ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുക, കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുക, വികസിത രാജ്യങ്ങൾ വികസ്വരരാജ്യങ്ങൾക്ക് സാമ്പത്തിക സഹായം ഉറപ്പു വരുത്തുക, ജനങ്ങളെ എങ്ങനെ കാലാവസ്ഥാ പ്രത്യാഘാതങ്ങളുമായി പൊരുത്തപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യാം എന്നീ ലക്ഷ്യങ്ങളോടെ കോൺഫറൻസ് ഓഫ് പാർട്ടിസീന്റെ (സിഒപി) 27-ാം കാലാവസ്ഥാ ഉച്ചകോടി ഈ മാസം 19 വരെ ഈജിപ്തിലെ ഷറം അൽ ഷെയ്ഖ് കൺവെൻഷൻ സെന്ററിൽ നടന്നു. 18 വരെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഒരു ദിവസം കൂടി നീട്ടുകയായിരുന്നു. 196 രാജ്യങ്ങൾ ഉച്ചകോടിയിൽ പങ്കെടുക്കുകയുണ്ടായി. കാർബൺ ബഹിർഗമനം കുറച്ചുകൊണ്ട് ഭൂമിയെ നിലനിർത്തണമെന്ന കാഴ്ചപ്പാടോടെ ഐക്യരാഷ്ട്രസഭ 1992 ലാണ് റിയോ ഡി ജനീറോയിൽ കാലാവസ്ഥാ ഉച്ചകോടി സമ്മേളനത്തിന് തുടക്കം കുറിച്ചത്. അവിടെ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച അന്താരാഷ്ട്ര കരടു നിയമത്തിൽ അമേരിക്ക അസംതൃപ്തി പ്രകടിപ്പിച്ചത് ആദ്യ ഭൗമ ഉച്ചകോടിക്ക് തിരിച്ചടിയായി. കരട് നിയമത്തിൽ വികസിത രാജ്യങ്ങൾക്ക് ഹരിതഗൃഹവാതകങ്ങളുടെ നിർഗമനം കുറയ്ക്കാനുള്ള പ്രധാന ഉത്തരവാദിത്തം സ്ഥാപിച്ചിരുന്നു. വികസ്വരരാജ്യങ്ങൾക്ക് ഹരിതഗൃഹവാതകങ്ങളുടെ നിർഗമനത്തിൽ ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നുമില്ല. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആദ്യമായി ഒരു അന്താരാഷ്ട്ര രൂപരേഖ തയാറാക്കിയത് പ്രായോഗിക തലത്തിൽ എങ്ങുമെത്താതെ 1992ൽ റിയോ ഡി ജനീറോയിൽ നിന്നും പിരിഞ്ഞു.
കാർബൺ ബഹിർഗമനം കുറയ്ക്കുന്നതു നിയമപരമായ ബാധ്യതയാക്കണമെന്ന ഉദ്ദേശ്യവുമായി 1997ൽ ജപ്പാനിലെ ക്യോട്ടോയിൽ ചേർന്ന ഉച്ചകോടി പ്രാധാന്യമർഹിക്കുന്നതാണ്. കാർബൺ ഡൈ ഓക്സൈഡിന്റെ നാലിൽ മൂന്നും പുറത്തു വിടുന്നത് വികസിത രാജ്യങ്ങളാണെന്നും, അതുകൊണ്ട് കൂടുതൽ ഉത്തരവാദിത്തം അവർ ഏറ്റെടുക്കണമെന്നും ഈ സമ്മേളനം ആവശ്യപ്പെട്ടു. 2007 ൽ ബാലി ഉച്ചകോടിയിലും ഈ ആവശ്യം ആവർത്തിച്ചു. എന്നാൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വികസിത രാജ്യങ്ങൾ ആർജവം കാണിച്ചില്ലെന്നു മാത്രമല്ല, അവഗണിക്കുകയും ചെയ്തു. ബിർസ്ഹെഗൽ എന്ന അമേരിക്കൻ സെനറ്റർ അവതരിപ്പിച്ച പ്രമേയം അംഗീകരിച്ചുകൊണ്ട് 1998 നവംബറിൽ അമേരിക്കൻ സെനറ്റ് ക്യോട്ടോ ഉടമ്പടി തള്ളുന്നതിനായി ഉപയോഗിച്ച വാദം “ഇന്ത്യയും ചൈനയും പോലുള്ള വികസ്വര രാജ്യങ്ങളും നിർബന്ധമായി വാതക നിർഗമനം വെട്ടിക്കുറയ്ക്കണം എന്നായിരുന്നു”. പദ്ധതിയിൽ നിന്നും അമേരിക്ക ഏകപക്ഷീയമായി പിൻമാറുകയാണുണ്ടായത്. 