ത്യ. സ്വാതന്ത്ര്യാനന്തരം കൈവരിച്ച രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ, സാംസ്കാരിക നേട്ടങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായിരിക്കണം തുടര്‍ന്നുള്ള കാലയളവില്‍ സകല ശക്തിയും വിനിയോഗിക്കേണ്ടത്. സ്വാതന്ത്ര്യം നേടുമ്പോള്‍ രാജ്യത്തെ ജനസംഖ്യ 34 കോടിയായിരുന്നു. അന്നത്തെ ആയുര്‍ദൈര്‍ഘ്യം 32 വര്‍ഷവും. സാക്ഷരതാ നിരക്ക് വെറും 12 ശതമാനവും. 90 ശതമാനം ജനതയും പരമദാരിദ്ര്യത്തിലുമായിരുന്നു. സ്വാതന്ത്യാനന്തരം ഭരണം ഏറ്റെടുത്ത സര്‍ക്കാരിന് നിര്‍വഹിക്കേണ്ടിയിരുന്ന കടമകളുടെയും ഉത്തരവാദിത്തങ്ങളുടെയും ഏകദേശ രൂപവും ഭാവവും ഇതിലൂടെ വ്യക്തമായി തിരിച്ചറിയാന്‍ കഴിയും. ബ്രിട്ടീഷ് കോളനി ഭരണം ഇന്ത്യന്‍ ജനതയ്ക്കു കൈമാറിയത് വിവിധ മേഖലകളില്‍ വ്യാപിച്ചുകിടന്നിരുന്ന കടബാധ്യതയുടെ താങ്ങാവുന്നതിലുമപ്പുറമുള്ളൊരു ഭാരമായിരുന്നു . സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തീകരിക്കുന്ന അമൃത്കാല്‍ ആഘോഷങ്ങള്‍ നടന്നുവരുന്ന അവസരത്തില്‍, രാജ്യം ആദ്യവര്‍ഷങ്ങളില്‍ തരണം ചെയ്ത ഗുരുതരമായ പ്രതിസന്ധികള്‍ എന്തെല്ലാമായിരുന്നു എന്ന് തിരിച്ചറിയുകയും അത് ആവര്‍ത്തിക്കാതിരിക്കത്തക്കവിധം ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയുമാണ് അനിവാര്യം. എങ്കില്‍ മാത്രമേ, 2047ലെങ്കിലും വികസിത രാജ്യമെന്ന പദവിയിലേക്കെത്താന്‍ ഇന്ത്യക്ക് സാധ്യമാകൂ. ഇതിലേക്കായി നാല് വ്യക്തമായ ദിശാമാറ്റങ്ങളാണ് മുന്‍ഗണന നല്‍കി സമയബന്ധിതമായി പ്രയോഗത്തിലാക്കേണ്ടത്. ഒന്ന്, ഇന്ത്യയുടെ നിരക്ഷരത ഇന്നും 25 ശതമാനമായി തുടരുന്നു എന്നത് നാണക്കേടാണ്.

