21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

September 4, 2024
October 22, 2023
August 12, 2023
August 2, 2023
May 30, 2023
May 21, 2023
May 18, 2023
May 3, 2023
May 2, 2023
April 24, 2023

ദാമ്പത്യ ജീവിതം മനോഹരം ആക്കാന്‍ 7 നിയമങ്ങള്‍

നിതിൻ എ എഫ്
December 12, 2022 5:27 pm

വ്യതസ്ത സാഹചര്യങ്ങളില്‍ വളരുന്ന രണ്ട് വ്യക്തികള്‍ ഒരുമിച്ച് ഒരേ സാഹചര്യത്തില്‍ ജീവിക്കാന്‍ ആരംഭിക്കുമ്പോള്‍ പല പ്രശ്‌നങ്ങളും ഉണ്ടാകുന്നതായി കാണാം. ഈ വ്യത്യസ്തതകളുടെയും പ്രശ്‌നങ്ങളുടെയും നടുവില്‍ അവര്‍ ഒന്നിച്ച് ജീവിതം മുന്നോട്ടേക്ക് കൊണ്ടുപോകേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം ദാമ്പത്തിക ബന്ധത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ആ വ്യക്തികളെ മാത്രമല്ല ബാധിക്കുന്നത്, മറ്റ് അടുത്ത ബന്ധങ്ങളെയും പ്രത്യേകിച്ച് അടുത്ത തലമുറയെയും ബാധിക്കുന്നതായി കാണാം. ഈ ലോകം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനും ക്രിയാത്മകമായ ഒരു സമൂഹത്തിനും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന കുടുബ ബന്ധങ്ങള്‍ അനിവാര്യ ഘടകമാണ്. ആയതിനാല്‍ നല്ല ദാമ്പത്തിക ബന്ധത്തിനു വേണ്ടുന്ന ഏഴ് നിയമങ്ങള്‍ വിവരിക്കാം.

1. ആശയവിനിമയം (Com­mu­ni­ca­tion)

ഫലപ്രദമായ ആശയവിനിമയത്തിലുള്ള കുറവാണ് ദാമ്പത്യ പ്രശ്‌നങ്ങളുടെ തുടക്കമായി പല കുടുംബങ്ങളിലും കാണുന്നത്. ആശയവിനിമയത്തിനു വേണ്ടി മാത്രം ദിവസവും ഒരു മണിക്കൂര്‍ സമയം മാറ്റിവയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എല്ലാകാര്യങ്ങളും മനസ്സുതുറന്നു സംസാരിക്കുന്നതിനും ജീവിതപങ്കാളിയുടെ കാര്യങ്ങളും വിശേഷങ്ങളും കേള്‍ക്കുന്നതിനും ആത്മാര്‍ഥമായി ശ്രമിക്കുക. അതില്‍ കേള്‍ക്കുന്ന ആള്‍ വളരെ ഉത്സാഹത്തോടും സജീവമായും ഇരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പറയുന്ന ഓരോ കാര്യങ്ങളും വളരെ ശ്രദ്ധയോടെ കേള്‍ക്കുകയും മറുപടി പറയുകയും ചെയ്യുക. ഇമോഷണല്‍ വാലിഡേഷന്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. അതായത് പറയുന്ന ആള്‍ ഏത് വികാരത്തിലും മാനസിക അവസ്ഥയിലുമാണ് പറയുന്നത് എന്ന് കേള്‍ക്കുന്ന ആള്‍ മനസ്സിലാക്കി വളരെ പ്രാധാന്യത്തോടും സീരിയസ് ആയും ഇരിക്കുക. ചിലപ്പോള്‍ കേള്‍ക്കുന്ന ആള്‍ക്ക് വളരെ നിസാരം എന്ന് തോന്നുന്ന ചില കാര്യങ്ങള്‍ ആയിരിക്കും പറയുന്നത് , എന്നിരുന്നാലും നിസ്സാരമായി കാണാതെ ആ കാര്യത്തെ വളരെ അനുഭാവപൂര്‍വ്വം പരിഗണിക്കുക.

