16 April 2024, Tuesday

Related news

January 17, 2024
January 6, 2024
December 12, 2023
July 7, 2023
July 6, 2023
July 3, 2023
July 2, 2023
May 30, 2023
March 16, 2023
February 19, 2023

സൂഫി ദര്‍ഗ ഹിന്ദുക്ഷേത്രമാണെന്ന് ഏകനാഥ് ഷിന്‍ഡെ

Janayugom Webdesk
മുംബൈ
January 6, 2024 11:35 pm

മഹാരാഷ്ട്രയിലെ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ച് നിയന്ത്രിക്കുന്ന സൂഫി ദര്‍ഗ ഹിന്ദുക്ഷേത്രമാണെന്നും അത് മോചിപ്പിക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ. പതിറ്റാണ്ടുകള്‍ പഴക്കമുള്ള തര്‍ക്കവിഷയത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ഷിന്‍ഡെയുടെ പരാമര്‍ശം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണിലാണ് സൂഫി ദര്‍ഗ സ്ഥിതി ചെയ്യുന്നത്. ശിവസേന നേതാവ് ആനന്ദ് ദിഗെയാണ് ദര്‍ഗ മോചിപ്പിക്കണമെന്നുള്ള പ്രചാരണത്തിന് തുടക്കമിട്ടത്. ഷിന്‍ഡെയുടെയും ശിവസേനയുടെയും രാഷ്ട്രീയ ഉപദേഷ്ടാവാണ് ആനന്ദ് ദിഗെ. എഡി പന്ത്രണ്ടാം നൂറ്റാണ്ടില്‍ പശ്ചിമേഷ്യയില്‍ നിന്ന് ഇന്ത്യയിലെത്തിയ സൂഫി സന്യാസിയായ ബാബ അബ്ദുര്‍ റഹ്‌മാന് വേണ്ടി സമര്‍പ്പിച്ചതാണ് ഹാജി മലംഗ് ദര്‍ഗ.

ഏഴാം നൂറ്റാണ്ടില്‍ മൗര്യ രാജവംശത്തിലെ നളദേവ് രാജാവാണ് ഈ ദര്‍ഗ പണികഴിപ്പിച്ചത്. നളദേവ് രാജാവ് മകളെ സൂഫി സന്യാസിക്ക് വിവാഹം കഴിച്ചു നല്‍കിയെന്ന് ചില ചരിത്രകാരന്മാര്‍ അവകാശപ്പെട്ടിട്ടുണ്ട്. 17-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ കീഴടക്കുന്നതിന് മുമ്പ് ഇത് മറാഠകളുടെ കൈകളിലായിരുന്നു. ബാബ അബ്ദുര്‍ റഹ്‌മാന്റെ അന്ത്യവിശ്രമസ്ഥലമായി മുസ്ലിം വിശ്വാസികള്‍ ദര്‍ഗയെ കാണുമ്പോള്‍ മചീന്ദ്രനാഥ് സമാധിയായ സ്ഥലമാണിതെന്നാണ് ഹൈന്ദവ വിശ്വാസം. ഉത്സവങ്ങളില്‍ ഇരു സമുദായങ്ങളും അവരവരുടെ ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ ദര്‍ഗയില്‍ ഒത്തുകൂടും. ഇതില്‍ നിന്നുമാണ് ആരാധനാലയത്തിന്റെ പേരില്‍ തര്‍ക്കം ഉടലെടുത്തത്.

ദര്‍ഗ ഹിന്ദുക്ഷേത്രമാക്കണമെന്ന് നേരത്തെ തന്നെ ശിവസേന ആവശ്യമുന്നയിച്ചിരുന്നു. 1996ല്‍ ആനന്ദ് ദിഗെയുടെ നേതൃത്വത്തില്‍, പാര്‍ട്ടി തലവന്‍ ബാല്‍ താക്കറെയുടെ പിന്തുണയോടെ ദര്‍ഗയുടെ പേര് ഹാജി മലംഗില്‍ നിന്ന് മലാംഗഡ് എന്നാക്കി മാറ്റുകയും ചെയ്തിരുന്നു. ഇതാദ്യമായല്ല ഏക്‌നാഥ് ഷിന്‍ഡെ ദര്‍ഗയ്ക്ക് മേല്‍ അവകാശവാദം ഉന്നയിക്കുന്നത്. 2023 ഫെബ്രുവരിയില്‍ ദര്‍ഗയില്‍ പ്രവേശിച്ച ഷിന്‍ഡെ കുങ്കുമ നിറത്തിലുള്ള ഷാള്‍ സമര്‍പ്പിക്കുകയും തര്‍ക്ക ഭൂമിയില്‍ ‘ആരതി’ നടത്തുകയും ചെയ്യുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

ദര്‍ഗയുമായി ബന്ധപ്പെട്ട് 1968ല്‍ സുപ്രീം കോടതിയിലെത്തിയ കേസ് പ്രകാരം രേഖകളില്‍ ഈ സ്ഥലത്ത് ഹാജി അബ്ദുള്‍ റഹ്‌മാന്റെ ശവകുടീരം ഉണ്ടെന്നും മചീന്ദ്രനാഥിന്റെ ശവകുടീരത്തെക്കുറിച്ച് പരാമര്‍ശമില്ലെന്നും തെളിയിക്കുന്നു. ദര്‍ഗയുടെ പരിസരത്ത് ക്ഷേത്രം ഉണ്ടായിരുന്നില്ലെന്ന് ഹാജി മലംഗ് ദര്‍ഗ ട്രസ്റ്റ് ചെയര്‍മാന്‍ നസീര്‍ ഖാന്‍ പറഞ്ഞു. ഇത് തെളിയിക്കുന്ന പേഷ്വാ കാലഘട്ടത്തിലെ സര്‍വേ നമ്പറുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:Eknath Shinde says Sufi Dar­gah is a Hin­du temple
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.