സർക്കാർ, സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക 4 കിലോ അരി വീതം വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന 26 ലക്ഷം കുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഏകദേശം 17,313 മെട്രിക് ടൺ അരിയാണ് ഇതിനുവേണ്ടി വിതരണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. പി എം പോഷൺ പദ്ധതി ഒരു കേന്ദ്രാവിഷ്കൃത പദ്ധതി ആണെങ്കിലും കേരളം വളരെ പ്രതീക്ഷയോടെയും ഊർജത്തോടെയുമാണ് നടപ്പിലാക്കുന്നത്.
വിദ്യാർഥികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ള കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെ ഓരോ വർഷവും ഇതിന് വിഹിതം അനുവദിക്കുന്നുണ്ട്.2016‑ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ഉച്ചഭക്ഷണ പദ്ധതി എത്രത്തോളം മെച്ചപ്പെട്ടിരിക്കുന്നു എന്നത് ഇന്നത്തെ കേരളം മുഴുവൻ കാണുന്ന വിജയം തന്നെയാണ്. അച്ചാറോ രസമോ മാത്രം ഉച്ചഭക്ഷണത്തോടൊപ്പം നൽകുന്നതിന്റെ കാലം കടന്നുപോയി. പയർവർഗ്ഗങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തി പോഷകമൂല്യം ഉറപ്പാക്കിയ ഉച്ചഭക്ഷണ മെനുവാണ് ഇന്ന് കുട്ടികൾക്ക് ലഭ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു.ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിനായി NABL അംഗീകൃത ലാബുകളിൽ പരിശോധന സംവിധാനം നടപ്പാക്കിയിട്ടുണ്ട്. കൂടാതെ, 2200 സ്കൂളുകളിൽ പ്രഭാതഭക്ഷണവും നടപ്പിലാക്കിയിട്ടുണ്ട്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി നേട്ടങ്ങൾ നടപ്പിലാക്കാൻ കേരളത്തിന് കഴിഞ്ഞു.
9666 സ്‌കൂളുകളിൽ അടുക്കള തോട്ടങ്ങൾ ഒരുക്കി. പാചകത്തിനായി ഗ്യാസ് കണക്ഷനുകൾ ഉൾപ്പെടുത്തിയതോടെ കൂടുതൽ ശുചിത്വമുള്ള പാചകശാലകൾ ഉറപ്പാക്കി. ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് പരിശീലനവും, ഓണറേറിയം വർധനയും, അവധിക്കാലത്തിൽ പ്രതിമാസ ധനസഹായവും ലഭ്യമാക്കിയതായും മന്ത്രി അറിയിച്ചു.ഉച്ചഭക്ഷണ പദ്ധതിയുടെ സാമൂഹ്യ ഓഡിറ്റ് ആരംഭിച്ചു. സംസ്ഥാനതലത്തിൽ ആദ്യമായി പാചകതൊഴിലാളികളുടെ പാചക മത്സരം നടത്തി. പുതിയ മെനു പരിഷ്കരണത്തിന് അടിസ്ഥാനം വയ്ക്കുന്ന പഠന സമിതിയും രൂപീകരിച്ചു. ഇതെല്ലാം ചേർന്ന്, കേരളത്തിലെ സ്‌കൂൾ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് സഹായകമായതിനൊപ്പം, പോഷക ഭക്ഷണത്തിന്‍റെ സാധ്യതകൾ സമൂഹം മുഴുവൻ ചർച്ച ചെയ്യേണ്ടതാണ് എന്ന സന്ദേശമാണ് നാം നൽകുന്നത്.ഉച്ചഭക്ഷണ പദ്ധതി കേരളത്തിൽ പുതുമയുടെ വഴിയിലൂടെയാണ് നടത്തപ്പെടുന്നത്.
വിദ്യാർഥികളുടെ ആരോഗ്യം ഒരു നാടിന്റെ ഭാവിയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ഈ പദ്ധതി ബാലസൗഹൃദവും ആരോഗ്യപരവുമായ ഒന്നാണെന്നു മനസ്സിലാക്കി അതിന്റെ കരുത്ത് വർദ്ധിപ്പിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം. ഈ മഹത്തായ പദ്ധതി വിജയകരമായി നടപ്പിലാക്കുന്ന അധ്യാപകർക്കും പാചക തൊഴിലാളികൾക്കും സ്‌കൂൾ ഭരണസമിതികൾക്കും മാതാപിതാക്കൾക്കും എല്ലാ ഉദ്യോഗസ്ഥർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.