സ്ത്രീകള്‍ പോതുവേ കൂടുതല്‍ ആയി സംസാരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. കൂടാതെ വളരെ വിശദമായി കേള്‍ക്കാനും ആഗ്രഹിക്കുന്നു. ഒരു കണക്ക് പറയുന്നത് ശരാശരി ഒരു ദിവസം സ്ത്രീകള്‍ ഇരുപത്തിഅയ്യായിരം വാക്കുകള്‍ സംസാരിക്കുമ്പോള്‍ പുരുഷന്മാര്‍ പതിനായിരം വാക്കുകള്‍ സംസാരിക്കും എന്നാണ്. ആയതിനാല്‍ പുരുഷന്മാര്‍ ആ വ്യത്യാസം തിരിച്ചറിഞ്ഞു കൂടുതല്‍ സമയം ഭാര്യയുമായി സംസാരിക്കുന്നതിനു സമയവും സന്ദര്‍ഭവും കണ്ടെത്തുക.
എപ്പൊഴും ആശയവിനിമയത്തില്‍ ഉണ്ടായിരിക്കേണ്ട മൂന്ന് കാര്യങ്ങള്‍ ആണ് സത്യസന്ധത, വിശ്വസ്ഥത, ആത്മാര്‍ത്ഥത മുതലായവ. ഏത് സാഹചര്യമായാലും പൂര്‍ണ്ണമായും സത്യസന്ധത വളരെ അത്യാവശ്യമാണ്. ചില സത്യങ്ങള്‍ പറയുമ്പോള്‍ താത്കാലികമായി ചില നഷ്ടങ്ങളോ വേദനകളോ പരാജയങ്ങളോ ഉണ്ടായാലും ആത്യന്തികമായി സത്യം പറയുന്നത് തന്നെയാണ് നല്ലത്.

2. അടുപ്പം (Inti­ma­cy)
ആശയവിനിമയത്തിന്റെ അടുത്ത ഒരു ഘട്ടമാണ് ഇന്റിമസി. ഇന്റിമസി എന്താണെന്ന് മനസ്സിലാക്കാന്‍ ഒരു സന്ദര്‍ഭം വിവരിക്കാം. നമ്മള്‍ ഒരു അപരിചിതനെ പരിചയപെട്ടു എന്ന് വക്കുക. ആദ്യം നമ്മള്‍ പേര് ചോദിക്കും പിന്നെ കാണുമ്പോള്‍ വീടിനെപ്പറ്റി ചോദിക്കും പിന്നെ വീട്ടില്‍ ആരൊക്കെയുണ്ടെന്ന് ചോദിക്കും അങ്ങനെ ആ ബന്ധം വളരെ ആഴങ്ങളിലേക്ക് വളരും. ഇതില്‍ എപ്പോഴാണ് തമ്മില്‍ ഒരു അടുപ്പം അഥവാ ഇന്റിമസി തോന്നുക എന്നുവച്ചാല്‍ തമ്മില്‍ വ്യക്തിപരമായ കാര്യങ്ങളും രഹസ്യങ്ങളും പരസ്പരം പറയുമ്പോള്‍ മാത്രമാണ്. ദാമ്പത്യ ബന്ധത്തില്‍ അത്തരം ഒരു അടുപ്പം ഉണ്ടാക്കി എടുക്കുമ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് പരസ്പരം മാനസിക അവസ്ഥകള്‍ മനസ്സിലാക്കി എടുക്കാനും വളരെ ആഴത്തിലുള്ള ബന്ധം നിലനിര്‍ത്തുന്നതിനും സാധിക്കും.