ഇതിന് പരിഹാരം കാണാതെ തരമില്ല. രണ്ട്, നമുക്ക് ചന്ദ്രനിലേക്ക് റോക്കറ്റ് വിക്ഷേപണം വിജയകരമാക്കിത്തീര്‍ക്കാന്‍ കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ പിന്നെ വ്യവസായവല്‍ക്കരണ പ്രക്രിയ എന്തുകൊണ്ട് കുറേക്കൂടി ത്വരിതപ്പെടുത്തിക്കൂടാ എന്ന് ചിന്തിക്കണം. പഠന-ഗവേഷണ‑വികസനയത്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള ചുമതല സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കണം. പണ്ഡിറ്റ് നെഹ്രുവിന്റെ കാലഘട്ടത്തില്‍ സ്ഥാപിതമായ നിരവധി ശാസ്ത്ര‑സാങ്കേതിക ഗവേഷണ സ്ഥാപനങ്ങള്‍ക്ക് എന്തു സംഭവിച്ചു എന്നൊരു പരിശോധനയെങ്കിലും നടത്തേണ്ടതാണ്. മൂന്ന്, നമ്മുടെ ശാസ്ത്ര‑സാങ്കേതിക മേഖലകളില്‍ ബഹിരാകാശ മേഖലയടക്കം, വനിതകളുടെ സജീവ സാന്നിധ്യം അനുദിനം മെച്ചപ്പെട്ടുവരുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. എന്നാല്‍ അധ്വാന ശക്തിയുടെ ആകെത്തുക പരിഗണിക്കുമ്പോള്‍ വനിതാ സാന്നിധ്യം ഇതിനാനുപാതികമായി മെച്ചപ്പെട്ടിട്ടില്ല. സര്‍ക്കാരിന് രാഷ്ട്രീയ ഇഛാശക്തിയുണ്ടെങ്കില്‍ കൂടുതല്‍ വനിതകള്‍ അധ്വാന മേഖലയിലേക്കെത്തും. അവസാനമായി, 1991 മുതല്‍ സാമ്പത്തിക ഉദാരീകരണം, ആഗോളീകരണത്തോടൊപ്പം പ്രചാരത്തില്‍ വന്നിട്ടുണ്ടെങ്കില്‍ത്തന്നെയും ബ്യൂറോക്രസിയുടെ ആധിപത്യത്തില്‍ വേണ്ടത്ര കുറവുണ്ടായിട്ടില്ല. നിയമത്തിന്റെയും നടപടിക്രമങ്ങളുടെയും അനാവശ്യമായ നൂലാമാലകളിലും‍ തെല്ലും കുറവില്ല. മാത്രമല്ല, അഴിമതി ഭരണരംഗം കയ്യടക്കുന്ന അനുഭവവുമാണ്. രാഷ്ട്രീയ നേതൃത്വവും ബ്യൂറോക്രാറ്റുകളും തമ്മിലുള്ള അവിശുദ്ധ സഖ്യം സാമ്പത്തിക വളര്‍ച്ചയ്ക്കും പുരോഗതിക്കും പ്രതിബന്ധം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരം പ്രവണതകളില്‍ കുറവുണ്ടാകണമെങ്കില്‍ അധികാര വികേന്ദ്രീകരണം കൂടുതല്‍ ശക്തമാകണം. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ സേവനങ്ങള്‍ തുടങ്ങിയവ സമൂഹത്തിന്റെ അടിത്തട്ടിലെത്താന്‍ പര്യാപ്തമായ വിധമായിരിക്കുകയും വേണം. ഇതിനെല്ലാം പുറമെ, നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഊന്നല്‍ നല്‍കേണ്ടത് ഭിന്നിപ്പിന്റെ ആശയത്തിനായിരിക്കരുത് മറിച്ച് യോജിപ്പിന്റെ രാഷ്ട്രീയത്തിനായിരിക്കണം. മതനിരപേക്ഷത, ദേശീയതാല്പര്യ സംരക്ഷണം, ധാര്‍മ്മിക മൂല്യങ്ങള്‍, സുതാര്യത തുടങ്ങിയവ‍ എന്തു വില നല്‍കിയും സംരക്ഷിക്കേണ്ടത് ജനാധിപത്യ വ്യവസ്ഥയുടെ നിലനില്പിന് ഒഴിച്ചുകൂടാനാവാത്തതാണ്. മണിപ്പൂരിലെയും നൂഹിലെയും ദുരന്തങ്ങളുടെ ആവര്‍ത്തനത്തിനും വ്യാപനത്തിനും പിന്നില്‍ ആരു പ്രവര്‍ത്തിച്ചാലും അവര്‍ കൊടുംകുറ്റവാളികള്‍ തന്നെയാണ്. കൂറ്റവാളികളെ സംരക്ഷിക്കുന്ന നയമുണ്ടായാല്‍ സ്വാതന്ത്ര്യത്തിന്റെ അമൃത്കാലത്തും ഇന്ത്യന്‍ ജനത അഭിമുഖീകരിക്കേണ്ടി വരുക ‘ദുരന്തകാലം’ തന്നെയായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.