2020 ആകുമ്പോഴേക്കും 20 മുതൽ 40 ശതമാനം വരെ കാർബൺ ബഹിർഗമനത്തിൽ കുറവു വരുത്താനുള്ള നിയമപരമായ ബാധ്യത ക്യോട്ടോ പ്രഖ്യാപനത്തിൽ പറഞ്ഞിരുന്നു. 2002ലെ ബേൺ ഉച്ചകോടിയില്‍ ഇളവുകളോടെയാണെങ്കിലും ക്യോട്ടോ ഉടമ്പടി നടപ്പിലാക്കാൻ ധാരണയായതാണ്. 169 രാജ്യങ്ങൾ ഇത് അംഗീകരിച്ചു. 35 വ്യവസായവല്‍ക്കൃത രാജ്യങ്ങൾ 2012 ആകുമ്പോഴേയ്ക്കും കാർബൺ വാതകങ്ങളുടെ പുറന്തള്ളൽ 1990 ലേതിനേക്കാൾ 5.2 ശതമാനം കുറയ്ക്കണമെന്ന നിർദ്ദേശം പോലും അംഗീകരിക്കാൻ അമേരിക്ക തയ്യാറായില്ല. കോപ്പൻഹേഗനിൽ നടന്ന ആ സമ്മേളനവും വികസിത രാജ്യങ്ങൾ പരാജയപ്പെടുത്തി.
പാരീസ് സമ്മേളനത്തിൽ ക്യോട്ടോ ഉടമ്പടി നടപ്പിലാക്കാൻ വികസിത രാജ്യങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തുന്നതിൽ ഇന്ത്യയടക്കമുള്ള വികസ്വര രാഷ്ട്രങ്ങൾ പരാജയപ്പെട്ടു. വികസിത രാജ്യങ്ങൾക്ക് താല്പര്യമുള്ള ഒരു കരാറിൽ കൊണ്ട് എത്തിക്കുകയും ചെയ്തു. പാരീസ് കൺവെൻഷനിൽ പ്രതിവർഷം 1000 കോടി ഡോളറിന്റെ കാലാവസ്ഥ കാലാവസ്ഥാ നിധി നിശ്ചയിച്ചു. എന്നാല്‍ ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ചരിത്രപരമായ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വികസിത രാജ്യങ്ങൾ പാരീസിൽ സന്നദ്ധത കാണിച്ചില്ലെന്നതാണ് വാസ്തവം. താപനിലയിൽ ഒന്നര ഡിഗ്രി സെൽഷ്യസ് വർധന കടക്കാതിരിക്കണമെങ്കിൽ കാർബൺ പുറംതള്ളൽ ഇപ്പോഴുള്ളതിന്റെ 40 മുതൽ 70 ശതമാനം വരെ കുറയ്ക്കേണ്ടത് അനിവാര്യമാണ്. ഹരിതഗൃഹ വാതകങ്ങൾ കുറവുമാത്രം ഉല്പാദിപ്പിക്കുന്ന ദരിദ്ര രാഷ്ട്രങ്ങളാണ് അതിന്റെ കെടുതികൾക്ക് ഏറെയും ഇരയാകുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ക്യോട്ടോ കൺവെൻഷനിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ മുൻകയ്യെടുത്ത് രൂപം നൽകിയ അടിസ്ഥാന കാര്യങ്ങൾ പാരീസിൽ നടന്ന ഉച്ചകോടിയിൽ അട്ടിമറിക്കപ്പെട്ടു. ഓരോ രാജ്യവും കാലാവസ്ഥാവ്യതിയാനം നേരിടാൻ അവരവരുടേതായ പദ്ധതികൾ നടപ്പിലാക്കുകയെന്ന നയം വ്യവസായവൽക്കരണത്തില്‍ മുൻപന്തിയിൽ നിൽക്കുന്ന വൻകിട രാഷ്ട്രങ്ങൾക്ക് അനുകൂലമായ തീരുമാനമായിരുന്നു. പാരീസിൽ നിന്നും ആകെ ആശ്വാസത്തിനു വക നൽകിയത് ഭൗമതാപനില രണ്ട് ഡിഗ്രി സെൽഷ്യസിൽ അധികരിക്കാതിരിക്കാനുള്ള