3. സമര്‍പ്പണം (Com­mit­ment)
വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് ചുരുങ്ങിയ കാലത്തേക്ക് അല്ല. വളരെ നീണ്ട ഒരു കാലഘട്ടത്തിലേക്കുള്ള ജീവിതമാണ് വിവാഹം പ്രതിനിധാനം ചെയ്യുന്നത്. നല്ലതാണെങ്കിലും ബുദ്ധിമുട്ടാണെങ്കിലും ആത്മാര്‍ത്ഥമായി ബന്ധം തുടരുന്നതിനു വേണ്ടിയുള്ള ബോധപൂര്‍വ്വമായുള്ള തീരുമാനം ആണ് കമ്മിറ്റ്‌മെന്റ്. നമുക്ക് നല്ല ഭാര്യയോ നല്ല ഭര്‍ത്താവോ ലഭിക്കുന്നതില്‍ അല്ല. നേരെമറിച്ച് നമുക്ക് എങ്ങനെ ഒരു നല്ല ഭര്‍ത്താവോ ഭാര്യയോ ആവാന്‍ സാധിക്കുന്നു എന്നുള്ളതാണ് ജീവിതത്തില്‍ സംതൃപ്തി ഉണ്ടാക്കുന്നത്. അല്ലാതെ നമുക്ക് ഏറ്റവും നല്ല ഭാര്യയെയോ ഭര്‍ത്താവിനെയൊ ലഭിക്കുന്നതല്ല ജീവിതത്തില്‍ സംതൃപ്തി ഉണ്ടാക്കുന്നത്. ആയതിനാല്‍ ദമ്പത്യ ജീവിതത്തില്‍ കമ്മിറ്റ്‌മെന്റ് വളരെ അത്യാവശ്യമാണ്.

4. ഡിജിറ്റല്‍ മിനിമലിസം (Dig­i­tal Minimalism)
ഓണ്‍ലൈന്‍ കണക്റ്റിവിറ്റിയും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ ഉപയോഗമെല്ലാം ഏറ്റവും കൂടിയ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇവക്ക് അത്യാവശ്യം ചില ഉപയോഗങ്ങള്‍ ഉണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍ ഇവയെല്ലാം ഇന്ന് കുടുംബ ജീവിതത്തില്‍ ചിലവഴിക്കേണ്ട അര്‍ത്ഥവത്തായ സമയത്തെ നശിപ്പിച്ചു കളയുന്നു. ആയതിനാല്‍ ഏറ്റവും വലിയ മുന്‍ഗണന ദാമ്പത്യ ജീവിതത്തിനു നല്‍കുകയും വളരെ ചുരുക്കമായി അത്യാവശ്യത്തിനു മാത്രം ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം ക്രമീകരിക്കുകയും ചെയ്യുന്നതിനെയാണ് ഡിജിറ്റല്‍ മിനിമലിസം എന്ന് ആശയം മുന്നോട്ടു വയ്ക്കുന്നത്.

5. 50% സമയം ദിവസവും പങ്കാളിയോട് ഒരുമിച്ചു ചിലവഴിക്കുക

ഈ കാലഘട്ടത്തില്‍ ധാരാളം ജീവിതപങ്കാളികളും ജോലിസംബന്ധമായോ മറ്റു സമാന കാരണങ്ങളാലോ അകന്നു കഴിയുന്നത് കാണാന്‍ കഴിയും. എന്നാല്‍ ദാമ്പത്യ ജീവിതത്തിന്റെ അര്‍ത്ഥവും ഉദ്ദേശവും മുന്‍നിര്‍ത്തി ചിന്തിക്കുമ്പോള്‍ ഇത് ഒരു ആരോഗ്യകരമായ പ്രവണതയല്ല. ഒരു ഫലപ്രദമായ ദാമ്പത്യ ജീവിതത്തിനു ദിവസവും 50% സമയം ജീവിത പങ്കാളിയുമൊത്തു ചിലവഴിക്കേണ്ടത് അത്യാവശ്യമാണ്.

