രണ്ടര മാസത്തിനിടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം മേഖലയിലെ 13,137 സംരംഭങ്ങൾ രജിസ്റ്റർ ചെയ്തതോടെ ഈ സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം എംഎസ്എംഇകൾ എന്ന ലക്ഷ്യത്തിലേക്ക് കേരളം അതിവേഗം എത്തിച്ചേരുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
കേരളത്തിലെ എംഎസ്എസ്ഇകൾക്ക് രാജ്യവ്യാപക വിപണി ഉറപ്പാക്കാൻ സംസ്ഥാന വ്യവസായ‑വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ത്രിദിന പ്രദർശനമേളയായ വ്യാപാർ 2022 കൊച്ചി ജവഹർലാർ നെഹ്രു രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എംഎസ്എംഇകളിലൂടെ ഇതുവരെ 982.73 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരാനും 30, 698 പേർക്ക് തൊഴിൽ നൽകാനുമായെന്ന് മന്ത്രി പറഞ്ഞു. എംഎസ്എംഇകളെ ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തരശ്രമങ്ങളുടെ ഭാഗമായി പഞ്ചായത്ത് തലത്തിൽ 1,155 ഇന്റേണുകളെ റിക്രൂട്ട് ചെയ്തു. സംസ്ഥാനം അടുത്തിടെ പാസ്സാക്കിയ രണ്ട് നിയമങ്ങൾ കേരളത്തിൽ എംഎസ്എംഇകൾ ആരംഭിക്കുന്നത് വേഗത്തിലാക്കിയതായും മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തെ ഒരു പ്രധാന വ്യാവസായിക ലക്ഷ്യസ്ഥാനമായി ഉയർത്തിക്കാട്ടുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പരിശ്രമങ്ങൾക്ക് ഊർജ്ജം നൽകാൻ മേളയ്ക്ക് സാധിക്കും. കൊച്ചി കാക്കനാട്ട് ഒരു സ്ഥിരം എക്സിബിഷൻ‑കം-കൺവെൻഷൻ സെൻറർ കിൻഫ്ര ഒരുക്കുകയാണ്.
2023 ഒക്ടോബറിൽ പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി പ്രാവർത്തികമാകുന്നതോടെ എല്ലാ വർഷവും ബിസിനസ് മീറ്റുകൾ സംഘടിപ്പിക്കാനാകും. വെവ്വേറെ മേഖല തിരിച്ചുകൊണ്ടുള്ള ബിടുബി മീറ്റിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഇത് സംസ്ഥാനത്തെ നിക്ഷേപസൗഹൃദ അന്തരീക്ഷവും തൊഴിൽസാധ്യതയും വളർത്താൻ ഉപകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ വ്യാപാർ ബയർ സെല്ലർ ഡയറക്ടറിയുടെ പ്രകാശനം മന്ത്രി നിർവ്വഹിച്ചു. സംസ്ഥാനത്ത് കൂടുതൽ നിക്ഷേപവും തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ വ്യാപാർ സഹായിക്കുമെന്നും ബിസിനസ് പങ്കാളികളുടെ മികച്ച സമീപനത്തിലൂടെ കേരളത്തിലെ എംഎസ്എംഇ മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിയുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം ബയർമാരും മൂന്നൂറിലധികം എംഎസ്എംഇ പ്രമോട്ടർമാരും ഭാഗമാകുന്ന ത്രിദിന ബിടുബിയിൽ പതിനായിരത്തോളം ബിസിനസ് കൂടിക്കാഴ്ചകൾ നടക്കും. ആമസോൺ, ഫ്ളിപ്പ്കാർട്ട് ഉൾപ്പെടെയുള്ള ആഗോള വാണിജ്യ സ്ഥാപന പ്രതിനിധികളും റയിൽവേ-പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ബിടുബി മീറ്റിൽ പങ്കെടുക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ പൊതുജനങ്ങൾക്ക് എക്സിബിഷനിൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
English summary;982 crore investment through small enterprises; Minister of Industry
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.