പഠനത്തിനായി ഓരോ രാജ്യങ്ങളും ഹരിതഗൃഹവാതക ബഹിർഗമനം സംബന്ധിച്ച് ഒരു ദേശീയ സ്ഥിതിവിവരപ്പട്ടിക കാലാകാലങ്ങളിൽ സമർപ്പിക്കേണ്ടതുണ്ട് എന്ന തീരുമാനമാണ്. പക്ഷേ, ഇതെങ്ങനെ പ്രവൃത്തിപഥത്തിലാകുമെന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്നതിനിടയില്‍ സ്കോട്ട്‌ലന്റിലെ ഗ്ലാസ്ഗോയിൽ നടന്ന സിഒപി 26 ഉച്ചകോടിയിൽ പാരീസ് കൺവെൻഷനിൽ നടന്ന ചർച്ചകൾ തന്നെ ആവർത്തിക്കപ്പെട്ടു. താപനിലയിലെ വർധനവ് 1.5സെൽഷ്യസിൽ താഴെ നിർത്തണമെന്ന ഒരു സാങ്കല്പിക തീരുമാനം മാത്രമാണ് എടുത്തു പറയാനാകുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന് ഇടയാകുന്ന പെട്രോളിയം, കൽക്കരി മുതലായ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം 2025 നകം പടിപടിയായി കുറയ്ക്കണമെന്ന ആവശ്യത്തിന് പ്രാധാന്യം കിട്ടിയില്ലെന്നു മാത്രമല്ല വർധിച്ച തോതിൽ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്ന വികസിതരാജ്യങ്ങളും വൻകിട കമ്പനികളും തത്തുല്യമായ നഷ്ടപരിഹാരം നൽകണമെന്നുള്ള ആവശ്യം തള്ളപ്പെടുകയും ചെയ്തു. ഈയൊരവസ്ഥയിൽ ഷറം അൽ ഷെയ്ഖിൽ നടന്ന സിഒപി 27 ഉം മുൻവർഷങ്ങളിൽ ഉയർന്നുകേട്ട പല്ലവികളിൽ മാത്രം ഒതുങ്ങി. എന്നാൽ, കാലാവസ്ഥ പ്രതിസന്ധികൾ സൃഷ്ടിക്കുന്ന നാശനഷ്ടങ്ങൾക്കു നഷ്ടപരിഹാരമെന്ന വാദം അംഗീകരിക്കപ്പെട്ടു. നഷ്ടപരിഹാരത്തിനായുള്ള ഫണ്ടിന്റെ പുതുക്കിയ റിപ്പോർട്ട് അംഗീകരിച്ചതിന്റെ വിശദാംശങ്ങൾ പുറത്തു വരാനിരിക്കുന്നതേയുള്ളൂ. 50,000 കോടി ഡോളറിന്റെ നിധിയാണെന്നും 20,000 കോടി വാർഷിക വർധനവ് ഉണ്ടാകുമെന്നുള്ള ഊഹം പ്രചരിക്കുന്നുണ്ട്. 10,000 കോടി ഡോളറിന്റെ മുൻകരാർ പൂർണമായും നടപ്പിലാക്കാൻ കഴിയാത്തവർക്ക് ഇത്രയും വലിയൊരു കരാർ എങ്ങനെ നടപ്പിലാക്കാനാകുമെന്നതും ഒരു ചോദ്യചിഹ്നമാണ്. എന്നാലും വിഹിതം നല്കേണ്ട രാജ്യങ്ങളെ നിശ്ചയിക്കാനും അതിന്റെ മറ്റ് വശങ്ങൾ തീരുമാനിക്കാനും ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനും ജർമനിയും, ബെൽജിയവും, ഡെൻമാർക്കും, സ്കോട്ലൻഡും അവരുടെ അനുപാതിക വിഹിതം നൽകാമെന്ന് പറഞ്ഞു കഴിഞ്ഞു. എന്നാൽ, പല വികസിത രാജ്യങ്ങളും വൻകിട കമ്പനികളും തത്തുല്യമായ നഷ്ടപരിഹാരമെന്ന ശുപാർശയോടു യോജിച്ചില്ല. തങ്ങൾ കൂടി ഈ ലോകത്തു നിന്നും തുടച്ചുനീക്കപ്പെടുമെന്ന ബോധമാണ് ആഗോളതാപനം കുറയ്ക്കാനുള്ള പരിഹാരമാർഗങ്ങൾ തേടാൻ വികസിത രാജ്യങ്ങളെ ഇപ്പോൾ ഇങ്ങനെയെങ്കിലും പ്രേരിപ്പിച്ചിരിക്കുന്നത്.