6. വീട്ടുജോലിയില്‍ പങ്കാളിയാവുക

ഇപ്പോള്‍ വീട്ടുജോലികള്‍ കൂടുതലായി ഒന്നുകില്‍ പുറത്തുകൊടുത്തു ചെയ്യിപ്പിക്കുകയോ വേലക്കാരെ വയ്ക്കുകയോ ആണ് ചെയ്യുന്നത്. അതും അല്ലങ്കില്‍ ഓണ്‍ലൈനില്‍ വാങ്ങുകയോ ചെയ്യും. ഇതൊക്കെ ജീവിതത്തിന്റെ അര്‍ത്ഥം നശിപ്പിക്കുന്നവയാണ്. ഒരു വീട്ടില്‍ അവരവര്‍ ചെയ്യേണ്ട ജോലികള്‍ സ്വയം തിരിച്ചറിഞ്ഞു ആത്മാര്‍ത്ഥമായും ഉത്സാഹത്തോടും ചെയ്യുമ്പോള്‍ കിട്ടുന്ന സംതൃപ്തി വേറെ ഒരിടത്തു നിന്നും ലഭിക്കില്ല. ഇംഗ്ലീഷില്‍ വീടിനെ ഹൗസ് എന്നും ഹോം എന്നും രണ്ട് വ്യത്യസ്ത വാക്കുകള്‍ കാണാം. ഒരു ഹൗസിനെ ഹോം ആക്കിമാറ്റുന്നത് ആ വീട്ടിലെ വ്യക്തികള്‍ അവരവരുടെ ഉത്തരവാദിത്തങ്ങളും കര്‍ത്തവ്യങ്ങളും സ്വയം അറിഞ്ഞു നിറവേറ്റുമ്പോഴാണ്. കുടുംബത്തിനുവേണ്ടിയാണ് ജോലിക്കുപോകുന്നത് എന്നുള്ള വസ്തുതയും പ്രാധന്യവും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുക. അല്ലാതെ കരിയറിനു വേണ്ടിയല്ല കുടുംബത്തിലേക്ക് ചെല്ലുന്നത്. ഈ സമീപനം കുടുംബത്തിനും കരിയറിനും നല്ല ഗുണം ചെയ്യും.

7. സാമ്പത്തിക ക്രമീകരണം (50/20/20/10 Rule of Budgeting)

വരവുചെലവ് കണക്കുകള്‍ ശ്രദ്ധിക്കാത്തതുകൊണ്ട് പല കുടുംബങ്ങളും തകര്‍ന്നതായിട്ട് കാണാന്‍ കഴിയും. ആയതിനാല്‍ വളരെ ക്രമീകൃതമായി സമ്പത്തു വിനിയോഗിക്കേണ്ടതാണ്. അതിനുള്ള ഒരു നിയമമാണ് 50/20/20/10 റൂള്‍ ഓഫ് ബഡ്‌ജെറ്റിംഗ്. നമ്മുടെ ആകെ വരുമാനത്തിന്റെ 50% അടിസ്ഥാനപരമായ ദൈനംദിന ആവശ്യങ്ങള്‍ക്ക് (needs) വേണ്ടി ചിലവാക്കുക. 20% ഉല്ലാസത്തിനും വിനോദത്തിനും ചിലവാക്കുക. അടുത്ത 20% നിക്ഷേപങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുക. ബാക്കി വരുന്ന 10% ചാരിറ്റബിള്‍ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുക. അപ്പോള്‍ ജീവിതം കുറേക്കൂടി ക്രിയാത്മകമായി മാറുന്നതായി അനുഭവിക്കാന്‍ സാധിക്കും. ഒരിക്കലും നമ്മുടെ അയല്‍ക്കാരുമായോ ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ നമ്മളെ താരതമ്യം ചെയ്യരുത്. മറ്റുള്ളവരെക്കാള്‍ ഭൗതികമായി വലിയ വീട് വയ്ക്കണം അങ്ങനെയുള്ള അനാരോഗ്യകരമായ ചിന്തകള്‍ ജീവിതത്തെ നിരാശയില്‍ കൊണ്ടുചെന്ന് എത്തിക്കും. പകരം നമ്മുടെ ഇന്നലകളുമായി താരതമ്യം ചെയ്ത് അതിനേക്കാള്‍ ഉയരാന്‍ ശ്രമിക്കുക.
ഈ നിയമങ്ങള്‍ നിങ്ങളുടെ ദാമ്പത്തിക ജീവിതത്തില്‍ നടപ്പിലാക്കി നോക്കുക. നിങ്ങള്‍ക്ക് എല്ലവര്‍ക്കും മനോഹരമായ അര്‍ത്ഥവത്തായ ലക്ഷ്യബോധമുള്ള ഒരു ദാമ്പത്യ ജീവിതം ആശംസിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

നിതിൻ എ എഫ്
കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്
SUT ഹോസ്പിറ്റൽ, പട്ടം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.