രാജ്യത്ത് മിശ്രവിവാഹത്തെച്ചൊല്ലി വീണ്ടും അരുംകൊല. ഹൈദരാബാദിലെ ബീഗം ബസാർ പ്രദേശത്താണ് സംഭവം. മെയ് 20 വെള്ളിയാഴ്ച വൈകുന്നേരമാണ് 21 കാരനായ യുവാവിനെ സായുധരായ ആളുകൾ കുത്തിക്കൊലപ്പെടുത്തിയത്. ബീഗം ബസാര്‍ സ്വദേശിയായ നീരജ് പന്‍വാറാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിൽ അഞ്ച് പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അതിൽ നാല് പേരെ പൊലീസ് ഇതിനകം പിടികൂടി. അഞ്ചാമൻ ഒളിവിലാണ്. രോഹിത്, രഞ്ജിത്, കൗശിക്, വിജയ് എന്നീ നാല് അക്രമികളെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. തെലങ്കാന‑കർണാടക അതിർത്തിയിൽ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കി.
കുടുംബത്തിന്റെ എതിർപ്പിന് വിരുദ്ധമായി ഒരു മുസ്ലീം സ്ത്രീയെ വിവാഹം കഴിച്ചുവെന്നാരോപിച്ച് ദളിത് യുവാവിനെ മർദിക്കുകയും തുടർന്ന് കുത്തിക്കൊലപ്പെടുത്തുകയും ചെയ്ത് ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷമാണ് രാജ്യത്ത് സമാനമായ മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.
വെള്ളിയാഴ്‌ച രാത്രി ഏഴരയോടെ ബീഗം ബസാർ മത്സ്യമാർക്കറ്റിൽ വച്ചാണ് നീരജ് പൻവാർ ആക്രമിക്കപ്പെട്ടത്. പിതാവിനൊപ്പം ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്ന നീരജിനെ അക്രമികൾ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് നീരജ് സഞ്ജനയെ വിവാഹം കഴിച്ചത്. തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയതിൽ തന്റെ സഹോദരന്റെ പങ്ക് സംശയിക്കുന്നതായും അക്രമികൾക്ക് വധശിക്ഷ നൽകണമെന്നും സഞ്ജന പറഞ്ഞു. അതേസമയം മകന് വധഭീഷണിയൊന്നും ഉണ്ടായിരുന്നില്ലെന്ന് നീരജിന്റെ പിതാവ് പറഞ്ഞു. എന്നാല്‍ സംരക്ഷണം ആവശ്യപ്പെട്ട് ഒരു വർഷം മുമ്പ് ഞങ്ങൾ പൊലീസിനെ സമീപിച്ചിരുന്നുവെന്നും പിതാവ് വെളിപ്പെടുത്തി. നീരജിനും സഞ്ജനയ്ക്കും ഒരു മകനുണ്ട്.
നീരജിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഒസ്മാനിയ ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
English Summary: 21-year-old stabbed to death by family members of wife
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.