കാലാവസ്ഥാവ്യതിയാനത്തിന് പ്രധാന പങ്ക് വഹിക്കുന്ന ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം 2025 നകം കുറയ്ക്കണമെന്ന വാദം അംഗീകരിക്കപ്പെട്ടില്ല. പാരീസിലും, ഗ്ലാസ്ഗോയിലും ഉയർത്തിയ കാർബൺ ബഹിർഗമനം 2030 ഓടെ 43 ശതമാനം വെട്ടിക്കുറയ്ക്കണമെന്ന ആവശ്യത്തിനും പ്രാധാന്യം കിട്ടിയില്ല. കാർബൺ പുറന്തള്ളുന്നതിൽ ഒന്നാം സ്ഥാനക്കാരായ അമേരിക്ക 2050ലും അടുത്ത സ്ഥാനക്കാരായ ചൈന 2060ലും മൂന്നാം സ്ഥാനക്കാരായ ഇന്ത്യ 2070ലും ഈ ആവശ്യം പൂർത്തിയാക്കാമെന്ന് പാരീസ് കൺവെൻഷനിൽ പറഞ്ഞ ഉറപ്പ് ഇവിടെയും ആവർത്തിച്ചു. ഓരോ രാജ്യവും എത്രമാത്രം കാർബൺ ബഹിർഗമനം നടത്തുന്നുവെന്ന അളവിന്റെ അടിസ്ഥാനത്തിലും ലോകരാഷ്ട്രങ്ങളുടെ വളർച്ച വിലയിരുത്തിയും ഓരോ രാജ്യവും കാർബൺ എത്രമാത്രം കുറയ്ക്കണമെന്നുള്ള മാനദണ്ഡം പരിശോധിക്കാനും നടപ്പിലാക്കാനുമായി യുഎന്‍എഫ്‌സിസിയുടെ കീഴിൽ ഒരു ഏജൻസിയെയാണ് കൊണ്ടുവരേണ്ടിയിരുന്നത്. അടുത്തവർഷം യുഎഇയിൽ നിശ്ചയിച്ചിരിക്കുന്ന സിഒപി 28, ആഗോള താപന വർധന ഒന്നര ഡിഗ്രിയിൽ പിടിച്ചു നിർത്തണമെന്ന പാരീസ് ഉടമ്പടി ആവർത്തിച്ചു പിരിയില്ല എന്ന് പ്രതീക്ഷിക്കാം. മലിനീകരണത്തിന്റെ പ്രധാന കക്ഷികളായ കോള കമ്പനിയും ജനറൽ മോട്ടോഴ്സും സിഒപി 27 ന്റെ സ്പോൺസർമാരായതു തന്നെ വിരോധാഭാസമാണ്. ആഗോളതാപനം നിയന്ത്രിക്കാതെ മനുഷ്യന് ഇനി മുന്നോട്ടു പോകാനാകില്ല. സിഒപി 27 ൽ യുഎൻ ജനറൽ സെക്രട്ടറി ആന്റോണിയ ഗുട്ടറസ് പറഞ്ഞത് ‘എല്ലാ മനുഷ്യരും സഹകരിക്കുക, അല്ലെങ്കിൽ മരിക്കുക’ എന്നാണ്. സിഒപി ഉച്ചകോടികളുടെ തീരുമാനങ്ങൾ എങ്ങനെ പ്രവർത്തിപഥത്തിലാക്കുമെന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി ഇനിയും തുടരുകയാണെങ്കിൽ ആഗോളതാപനം അപകട മേഖലയിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കും. ഭൂമിയിലെ ചൂട് അനുദിനം വർധിക്കും. ചില സ്ഥലങ്ങളിൽ ചുഴലിക്കാറ്റും, ചിലയിടങ്ങളിൽ അതിവൃഷ്ടിയും, അനാവൃഷ്ടിയും വെള്ളപ്പൊക്കവും ഉണ്ടാകും. കാർബൺ ബഹിർഗമനം കുറയ്ക്കുവാനുള്ള നൂതനസാങ്കേതിക വിദ്യകൾ ഗവേഷണത്തിലൂടെ ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഊർജ ഉപയോഗം കുറച്ചാൽ വ്യവസായ ഉല്പാദനവും വളർച്ചയും കുറയും. വികസനം നിലയ്ക്കാതെ തന്നെ നമുക്കു വളരണം. ഭൂമിക്ക് നിലനിൽക്കുകയും വേണം എന്ന കാഴ്ചപ്പാടിലൂടെ വേണം ഈ വിഷയത്തെ സമീപിക്കാന്‍.
(പരിസ്ഥിതി പ്രവർത്തകനാണ് ലേഖകൻ)
English Sammury: The 27th Climate Summit of the Conference of Parties (COP) was held at the Sharm Al Sheikh Convention Center in Egypt until the 19th of this month, with the goals of reducing greenhouse gas emissions and combating climate change.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.