
മഹാരാഷ്ട്രയില്‍ മഹായുതി സര്‍ക്കാരിനെതിരെ വന്‍ അഴിമതി ആരോപണം. സിറ്റി ആന്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ (സിഡ്കോ) 15 ഏക്കര്‍ ഭൂമി സ്വകാര്യ കുടുംബത്തിന് ശിവസേന എക്‌നാഥ് ഷിന്‍ഡെ വിഭാഗം മന്ത്രി സഞ്ജയ് ഷിര്‍സാത്ത് അനുവദിച്ചതായാണ് പരാതി.
വര്‍ഷങ്ങളായി ബിവല്‍ക്കര്‍ കുടുംബം അനധികൃതമായി കയ്യേറിയ 5000 കോടി രൂപ ആസ്തിയുള്ള ഭൂമിയാണ് സിഡ്കോ ചെയര്‍മാന്‍ കൂടിയായ സാമൂഹിക നീതി മന്ത്രി സഞ്ജയ് പതിച്ചുനല്‍കിയത്. ദരിദ്രര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി നീക്കി വച്ച ഭൂമി ഇതോടെ ബിവല്‍ക്കര്‍ കുടുംബത്തിന് സ്വന്തമായി.
നിയമങ്ങള്‍ ലംഘിച്ചാണ് മന്ത്രിയുടെ നേതൃത്വത്തില്‍ ഭൂമി കൈമാറിയിരിക്കുന്നതെന്ന് എന്‍സിപി എംഎല്‍എ രോഹിത് പവാര്‍ ആരോപിച്ചു. നവി മുംബൈയിലെ കണ്ണായ പ്രദേശത്തെ ഭൂമിയാണിത്, കോടതി വ്യവഹാരത്തില്‍ തുടരുന്ന ഭൂമി ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് മന്ത്രി ആരോപണവിധേയമായ കുടുംബത്തിന് കൈമാറിയിരിക്കുകയാണ്.
2014ല്‍ ബോംബെ ഹൈക്കോടതി ബിവൽക്കർ കുടുംബത്തിന്റെ ഉടമസ്ഥാവകാശം അംഗീകരിക്കുകയും നഷ്ടപരിഹാരം നൽകാൻ സിഡ്കോയോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ സുപ്രീം കോടതി ഹൈക്കോടതി തീരുമാനം റദ്ദാക്കുകയും ഭൂമി സിഡ്കോയില്‍ നിലനിര്‍ത്താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
2024ല്‍ സിഡ്കോ ചെയര്‍മാനായി ഷിര്‍സാത്ത് എത്തിയതിന് പിന്നാലെയാണ് ഭൂമി കുടുംബത്തിന് കൈമാറാന്‍ നീക്കം ആരംഭിച്ചത്. 1816ല്‍ കൊളാബ സംസ്ഥാനം നിയന്ത്രിച്ചിരുന്ന ബിവല്‍ക്കര്‍ വംശജനായ രഘുജി ആംഗ്രെക്ക് 4,000 ഏക്കർ ഭൂമി ബ്രിട്ടീഷുകാര്‍ പതിച്ചു നല്‍കിയിരുന്നു. മറാത്ത സാമ്രാജ്യത്തിനെതിരെ ബ്രിട്ടീഷുകാരെ സഹായിച്ചതിനാണ് കുടുംബത്തിന് ഭൂമി പതിച്ച് നല്‍കിയതെന്ന് രേഖകളില്‍ പറയുന്നുണ്ട്. ഈ ഭൂമിക്കായി ബിവല്‍ക്കര്‍ കുടുംബം വര്‍ഷങ്ങളായി നിയമപോരാട്ടം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് സിഡ്കോയുടെ പക്കല്‍ ഭൂമി എത്തിച്ചേര്‍ന്നത്.
ഇടപാടിന് പിന്നില്‍ ചരട് വലി നടത്തിയത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത് ആരോപിച്ചു. കഴിഞ്ഞ മാസം സഞ്ജയ് ഷിര്‍സത് കട്ടിലിൽ ഇരുന്ന് പുകവലിക്കുന്നതിന്റെയും സമീപത്ത് കറൻസി നിറച്ച ഒരു ബാഗ് കിടക്കുന്നതിന്റെയും വീഡിയോ പ്രചരിച്ചതിന് പിന്നാലെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.